ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
മെഡിക്കൽ സയൻസിന്റെ നൂതന കണ്ടുപിടുത്തങ്ങൾക്ക് മനുഷ്യന്റെ ഭയവും ആകാംക്ഷയും അകറ്റുവാൻ കഴിഞ്ഞിട്ടില്ല.
ആട്ടിടയൻമാരോട് മാലാഖ പറഞ്ഞ വാക്കുകൾ മാത്രമാണ് ഭയാശങ്കകൾക്കും വിഷാദത്തിനുമുള്ള ആന്റിഡോട്ട് :
'ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. ലൂക്കോസ് 2:10-11
എങ്ങനെയാണ് ക്രിസ്തു നമ്മുടെ ഭയം അകറ്റുന്നത്?
പത്രോസ് ക്രിസ്തുവിനെ നോക്കി തിരകൾക്കുമീതെ നടന്നപ്പോൾ ഭയപ്പെട്ടില്ല. എന്നാൽ കടലിലേക്കും വൻതിരകളിലേക്കും നോക്കിയപ്പോൾ ഭയപ്പെട്ട്, മുങ്ങിപ്പോയി.
ലോകത്തിൽ വർധിച്ചുവരുന്ന രോഗങ്ങളും അധർമ്മങ്ങളും അക്രമങ്ങളും നമ്മെ ഭയപ്പെടുത്തുമ്പോൾ രക്ഷിതാവും വീണ്ടെടുപ്പുകാരനുമായ ക്രിസ്തുവിൽ മാത്രം മനസ്സുറപ്പിക്കണം. അപ്പോൾ സകല ഭയത്തെയും കീഴടക്കുന്ന സ്വർഗ്ഗീയ സമാധാനവും ശാന്തിയും നമ്മുടെ ഹൃദയങ്ങളിൽ നിറയും.
നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.
യോഹന്നാന് 16 : 33
പുതുവർഷത്തിലേക്ക് ചുവടുവെക്കുന്ന നമുക്കുള്ള കർത്താവിന്റെ ക്രിസ്സ്മസ് സാന്ത്വന സന്ദേശം: 'ഭയപ്പെടേണ്ട, ലോകാവസാനത്തോളം ഞാൻ നിങ്ങളോടു കൂടെയുണ്ട്' എന്നതായിരിക്കട്ടെ!
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.