എ. ഡി.94-ൽ ഡോമിഷ്യൻ ചക്രവർത്തിയുടെ വാഴ്ചയുടെ പതിനാലാം ആണ്ടിൽ എഫെസോസിൽ സുവിശേഷവേല ചെയ്തുകൊണ്ടിരുന്ന യോഹന്നാനെ സ്പോറേഡ്സ് ദ്വീപ സമൂഹങ്ങളുടെ ഭാഗമായ പത്മോസിലേക്ക് നാടുകടത്തി. അവിടെ അദ്ദേഹം ക്വാറന്റൈനിൽ ആയിരുന്നപ്പോഴാണ് കർത്താവ് ദിവ്യരഹസ്യങ്ങളുടെ മറനീക്കി വിസ്മയ ഭാവമുണർത്തുന്ന സ്വർഗ്ഗ ദർശനം നൽകിയത്:
'അവന്റെ ശിരസ്സും മുടിയുമാകട്ടെ വെണ്മഞ്ഞുപോലെയും വെണ്‍കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്ജ്വാലപോലെ; പാദങ്ങള്‍ ചൂളയില്‍ ഉരുകിയ പിച്ചളപോലെ; സ്വരം പെരുവെള്ളത്തിന്റേതുപോലെയും. അവന്റെ വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍; വായില്‍നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്ത്തലവാള്; വദനം പൂര്‍ണശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ. അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല് വീണു. അപ്പോള്‍ അവന് വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്. 'വെളിപാട് 1 : 10-18
ദൈവജനവുമായുള്ള കൂട്ടായ്മയും ആത്മീയ അനുഭവങ്ങളും തടസ്സപ്പെട്ട്, ഏകനായി, വാർധക്യത്തിന്റെ അരിഷ്ടതകളിൽ കഴിയുമ്പോൾ കർത്താവ് തന്റെ പ്രിയ ശിഷ്യനായ യോഹന്നാന്റെ അടുക്കലെത്തി. നീ ഏകനല്ലെന്നും കർത്താവിന്റെ സാന്നിധ്യവും സ്വർഗ്ഗീയ സൈന്യങ്ങളുടെ സംരക്ഷണവും നിനക്കൊപ്പം ഉണ്ടെന്നും സ്വർഗ്ഗം തുറന്ന് യോഹന്നാന് വെളിപ്പെടുത്തി കൊടുത്തു.
കോവിഡ് ബാധയുടെ ദുരന്തങ്ങളിലും സഹനങ്ങളിലും ക്വാറന്റൈൻ ഏകാന്തതയിലും കഴിയുന്നവർക്കുള്ള സന്ദേശമാണ് വെളിപാട് പുസ്തകത്തിലെ വെളിപ്പെടുത്തൽ. സാമൂഹ്യ ബന്ധങ്ങളിൽ നിന്നും കൂട്ടായ്മയിൽ നിന്നും ഒറ്റപ്പെട്ട്, ക്രിട്ടിക്കൽ കെയറിലും രോഗക്കിടക്കയിലും കഴിയുന്ന ലോകമെമ്പാടുമുള്ള സഹോദരങ്ങൾക്ക് കർത്താവ് നൽകുന്ന സാന്ത്വന സന്ദേശമാണ് പതിനേഴാം വാക്യം : ' അവന് വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും.' വെളിപാട് 1 : 17
ദുസ്സഹമായ ദുരന്തങ്ങളിലൂടെ ആണ് കടന്നു പോകുന്നതെങ്കിലും ഭ്രമിക്കേണ്ട. മരണ കൊടുങ്കാറ്റിൽ കൊഴിഞ്ഞുവീഴുന്ന സഹോദരങ്ങളെ കണ്ടു വ്യാകുലപ്പെടേണ്ട. കർത്താവറിയാതെ നിനക്ക് ഒന്നും സംഭവിക്കുകയില്ല. കർത്താവ് ആദിയും അന്തവും ആണ്. മരണത്തിന്റെയും നരകത്തിന്റെയും കോവിഡ് രോഗത്തിന്റെയും താക്കോൽ കയ്യിലുള്ള ഇമ്മാനുവേൽ കൂടെയുണ്ട്. തിന്മയും ദുരന്തങ്ങളും നന്മയ്ക്കും നല്ലതിനുമായി രൂപാന്തരപ്പെടുത്തുവാൻ കഴിയുന്ന കർത്താവ് വലംകൈ നിന്റെമേൽ വെച്ചു കൊണ്ട് പറയുന്നു: 'ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്.'
