നിലവിട്ട് അഹങ്കരിക്കരുത്

'ഒരു നിശ്‌ചിതദിവസം ഹേറോദേസ്‌ രാജകീയ വസ്‌ത്രങ്ങള്‍ ധരിച്ച്‌ സിംഹാസനത്തില്‍ ഉപവിഷ്‌ടനായി അവരോടു പരസ്യമായി സംസാരിച്ചു.
ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത്‌ ഒരു ദേവന്റെ സ്വരമാണ്‌, മനുഷ്യന്റേതല്ല.
പെട്ടെന്നു കര്‍ത്താവിന്റെ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്‌ത്തി. എന്തെന്നാല്‍, ദൈവത്തിന്‌ അവന്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കിരയായി അവന്‍ അന്ത്യശ്വാസം വലിച്ചു.
എന്നാൽ ദൈവവചനം മേല്ക്കുമേൽ പരന്നുകൊണ്ടിരുന്നു.'
പ്രവർത്തി. 12 : 21-23
 

ദൈവത്തിന് മാത്രം അർഹതപ്പെട്ട സ്ഥാനം ഹേറോദേസ്‌ നിഗളത്തോടെ ഏറ്റെടുത്തു. അപ്പോൾ വ്യാജപ്രശംസക്കാർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പക്ഷെ ഹേറോദേസ്‌ അതിന് കനത്ത  വിലകൊടുക്കേണ്ടിവന്നു.
തിരുവചന ശുശ്രുഷകരും അധികാരികളും വിശ്വാസികളും ദൈവത്തിന് കീഴ്പ്പെട്ടുമാത്രമേ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാവു. അനശ്വരനായ ദൈവത്തെക്കുറിച്ചും നിസ്സാരരായ നമ്മെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് നമുക്കെപ്പോഴും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹേറോദേസിനുണ്ടായ ദുർഗതി നമുക്കും സംഭവിക്കാം.

സ്വയം ദൈവമാക്കുന്നവരും സത്യത്തെ എതിർക്കുന്നവരുമായ എല്ലാ ഹെരോദോസുമാരും വരികയും പോകയും ചെയ്യും. എന്നാൽ ദൈവവചനം അതിന്റെ പ്രവൃത്തികൾ നിറവേറ്റിക്കൊണ്ട് എക്കാലത്തും നിലനിൽക്കും.

'ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.'
മത്തായി 24 : 35

ശുഭാശംസകൾ!
ഏ.  പി. ജോർജച്ചൻ