നല്ല സുഹൃബന്ധം വലിയ നിധിയാണ്. ജീവിതത്തിന്റെ പേജുകൾ പിറകോട്ടു മറിക്കുമ്പോൾ ഹൃദയത്തിൽ കൂടുകൂട്ടിയ അനേകം സുഹൃത്തുക്കളുടെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞുവരുന്നു. സ്നേഹം വിളമ്പിയവർ, വീഴ്ചയിൽ പിന്മാറാതെ കൂടെനിന്നവർ, സാമ്പത്തികവും വൈകാരികവുമായ പിന്തുണ നൽകിയവർ, ബലഹീനതകൾക്കു നേരെ വിരൽചുണ്ടി തിരുത്തിയവർ, പ്രവാസജീവിതത്തിൽ കൈപിടിച്ചു നടത്തിയവർ, അനേകം വാതിലുകൾ അടക്കപ്പെട്ടപ്പോൾ ഹൃദയ വാതിൽ തുറന്നുതന്നവർ, ഉള്ളവും ഉള്ളതും പങ്കിട്ടവർ.... അങ്ങനെ വിസ്മയാനുഭവങ്ങളേറെ പകർന്നുതന്ന സുഹൃത്തുക്കൾ അനവധി, അനവധിയാണ്...
അവരെ എന്റെ ജീവിത പാതയിലേക്ക് പറഞ്ഞുവിട്ട ദൈവത്തിന് നന്ദി ! ഊഷ്മള ദൈവസ്നേഹത്തിന്റെ മധുരിക്കുന്ന സ്നിഗ്ദ്ധാനുഭവങ്ങളാണ് അവരെനിക്ക് പങ്കിട്ടുതന്നത്. അത് നൽകിയ ആഹ്ലാദലഹരിയുടെ പ്രതിധ്വനികളിപ്പോഴും മനസ്സിലുണ്ട്. മനസ്സേ, ആ ഫയലുകളൊന്നും മറവിയുടെ തട്ടിൻപുറത്തേക്ക് ഒരിക്കലും തട്ടിമാറ്റരുതേ, പ്ലീസ്!
ബാല്യത്തിലെയും കൗമാരത്തിലെയും സായാഹ്നത്തിലെയും എല്ലാ കളിക്കൂട്ടുകാർക്കും നന്ദി! ഗ്രേസ് സല്യൂട്ട്!
കൂടുവിട്ട് കൂടുതേടി മുൻപേ പറന്നുപോയ സഹപാടികൾക്ക് സ്നേഹ പ്രണാമം! ഗതകാല സ്മരണകളടെ മുന്തിരിത്തോപ്പിൽ ഉത്തമഗീതം പാടാൻ നമ്മൾ വീണ്ടും ഒരുനാൾ ഒത്തുചേരും. സ്നേഹത്തിന് മരണമില്ല സുഹൃത്തുക്കളെ!
'ചിലര്‍ സ്നേഹിതരെന്ന് നടിക്കും; ചില സ്നേഹിതർ സഹോദരനെക്കാള്‍ ഉറ്റവരാണ്.' സദൃശ്യവാക്യങ്ങള്‍ 18 : 24
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