വെളിപാട് 1 : 17-18
എന്തു സംഭവിക്കും, എങ്ങനെ കാര്യങ്ങൾ മുന്നോട്ട് നീക്കും, കുടുംബം, കുഞ്ഞുങ്ങളുടെ ഭാവി, ജോലി, ബിസിനസ്, ആരോഗ്യം തുടങ്ങിയവയിലെ പ്രതിസന്ധികൾ എങ്ങനെ പരിഹരിക്കും... എന്നൊക്കെ ഓർത്ത് വ്യാകുലപ്പെടേണ്ട. സംശയിക്കാതെ വിശ്വസിച്ചാൽ മതി. മനോഭാരങ്ങൾ അവന്റെ കരങ്ങളിൽ ഏൽപ്പിച്ചാൽ മതി. കർത്താവ് വേണ്ടതെല്ലാം തക്കസമയത്ത് ചെയ്തുകൊള്ളും. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വവും അവനു ണ്ടാക്കുന്ന അത്ഭുതകരമായ നീക്കുപോക്കുകളും കാണുവാൻ നമുക്ക് കഴിയും.
പത്മോസിലെ ഏകാന്തതയിൽ ആയിരുന്നപ്പോഴും യോഹന്നാന്റെ മാനസികാവസ്ഥ നിരാശയും വിഷാദവും നിറഞ്ഞതായിരുന്നില്ല.
പിന്നെ?
കര്‍ത്താവിന്റെ ദിനത്തില്‍ ഞാന്‍ ആത്മാവില്‍ ലയിച്ചിരുന്നു, കത്തൃദിവസത്തിൽ ആത്മ വിവശനായി, I came under the Spirit's power on the Lord's day - എന്നാണ് യോഹന്നാൻ പറയുന്നത്. ഈ സാമൂഹ്യ അകലങ്ങളുടെയും ഒറ്റപ്പെടലിന്റയും കാലഘട്ടത്തിൽ ആരാധനയും കൂട്ടായ്മയും നമുക്ക് സാധ്യമല്ലായിരിക്കാം. എന്നാൽ ലോക്ഡൗണിലും ആത്മാവിന്റെ ബലത്തിലും ശക്തിയിലും മനസ്സിനെ ഉറപ്പിക്കുന്നതിന് യാതൊരു തടസ്സവുമില്ല. യാന്ത്രിക ഭക്തിയിൽ നിന്ന് സത്യത്തിലും ആത്മാവിലുമുള്ള ആരാധന പരിശീലിക്കാൻ ഈ ഒറ്റപ്പെടൽ നമുക്ക് സഹായകമാകട്ടെ. അങ്ങനെയുള്ള ആരാധകരെയാണ് പിതാവ് ഇഷ്ടപ്പെടുന്നത് : യോഹന്നാൻ 4:23-24 'സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.'
ഏകാന്തതയിൽ ഇരുന്ന് ദൈവത്തെ ആത്മാവിൽ ആരാധിച്ചപ്പോൾ യോഹന്നാന്റെ മുൻപിൽ സ്വർഗ്ഗം തുറന്നു. ആദ്യനും അന്ത്യനും ആയവൻ അവന്റെ അടുത്തു വന്നു. വലങ്കൈ അവന്റെ മേൽ വച്ചുകൊണ്ട് 'ഭയപ്പെടേണ്ട' എന്ന് പറഞ്ഞു. ഇത് യോഹന്നാനു മാത്രമുള്ള വെളിപാടും അനുഗ്രഹവും അല്ല. ദൈവമക്കളായ എനിക്കും നിങ്ങൾക്കും കൂടിയുള്ളതാണ് .
