അനന്ത കൃപാ പെരുംനദി

'കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.
ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.'
ഏശയ്യാ 55 : 8-9

ദൈവത്തിന്റെ മനസ്സും ചിന്തകളും പൂർണമായി വിവേചിച്ചറിയാൻ ജഡമയൻമാരായ  നമുക്ക് കഴിയില്ല.
  നമ്മൾ സൃഷ്ടികളും ദൈവം സൃഷ്ടാവും ആണ്.  നമ്മൾ പരിമിതികളുള്ളവരും ദൈവം അപരിമിതനുമാണ്. ജീവിതത്തിലെ വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് നമ്മുടെ നിയന്ത്രണത്തിലുള്ളത്. എന്നാൽ ദൈവം സർവ്വാധികാരിയും പരമാധികാരിയും എല്ലാം നിയന്ത്രിക്കുന്നവനുമാണ്. നമ്മുടെ ശക്തി പരിമിതമാണ്, ദൈവം സർവശക്തനാണ്. നമ്മുടെ അറിവുകൾ നിയന്ത്രിതമാണ്‌. ദൈവം സർവ്വജ്ഞനാണ്‌, ജ്ഞാനത്തിന്റെ ഉറവിടമാണ്.  സമുന്നതനും സർവ്വാധികാരിയുമായ ദൈവത്തിന്റെ മുമ്പിൽ മനുഷ്യൻ എത്രയൊ നിസ്സാരനാണ്!

ദൈവത്തെപ്പറ്റി പലതും മനുഷ്യന് വെളിപ്പെടുത്തിതന്നിട്ടുണ്ട്. പക്ഷേ ആ വെളിപ്പെടുത്തലുകൾ അപൂർണ്ണമാണ്. അറിഞ്ഞതിനേക്കാൾ എത്രയോ അധികമാണ് ഇനിയും അറിയുവാനുള്ള ദിവ്യരഹസ്യങ്ങൾ. മനുഷ്യ ബുദ്ധിക്ക് ഉൾക്കൊള്ളുവാനും  ഗ്രഹിക്കുവാനും കഴിയുന്നതു മാത്രമേ ദൈവം തന്നെപ്പറ്റി മനുഷ്യന് വെളിപ്പെടുത്തിയിട്ടുള്ളൂ.  അതിനപ്പുറമുള്ള രഹസ്യങ്ങൾ പരിമിതമായ മനുഷ്യ ബുദ്ധിക്ക് ഉൾക്കൊള്ളാനാവില്ല.

പഞ്ചേന്ദ്രിയങ്ങൾക്കും ബുദ്ധിക്കും അതീതമായ ദൈവീക ഭാവങ്ങളെ പ്രതീകാത്മകമായിട്ടാണ് തിരുവചനം വെളിപ്പെടുത്തിയിട്ടുള്ളത് :
പാറ, ശൈലം, കോട്ട, ഉന്നത ഗോപുരം, പരിച തുടങ്ങിയ പ്രതീകാത്മകമായ  പദങ്ങൾക്ക്  ദൈവത്തിന്റെ വിസ്മയ ഭാവത്തെ ഒരിക്കലും പൂർണ്ണമായി വെളിപ്പെടുത്താനാവില്ല. വാക്കുകൾക്ക് അതീതനായ ദൈവത്തെ വിവരിക്കുവാൻ പരിമിതികളുള്ള വാക്കുകൾക്ക് മാത്രമേ നമ്മുക്കു മുന്നിലുള്ളൂ. അതുകൊണ്ട് ജഡിക മനസ്സ്  ദൈവത്തെപ്പറ്റി നമുക്ക് വെളിപ്പെടുത്തി തരുന്നത് അംശമായ ധാരണകൾ മാത്രമാണ്.  ജഡത്തിന്റെ പരിമിതികളെ അതിജീവിച്ച് ഉയർത്തെഴുന്നേറ്റ് ദൈവത്തെ മുഖാമുഖം കാണുമ്പോൾ ദൈവത്തിന്റെ വിസ്മയ ഭാവം പൂർണ്ണമായി നമുക്ക് കാണുവാൻ സാധിക്കും.

ദൈവത്തെ സ്വന്തം ചിന്തകളിലും വാക്കുകളിലും പ്രവർത്തികളിലും തിയോളജി ടെക്സ്റ്റ് ബുക്കുകളിലും പരിമിതപ്പെടുത്തുവാനുള്ള മനുഷ്യന്റെ വിഫലശ്രമം എത്രയോ കാലങ്ങളായി തുടരുന്നു. അവയിൽ പലതും അപൂർണവും വികലവും വഴിതെറ്റി പോയതുമായ ചിന്തകളാണ്.

