കർത്താവിന്റെ പ്രാർത്ഥന കുടെയുണ്ട്

'ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. 
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.'
ലൂക്കോസ് 22:31-32

ആരുടേയും വ്യക്തിപ്രഭാവം കൊണ്ടല്ല, കർത്താവ് നിരന്തരം പ്രാർത്ഥിക്കുന്നതുകൊണ്ടാണ്  വിശ്വാസത്തിൽ ഇടറിപ്പോകാതെ സൂക്ഷിക്കപ്പെടുന്നത്. അതിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നവര്‍ക്ക് അത് വളരെ ധൈര്യം നൽകുന്നു. പൂർണ്ണ ഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കുകയും സ്വന്തവിവേകത്തിൽ അഹങ്കരിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് പ്രലോഭനങ്ങളിലും വീഴ്ചകളിലും കർത്താവിന്റെ പ്രാർത്ഥന സുരക്ഷിതകോട്ടയായിരിക്കും.

'അവിടുന്ന്‌ എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്‌ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ്‌ എന്നെ അയച്ചവന്റെ ഇഷ്‌ടം.
പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ്‌ എന്റെ പിതാവിന്റെ ഇഷ്‌ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.'
യോഹന്നാന്‍ 6 : 39-40

'ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന്‌ ആരും പിടിച്ചെടുക്കുകയുമില്ല.'
യോഹന്നാന്‍ 10 : 28

'നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന്‌ എനിക്കു ബോധ്യമുണ്ട്‌.'
ഫിലിപ്പി. 1 : 6

'അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്‌ഷയ്‌ക്കുവേണ്ടി ദൈവശക്‌തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്‌ഷിക്കപ്പെടുന്നു.'
1 പത്രോസ് 1 : 5

'വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമ്മുടെ രക്‌ഷകനായ ഏക ദൈവത്തിനു സ്‌തുതിയും മഹത്വവും ശക്‌തിയും ആധിപത്യവും സര്‍വകാലത്തിനു മുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേന്‍.'
യുദാ 1 : 24-25

ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