സങ്കീർത്തനക്കാരനെപ്പോലെ ആത്മാവിനെ ദൈവത്തിങ്കലേക്ക് ഉയർത്തി സഹായത്തിനായി നമുക്ക് വിളിക്കാം. നമ്മുടെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിൽ നിന്ന് തീർച്ചയായും വരും. അത് ലോകം തരുന്ന അതിനേക്കാൾ ശക്തവും സാന്ത്വന പ്രദവും സമ്പൂർണവുമായ സമാധാനം ആയിരിക്കും :
'ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.'ഫിലിപ്പിയർ 4:6-7
പ്രിയ മിത്രങ്ങളെ, ഭയപ്പെടേണ്ട, ആദ്യനും അന്ത്യനും ആയവൻ നമ്മോടുകൂടെയുണ്ട്. വേദനയിലും രോഗക്കിടക്കയിലും വാർദ്ധക്യത്തിലും മരണ നിഴൽ താഴ്വരയിലും ലോകാവസാനത്തോളവും ഇമ്മാനുവേൽ കൂടെയുണ്ടാകും. മീഡിയയിലെ ഗോസിപ്പും വ്യാജവാർത്തകളും ഭീതിപ്പെടുത്തുന്ന കണക്കുകളും നേതാക്കന്മാരുടെ പൊള്ളയായ വാഗ്ദാനങ്ങളും കൊണ്ട് മനസ്സുനിറച്ചാൽ സംഘർഷം വർദ്ധിക്കും. അതൊക്കെ മറന്നേക്കൂ. ജീവനുള്ള തിരുവചനങ്ങളിൽ മനസ്സിനെ ഉറപ്പിക്കേണ്ട പ്രതിസന്ധിഘട്ടമാണിപ്പോൾ. തിരുവചനം ശുഭചിന്തകളും ആന്തരീയ ശുദ്ധീകരണവും സമാധാനവും ശാന്തിയും പ്രദാനംചെയ്യും.
ഗാന്ധിജി പറഞ്ഞു : നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളാണ് നമ്മിൽ സമാധാനവും സംഘർഷങ്ങളുമുണ്ടാക്കുന്നത്. അനുകൂല ചിന്തകൾ സംഘർഷം ലഘൂകരിക്കും.
ദൈവമേ, മനുഷ്യരെല്ലാം ഏകാന്തതയുടെയും സഹനത്തിന്റെയും ഒറ്റപ്പെട്ട ദ്വീപുകളിലും തുരുത്തുകളിലും ആയിരിക്കുന്ന ഈ കോവിഡ് ബാധയുടെ കാലത്ത് ലോകത്തിൽ ഏക ആശ്രയം കർത്താവ് മാത്രമാണെന്നും, മരണത്തിന്റെയും നരകത്തിന്റെയും രോഗങ്ങളുടേയും നിയന്ത്രണം സ്വർഗ്ഗസ്ഥ പിതാവിന്റെ കരങ്ങളിൽ ആണെന്നുമുള്ള തിരിച്ചറിവ് നൽകേണമേ. അലകടൽ പോലെ അസ്വസ്ഥമായ ഞങ്ങളുടെ മനസ്സിനെ ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രത്യാശയുടെ നങ്കൂരത്തിൽ ഉറപ്പിക്കേണമേ. വേർപാടിന്റെ ദുഃഖത്തിലും രോഗസഹനങ്ങളിലും ആയിരിക്കുന്നവരെ അവിടുത്തെ വലം കൈയ്യാൽ തൊട്ടു സൗഖ്യമാക്കേണമേ. ഞങ്ങളെ ഒരുനാളും ഉപേക്ഷിക്കുകയില്ല, കൈവിടുകയില്ല, ലോകാവസാനത്തോളം കൂടെ ഉണ്ടായിരിക്കുമെന്ന് പറഞ്ഞ യേശു കർത്താവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.
ശുഭാശംസകളോടെ,
ഫാ. ഡോ. ഏ. പി. ജോർജ്