ദൈവത്തിന്റെ ചിന്തകൾ നമ്മുടെ ചിന്തകളിൽ നിന്നും ഉന്നതമാണ്. അത് പൂർണമായി ഗ്രഹിക്കുവാനും പ്രവചിക്കുവാനും പരിമിതികളും പാപ പ്രവണതകളും ഉള്ള മനുഷ്യന് കഴിയില്ല. ദൈവം തന്റെ ഇഷ്ടവും അനിഷ്ടവും ഭാവി പരിപാടികളും തനിക്ക് ഇഷ്ടമുള്ളവർക്ക് ഭാഗികമായി  വെളിപ്പെടുത്തി കൊടുക്കാറുണ്ട്. എന്നാൽ ഭാവി പ്രവചനം ബിസിനസും ഉപജീവന മാർഗ്ഗവും ആക്കിയവർക്ക്‌ പിറകെ ദൈവേഷ്ടവും പദ്ധതികളും അറിയാൻ നടക്കുന്നത് ധന നഷ്ടവും സമയ നഷ്ടവും ആണ്. അത് ദൈവഹിതത്തിന് എതിരുമാണ് :

'നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച്‌ അശുദ്‌ധരാകരുത്‌. ഞാനാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌.'
ലേവ്യര്‍ 19 : 31

'ഇതാ, ക്രിസ്‌തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്‌.
കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.'
മത്തായി 24 : 23-24

നമ്മുടെ ജീവിതത്തിൽ അടുത്ത നിമിഷം  ദൈവം എന്ത് ചെയ്യുവാൻ പോകുന്നു എന്ന് നമുക്കറിയില്ല. ദൈവം  വെളിപ്പെടുത്താറൂമില്ല. ദൈവീക ചിന്തകളെപ്പറ്റിയുള്ള നമ്മുടെ നിഗമനങ്ങളും വിലയിരുത്തലുകളും ദിവ്യ യാഥാർഥ്യത്തിൽനിന്ന് വളരെ വളരെ വ്യത്യസ്തമാണ്. ആകാശം ഭൂമിക്കു മീതെ ഉയർന്നിരിക്കുന്നത് പോലെ വിദൂരവും  വിസ്തൃതവും ആണ്.

ജീവിതത്തിൽ പ്രതിസന്ധികളും ദുരന്തങ്ങളും വരുമ്പോൾ ദൈവഹിതം എന്താണ്, അതിജീവനമാർഗങ്ങൾ എന്തൊക്കെയാണ് എന്ന് ഒരു വിശ്വാസി എങ്ങനെ അറിയും?

അമ്മയുടെ കരങ്ങളിൽ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന്റെ ഉറപ്പും സുരക്ഷിതത്വബോധവും നമുക്കുണ്ടാകണം. കാര്യകാരണങ്ങളും വരുംവരായ്കകളും പൂർണമായും മനസ്സിലാക്കിയാൽ മാത്രമേ ദൈവത്തിൽ വിശ്വസിക്കുകയുള്ളു എന്ന് നിർബന്ധം ഉപേക്ഷിക്കണം. യുക്തിക്കും സംശയത്തിനും ബുദ്ധിക്കും അതീതമായി ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ മനസ്സിനെ ഉറപ്പിക്കണം. ആദ്യം അവന്റെ രാജ്യവും നീതിയും അന്വേഷിച്ച് അറിയുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണം. അപ്പോൾ നമ്മുടെ  സുരക്ഷിതത്വവും ദൈനംദിന ജീവിതത്തിന് ആവശ്യമുള്ള പരിരക്ഷയും അവൻ നൽകും.

സദൃശ്യവാക്യങ്ങൾ
3:5 പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
3:6 നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ  നിന്റെ പാതകളെ നേരെയാക്കും;

നേരായി നടക്കുന്നവർക്ക് ദൈവം നന്മ ഒന്നും മുടക്കില്ല. എല്ലാ ജീവിതാനുഭവങ്ങളും നന്മയ്ക്കായി രൂപാന്തരപ്പെടുത്തുവാൻ ദൈവത്തിന് കഴിയുമെന്ന് ഉറച്ചു വിശ്വസിക്കണം.
കാണാത്ത കാര്യങ്ങൾ കൺമുമ്പിലെന്നപോലെ വിശ്വസിക്കാനും ട്രസ്റ്റ് ചെയ്യാനും പഠിക്കണം.
മരണ ഭയത്തോടെ ഏകനും പരദേശിയും ആയി, നാളെ എന്ത് സംഭവിക്കും എന്നറിയാതെ  ഓടി അലഞ്ഞപ്പോൾ ദാവീദിനെ പ്രത്യാശയിൽ അടി ഉറപ്പിച്ചു നിർത്തിയ ദൈവാശ്രയ ബോധമാണ് എല്ലാ വിശ്വാസികൾക്കും ഉണ്ടായിരിക്കേണ്ടത് :

എന്തായിരുന്നു അത്?

