ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'ദൈവമായ കര്‍ത്താവ് ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന് ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം?' എസെക്കിയേല്‍ 18 : 23
മനം തിരിഞ്ഞ് തന്റെ അടുക്കലേക്ക് വരുന്നവരെ ഹൃദയപൂർവ്വം സ്വീകരിക്കുന്നവനാണ് ദൈവം. എന്നാൽ പാപത്തിന്റെ നേരെ കണ്ണടയ്ക്കാൻ നീതിമാനും വിശുദ്ധനുമായ ദൈവത്തിന് കഴിയുകയുമില്ല. തിന്മ പ്രവർത്തിക്കുന്നവർ ശാരീരികവും ആത്മീയവുമായി മരിച്ചുകൊണ്ടിരിക്കുന്നവരാണ്. അവരുടെ മരണം ദൈവത്തിന്റെ വേദനയാണ്. ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായ അവർ മനം തിരിഞ്ഞ് മടങ്ങിവന്ന്, നിത്യ കൂടാരത്തിൽ തന്നോടൊപ്പം പാർക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.
കുടുംബത്തിലും സമൂഹത്തിലും പാപകുഴികളിൽ വീണുപോകുന്നവരെ കാണുമ്പോൾ നമ്മളൊരിക്കലും സാഡിസ്റ്റ് മനോഭാവത്തോടെ സന്തോഷിക്കരുത്. അവരെ വെറുക്കരുത്. അവരുടെ പരാജയം ഗോസിപ്പ് വിഷയമാക്കരുത്. അവരെ ക്രിസ്തുവിലേക്ക് മടക്കി വരുത്തുവാൻ സ്നേഹപൂർവ്വം നിർബന്ധിക്കണം, അവർക്ക് മാപ്പ് കൊടുക്കണം. അവർക്കു വേണ്ടി പ്രാർത്ഥിക്കണം.
നമ്മളെങ്ങനെ നമ്മളായെന്ന് നമ്മളൊരിക്കലും മറക്കരുത്. അനേകം വീഴ്ചതാഴ്ചകളിൽ സ്നേഹകരങ്ങൾ നീട്ടി നമ്മെ വീണ്ടെടുത്ത ദൈവത്തെ ഓർത്ത് വീണുപോയവരോട് കരുണയുള്ളവരായിരിക്കണം.
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.