കരുണയുടെ കരങ്ങളിൽ

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.' സങ്കീർത്തനങ്ങൾ 138:7

കഷ്ടതയുടെ നടുവിലും ശത്രുക്കളുടെ പ്രതിരോധത്തിലും കർത്താവിന്റെ ദിവ്യപരിപാലനം നമുക്കു ചുറ്റുമുണ്ടാകുമെന്ന ഉറപ്പാണ് ഈ സങ്കിർത്തനം നൽകുന്നത് .
ഇത്,  വാക്കുമാറാത്തവന്റെ മാറ്റമില്ലാത്ത വാക്കുകളാണ്!

പിതാവിന്റെ കരങ്ങളിൽക്കിടന്ന് ജലത്തിൽ നീന്തുന്ന കുട്ടിക്ക് സ്വന്തം കഴിവിനെപ്പറ്റി വലിയ ആത്മവിശ്വാസം ഉണ്ടാകാം. പ്രതികൂലതകളുടെ പെരുവെള്ള പ്രവാഹത്തിൽ  തുഴഞ്ഞ് മുന്നേറിയപ്പോൾ നമ്മെ വഹിച്ചിരുന്നത് സർവ്വശക്തന്റെ ശാശ്വത ഭുജങ്ങളായിരുന്നു എന്ന സത്യം മറക്കരുത്. കർത്താവിന്റെ കരുണയുള്ള കരം കൂടെയുള്ളപ്പോൾ നാം എന്തിനാണ് ഭയപ്പെടുന്നത്?

ദാവിദിന്റെ സാക്ഷ്യം :
'അത്യുന്നതങ്ങളില്‍നിന്നു കൈനീട്ടി അവിടുന്ന്‌ എന്നെ പിടിച്ചു.
പെരുവെള്ളത്തില്‍നിന്ന്‌ അവിടുന്ന്‌ എന്നെ പൊക്കിയെടുത്തു.
പ്രബലനായ ശത്രുവില്‍നിന്നും
എന്നെ വെറുത്തവരില്‍നിന്നും അവിടുന്ന്‌ എന്നെ രക്‌ഷിച്ചു.
അവര്‍ എന്റെ ശക്‌തിക്ക്‌ അതീതരായിരുന്നു.'

2 ശാമുവല്‍ 22 : 17-18

ശുഭാശംസകളോടെ,
ഏ.  പി. ജോർജച്ചൻ.