'ആകയാല്‍, ദെവഭക്‌തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;കഷ്‌ടത കരകവിഞ്ഞ്‌ ഒഴുകിയാലും അത്‌ എന്നെ സമീപിക്കുകയില്ല.
അവിടുന്ന്‌ നമ്മുടെ അഭയസങ്കേതമാണ്‌;അനര്‍ഥങ്ങളില്‍നിന്ന്‌ അവിടുന്നെന്നെ രക്‌ഷിക്കുന്നു;രക്‌ഷകൊണ്ട്‌ എന്നെ പൊതിയുന്നു.' സങ്കീര്‍ത്തനങ്ങള്‍ 32 : 6-7

ക്രൂരനായ ശൗൽ രാജാവ് വേട്ടമൃഗത്തെ പോലെ തന്നെ പിന്തുടർന്നപ്പോഴും രക്ഷപ്പെടാനുള്ള സാധ്യതകൾ അസ്തമിച്ചപ്പോഴും  ദാവീദ് ദൈവത്തിന്റെ രക്ഷയിലുള്ള പ്രത്യാശ യിൽ  ഉറച്ചു നിന്നു.

ജീവിത ദുരന്തങ്ങളിൽ നിരാശപ്പെടാതെ ദൈവത്തിൽ ആശ്രയിച്ചു മുന്നേറിയ ദാവീദിന് ദൈവം കൊടുത്ത ഉറപ്പ് പ്രതിസന്ധികളെ നേരിടുന്ന നമുക്കും ഉള്ള ഉറപ്പാണ് :

ഞാന്‍ നിന്നെ ഉപദേശിക്കാം,നീ നടക്കേണ്ട വഴി കാണിച്ചുതരാം;ഞാന്‍ നിന്റെ മേല്‍ ദൃഷ്‌ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.
...കര്‍ത്താവില്‍ ആശ്രയിക്കുന്നവനെ അവിടുത്തെ സ്‌നേഹം വലയംചെയ്യും.
സങ്കീര്‍ത്തനങ്ങള്‍ 32 : 8-10

സമുദ്രത്തിലെ അനന്തമായ ജലാശയത്തിലൂടെ കപ്പലിൽ  യാത്രചെയ്യുമ്പോഴും നീലാകാശത്ത് പറക്കുന്ന പ്ലെയിനിൽ ഇരിക്കുമ്പോഴും വഴിതെറ്റുമോ ലക്ഷം ലക്ഷ്യസ്ഥാനത്ത് എത്തുമോ എന്ന് ഓർത്ത് നാം ആകുലപ്പെടാറില്ല. ഭക്ഷണം കഴിച്ചും ടിവി കണ്ടും ഉറങ്ങിയും നമ്മൾ യാത്ര ആസ്വദിക്കും. നാവിഗേഷൻ സിസ്റ്റവും അനുഭവ പരിചയമുള്ള നാവികനും പൈലറ്റും ഉള്ളപ്പോൾ നമ്മൾ വ്യാകുലപ്പെടേണ്ട കാര്യമില്ല. വഴിതെറ്റാതെ നേർവഴിയിലൂടെ നമ്മുടെ ലക്ഷ്യത്തിൽ എത്തിച്ചിരിക്കും.
റൂട്ടും മാപ്പും അറിയാത്ത സമയരഥത്തിലെ ജീവിതയാത്രയിൽ ആകുല വ്യാകുലതകൾ ആവശ്യമില്ല. വഴിയും സത്യവും ആയ കർത്താവ് സാരഥിയായി സമയരഥത്തിൽ ഇരിക്കുമ്പോൾ ഭയത്തിന്റെ ആവശ്യമില്ല.  പ്രതികൂലതയുടെ ഓളങ്ങൾ മുറിച്ച് അവൻ സുരക്ഷിതമായി നിത്യ ലക്ഷ്യത്തിൽ എത്തിക്കും. അതുകൊണ്ട് നാളെയെപ്പറ്റി എങ്ങനെ, എവിടെ, എപ്പോൾ എന്നൊന്നും ഓർത്തത് നമ്മൾ വ്യാകുലപ്പെടേണ്ട കാര്യമില്ല.
നമ്മുടെ കർത്താവുണ്ടല്ലോ കൂടെ.

ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്‌കണ്‌ഠാകുലരാകേണ്ടാ. ഭക്‌ഷണത്തെക്കാള്‍ ജീവനും വസ്‌ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്‌ഠമല്ലേ?
ആകാശത്തിലെ പക്‌ഷികളെ നോക്കുവിന്‍: അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി.
മത്തായി 6 : 25-34

ഞങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവേ, അവിടുത്തെ ചിന്തകളും പദ്ധതികളും ഗ്രഹിക്കാൻ ജഢിക പരിമിതികളുള്ള എനിക്ക് കഴിയില്ല. അവിടുന്ന് എന്റെ ഹൃദയ പടകിൽ ഉള്ളതുകൊണ്ട് ഞാൻ ഭയപ്പെടില്ല. ഇതുവരെ അങ്ങയിൽ നിന്നനുഭവിച്ച ദിവ്യപരിപാലനം കരുതൽ, ആർദ്രത എന്നിവക്കായി സ്തോത്രം. അവിടുത്തെ കൃപയിൽ ആശ്രയിച്ച് പ്രത്യാശയോടെ ആത്മീയയാത്ര തുടരുവാനുള്ള വിശ്വാസവും ആത്മബലവും തന്നു സഹായിക്കണമെ.