വിജ്ഞാനത്തിനുറവിടമേ!

'അവിടുന്ന്‌ മനുഷ്യനോടു പറഞ്ഞു: ജ്‌ഞാനം കര്‍ത്താവിനോടുള്ള ഭക്‌തിയാണ്‌. തിന്‍മയില്‍നിന്ന്‌ അകലുന്നതാണു വിവേകം.'
ഇയ്യോബ്‌ 28 : 28

മനുഷ്യന്റെ അന്വേഷണത്തിലൂടെ കണ്ടെത്താൻ സാധിക്കാത്ത ജ്ഞാനം ദൈവം മനുഷ്യന് വെളിപ്പെടുത്തികൊടുക്കുന്നു. പുതിയ അറിവുകൾകൊണ്ട്‌ മനസ്സ് നിറയുന്നതല്ല ജ്ഞാനം. വിദ്യാഭ്യാസമല്ല ജ്ഞാനം. വിദ്യാഭ്യാസമുള്ള അനേക മൂഢന്മാർ ഈ ലോകത്തിൽ ഉണ്ട്. വസ്തുക്കളുടെ പ്രകൃതിയെക്കുറിച്ചുള്ള സത്യം അറിയുന്നതല്ല ജ്ഞാനം. ദൈവത്തെയും മനുഷ്യനെയും സംബന്ധിച്ചുള്ള തത്വസംഹിതകളെക്കുറിച്ച് അറിവ് ഉണ്ടായിരിക്കുന്നതുമല്ല ജ്ഞാനം.
പിന്നെന്താണ് ജ്ഞാനം?

ദൈവത്തോടുള്ള വിനീത മനോഭാവമാണ് യഥാർത്ഥ ജ്ഞാനം. ജ്ഞാനം സന്മാർഗ്ഗവും ധാർമ്മികതയും ആയി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തോടുള്ള ഭക്തിയും ദൈവത്തിന്റെ ഹൃദയത്തെ വ്രണപ്പെടുത്താനുള്ള ഭയവുമാണ് ജ്ഞാനം. ദുഷ്ടതയിൽ നിന്ന് പിന്തിരിയുന്നതാണ് ജ്ഞാനം.

'ദൈവഭക്‌തിയാണു ജ്‌ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും...'
സങ്കീര്‍ത്തനങ്ങള്‍ 111 : 10

'ദൈവഭക്‌തിയാണ്‌ അറിവിന്റെ ഉറവിടം...'
സദൃ. 1 : 7
ശുഭാശംസകൾ! 
ഏ. പി. ജോർജച്ചൻ