ശക്തനായവൻ വലിയ കാര്യങ്ങൾ എനിക്ക് ചെയ്തിരിക്കുന്നു

ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടുചെന്നു,
സെഖര്യാവിന്റെ വീട്ടിൽ എത്തി എലീസബെത്തിനെ വന്ദിച്ചു.' ലൂക്കോസ് 1:39 -40

മലനാട്ടിലെ യഹുദ്യ പട്ടണത്തിൽ എലിസബത്തിനെ സന്ദർശിക്കുവാൻ മറിയാം ബന്ധപ്പെട്ട് പോയത് എന്തിനാണ്?

ബൈബിൾ പണ്ഡിതരും അനുഗ്രഹീതരായ സുവിശേഷകരും ഈ സന്ദർശനത്തെ പറ്റി ആഴത്തിലും പരപ്പിലും പറഞ്ഞു കഴിഞ്ഞതാണ്. ഈ സന്ദർശനത്തെപറ്റിയുള്ള എന്റെ എളിയ അഭിപ്രായം നിങ്ങളുമായി പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

മാലാഖ തന്നോട് പറഞ്ഞതെല്ലാം വാസ്തവം ആണോ എന്ന് നേരിട്ട് അറിയാൻ വേണ്ടി മറിയാം പോയതല്ലെന്ന് എലീസബെത്തിന്റെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്:

'കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.' ലൂക്കോസ് 1:45

ദൈവത്തിന്റെ അരുളപ്പാട് പൂർണമായും വിശ്വസിക്കുകയും തന്റെ ജീവിതം അതിനായി സമർപ്പിക്കുകയും ചെയ്ത ശേഷമാണ്  എലീസബെത്തിന്റെ ഭവനത്തിലേക്ക് മേരി മാതാവ് യാത്ര തുടർന്നത്.

  എന്തിനായിരുന്നു ആ യാത്ര?

തന്നെ മാലാഖ അറിയിച്ച, ദൈവത്തിന്റെ വിസ്മയകരമായ  തെരഞ്ഞെടുപ്പും നിയോഗവും ഉൾക്കൊള്ളുവാനും അംഗീകരിക്കുവാനും കഴിയുന്ന ലോകത്തിലെ ഏക വ്യക്തി അപ്പോൾ എലീസബെത് മാത്രമായിരുന്നു. കാരണം ഒരമ്മയാകുവാനുള്ള സാധ്യതകൾ അസ്തമിച്ചിടത്ത് തനിക്കുവേണ്ടി സാധ്യതയുടെ വാതിൽ ദൈവം തുറന്നതിന്റെ സന്തോഷ ലഹരിയിലായിരുന്നു അപ്പോൾ എലീസബെത്.
സമാനമായ ആത്മീയ അനുഭവം ഉള്ളവർക്ക് മനസ്സ് പങ്കുവെക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും ഒക്കെ കഴിയും.

നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം നൽകിയ വിസ്മയകരമായ മറുപടിയെപ്പറ്റി നമ്മൾ പറയുമ്പോൾ അവിശ്വാസികളും അൽപ വിശ്വാസികളും  പരിഹസിച്ചേക്കാം. അതുകൊണ്ട് നമ്മുടെ ദൈവിക കാഴ്ചപ്പാടും നമ്മുടെ ജീവിത അനുഭവങ്ങളിലൂടെ ദൈവം വെളിപ്പെടുത്തിയ  ആത്മീയ മർമ്മങ്ങളും ദൈവോന്മുഖതയുള്ളവരുമായി മാത്രമേ പങ്കുവയ്ക്കാവൂ എന്നാണ്  കർത്താവ് പറഞ്ഞിട്ടുള്ളത്:

'വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ  കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു. ' മത്തായി 7:6

ദൈവത്തിന്റെ വാഗ്ദത്തങ്ങളിലും ശക്തിയിലും വിശ്വാസമുള്ളവരുമായി നമ്മുടെ ആത്മീയ അനുഭവങ്ങൾ പങ്കുവെക്കുന്നത് നമുക്കും അവർക്കും ആത്മീയ വർദ്ധനക്ക് സഹായകമാകും. അത്തരം കൂട്ടായ്മ മനസ്സിന് സാന്ത്വനവും സമാധാനവും സന്തോഷവും നൽകും.

വിശ്വാസത്തിന്റെ പാതയിലൂടെ നടക്കുന്നവർക്ക് മാത്രമേ വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ ദൈവത്തെയും ദൈവത്തിന്റെ പ്രവർത്തികളെയും ആദരിക്കുവാനും അംഗീകരിക്കുവാനും കഴിയുകയുള്ളൂ. മേരി മാതാവ് അതിന് കണ്ടെത്തിയത് തന്റെ ചാർച്ചക്കാരിയായ എലീസബെത്തിനെ ആയിരുന്നു. നമ്മളും ആത്മീയ അനുഭവങ്ങൾ പങ്കുവയ്ക്കുവാൻ സമർപ്പിത ഭക്തരെ കണ്ടെത്തണം.

