കോവിഡ് വൈറസ് ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. പ്രതിസന്ധികളെപ്പറ്റിയുള്ള അമിതഭയം ടെൻഷനും ആകാംക്ഷയും നിസ്സഹായ ബോധവും വർദ്ധിപ്പിക്കുവാൻ കാരണമാകും. പ്രസിഡന്റ് റൂസ്വെൽറ്റ് ഒരിക്കൽ പറഞ്ഞു : നമ്മൾ ഭയപ്പെടേണ്ടത് നമ്മളിലെ ഭയത്തെ മാത്രമാണ്.
എല്ലാ ഭയങ്ങൾക്കുമുള്ള 'ആന്റി ഡോട്ട് ' ആണ് ദൈവശക്തി. ഇസ്രായേലിന്റെ ശത്രുക്കളെ ഭയന്നിരുന്ന, സാധാരണക്കാരനായ ഗിദയോന്റെ മേൽ യഹോവയുടെ ആത്മാവ് ഇറങ്ങിവന്നു. അപ്പോഴവൻ വീരനും ധീരനും ശക്തിശാലിയുമായി. ശത്രുക്കളെ മുഴുവൻ കീഴടക്കി ജയിക്കുവാനും യിസ്രായേൽ ജനതയെ നയിക്കുവാനും തക്കവണ്ണം ദൈവാത്മാവ് അവനെ ശക്തനാക്കി!
ജീവിത പ്രതിസന്ധികളിൽ നമ്മൾ ദൈവത്തോട് ചേർന്നു നിന്നാൽ ദൈവാത്മാവ് ധൈര്യവും അതിജീവന ശക്തിയും പ്രത്യാശയും പുതിയ ദർശനവും നൽകും. മനസ്സിനെ ക്രിസ്തുവിൽ ഉറപ്പിച്ചു നിർത്തും. ശക്തനാക്കുന്നവൻ മുഖാന്തരം ശക്തരാക്കപെടുമ്പോൾ ഈ ദുരന്ത മഹാമാരികളെയും നമ്മൾ അതിജീവിക്കും. ദൈവത്തിന് മഹത്വം!
'ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.' 2 തിമോത്തേയോസ് 1 : 7
'ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.' സങ്കീർത്തനങ്ങൾ 51:10
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