എളിയവളായ തന്നെ വലിയ നിയോഗത്തിന് തെരഞ്ഞെടുത്ത ദൈവസ്നേഹത്തെപറ്റി നിർമല സാക്ഷിയായി ദൈവത്തെ സ്തുതിക്കുവാനായിരുന്നു എലീസബെത്തിന്റെ അടുക്കലേക്ക് മറിയാം ബന്ധപ്പെട്ട് പോയത്.

ദൈവാനുഗ്രഹം ലഭിച്ച എലീസബെത്തിനോട് ചേർന്ന്
മറിയാം ആത്മാവിൽ നിറഞ്ഞ് ദൈവത്തെ സ്തോത്രം ചെയ്തു പാടി :

'എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
അവൻ  തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാതലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.' ലൂക്കോസ് 1:46 -49

എന്താണ് മറിയം പറഞ്ഞത്?

ദൈവമേ, എനിക്ക് നൽകിയ അത്ഭുത പദവിക്കുള്ള യോഗ്യതയൊന്നും എനിക്കില്ല. സാധാരണ ജീവിത നിലവാരത്തിലുള്ള പെൺകുട്ടിയായ  എനിക്ക് അവിടുന്നു നൽകിയ ദൈവത്തിന്റെ വിസ്മയ ദാനമാണ് ഈ നിയോഗം. ശക്തനായവൻ വലിയ കാര്യങ്ങൾ എനിക്ക് ചെയ്തിരിക്കുകയാണ്. എന്റെ കഴിവുകൾ ഒന്നും അതിന് കാരണങ്ങളല്ല. എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.  അവന്റെ നാമം പരിശുദ്ധം തന്നെ...

അങ്ങനെ മറിയം ഹൃദയം തുറന്ന് പറഞ്ഞു പാടി. പറഞ്ഞുതീരാത്ത സന്തോഷവും നന്ദിയുമൊക്കെ അവളുടെ മനസ്സിലെ ആഹ്ലാദ തിരമാലകളായി ആഞ്ഞടിച്ചു.

എല്ലാ തലമുറകളും ഭാഗ്യവതി എന്ന് വിളിക്കുവാനുള്ള കർത്താവിന്റെ മാതാവ് എന്ന ഉന്നത പദവി ലഭിച്ച മറിയാമിന്റെ സ്തോത്രസമർപ്പണത്തിൽ എളിമയുടെയും വിനയത്തിന്റെയും സമർപ്പണത്തിന്റെയും വാക്കുകളാണ് കാണുവാൻ കഴിയുന്നത്.
അനുഗ്രഹങ്ങളിൽ അഹങ്കരിക്കുന്ന മനുഷ്യർക്കിടയിൽ ദൈവ മുമ്പാകെ വിനീത ദാസിയായി തലകുനിച്ചു നിൽക്കുന്ന മറിയാം സമുന്നത ക്രിസ്തീയ മാതൃകയാണ്.

സാധാരണക്കാരായി മണ്ണിൽ ചവിട്ടി  നടന്നിരുന്ന വിനയാന്വതരായിരുന്ന പല മനുഷ്യരും ദൈവത്തിന്റെ അനുഗ്രഹങ്ങളും നിയോഗങ്ങളും സമ്പത്തും സ്ഥാനമാനങ്ങളും ലഭിച്ചുകഴിയുമ്പോൾ നീലാകാശത്ത് നിലവിട്ട് പറ പറക്കുന്നത് നമ്മൾ സ്ഥിരം കാണുന്ന കാഴ്ചകളാണ്.

ഞാനൊരു വലിയ സംഭവമാണ്, പരമോന്നതനും  ആരാധ്യനും ജനപ്രിയ നായകനും നായികയുമായിത്തീർന്നു എന്നൊക്കെ ചിന്തിച്ച് നിലവിട്ട് അഹങ്കരിക്കുന്നവർ, 'ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.'(ലൂക്കോസ് 1:49) എന്ന   മറിയാമിന്റെ സമർപ്പണ മനോഭാവത്തിൽ മനസ്സുറപ്പിക്കുന്നതായിരിക്കും ശുഭകരം, സുരക്ഷിതം:

നൂറ്റിനാൽപ്പത്തോന്നാം സങ്കീർത്തനത്തിൽ പറയുന്ന 'പ്രശംസക്കാരുടെ കെണിയിൽ ' വീണ് തകർന്നു പോകുന്നവർ അനവധിയാണ്. ഫേവർ കിട്ടുവാൻ വേണ്ടി വ്യാജ മംഗള സ്തുതികൾ പാടുന്നവരുടെ കെണിയിൽപ്പെട്ട് യാഥാർത്ഥ്യബോധം നഷ്ടപ്പെടുന്നതാണ് ഇവരുടെ പതനത്തിനുള്ള കാരണം.

തെറ്റാ വരമുണ്ടെന്ന മിഥ്യധാരണയിൽ അസംബന്ധങ്ങൾ പുലമ്പുന്ന വരുണ്ട്. ആൾദൈവമാണെന്ന് സ്വാഗത പ്രസംഗകനും മഹാനാണെന്ന് സോഷ്യൽ മീഡിയയും 'ആമേൻ, ആമേൻ' എന്ന് പൊതുജനങ്ങളും അട്ടഹസിക്കുമ്പോൾ,  പ്രശംസക്കാരുടെ കെണിയിൽ വീണ് നശിച്ചുപോകുന്ന അനേകരുണ്ട്. ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ഠർ ഖിന്നരായി വീണു കിടക്കുന്ന വഴിത്താരയിലൂടെ നമ്മൾ നടക്കുമ്പോൾ പഠിക്കേണ്ട അനേകം ജീവിതപാഠങ്ങളുണ്ട്.

അനുഗ്രഹങ്ങളുടെ അധിപതി ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തുമ്പോൾ മറിയാമിന്റെ വിനീത കാഴ്ചപ്പാടിൽ കാലുറപ്പിച്ചു നിൽക്കുന്നതാണ് എപ്പോഴും നല്ലത്:
'ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.'ലൂക്കോസ് 1:49

  ദൈവം നൽകുന്ന അനുഗ്രഹങ്ങളിൽ അസൂയാലുക്കളായി നമ്മെ തേജോവധം ചെയ്യുന്നവരും നമുക്ക് എതിരായി കരുനീക്കങ്ങൾ നടത്തുന്നവരും പ്രതിസന്ധി ഉണ്ടാക്കുമ്പോൾ,  എതിർക്കാനും പ്രതികരിക്കാനും പോകാതെ മറിയാമിന്റെ മനോഭാവത്തിലും ജീവിത സമീപനത്തിലും മനസ്സുറപ്പിക്കുന്നതാണ് ശ്രേഷ്ഠം :

'ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.
അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.' ലൂക്കോസ് 1:49 -50

ഭരണാധികാരികളും ഉദ്യോഗസ്ഥരും അയൽക്കാരും ഉറ്റവരും നമ്മുടെ അവകാശങ്ങൾ നിഷേധിക്കുകയും നമ്മുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറ്റം നടത്തുകയും ചെയ്യുമ്പോൾ ദൈവനീതിയെ പറ്റിയുള്ള മറിയാമിന്റെ പ്രത്യാശയുടെ മെന്റൽ സെറ്റിൽ മനസ്സിനെ റീസെറ്റ് ചെയ്യുന്നത് ആശ്വാസകരമായിരിക്കും :

' ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.
തന്റെ ഭുജംകൊണ്ടു അവൻ  ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽനിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.
വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു.' ലൂക്കോസ് 1:49-53

നമ്മൾ അൽപത്തിൽ വിശ്വസ്തരാണോ എന്നറിയുവാൻവേണ്ടി ദൈവം അധികാര കസേരകളിൽ കയറ്റി ഇരുത്തുമ്പോഴും ബാങ്ക് അക്കൗണ്ട് സമ്പന്നമാക്കുമ്പോഴും കളപ്പുരകൾ നിറയ്ക്കുമ്പോഴും പ്രശസ്തി നൽകുമ്പോഴും സ്വയത്തിൽ ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്യരുത്.
പ്രൊബേഷനിൽ പരാജയപ്പെടുന്നവർക്ക് സ്ഥിരപ്പെടുത്തലും പ്രമോഷനും ഒക്കെ നഷ്ടമാകും. അല്പത്തിൽ വിശ്വസ്തരായിരിക്കാൻ ബുദ്ധിയും വിദ്യാഭ്യാസവും കാര്യശേഷിയും ഇമ്പ്രസ്സീവ് പേഴ്സണാലിറ്റിയും മാത്രം പോരാ. മേരിമാതാവിന്റെ ദൈവവിധേയത്വവും സമർപ്പണവും കൂടി വേണം:
'അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
അവൻ  തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാതലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.'
ലൂക്കോസ്1:38, 48

ഉയർച്ചയിലേക്ക് ദൈവം കൈപിടിച്ച് നടത്തുമ്പോൾ വഴിയിൽ കാണുന്നവരോട് സ്നേഹത്തോടെ പെരുമാറണം.  കാരണം  ദൈവം കൈപിടിച്ചിറക്കുമ്പോൾ അവരെ വീണ്ടും കാണേണ്ടിവരും.

ദൈവമേ,  വളരെ പരിമിതികളുള്ള  എനിക്ക് നൽകിയ അർഹതയില്ലാത്ത എല്ലാ നന്മകൾക്കും കൃപകൾക്കുക്കുമായി സ്തോത്രം. നിന്നതല്ല, ദൈവം നിർത്തിയതാണെന്നും നേടിയതല്ല, എല്ലാം ദൈവം തന്നതാണെന്നും സ്വയം ശോഭിച്ചതല്ല ദൈവിക ശോഭയുടെ പ്രതിഫലനത്തിൽ പ്രകാശം ലഭിച്ചതാണെന്നും ചിന്തിക്കുവാനും വിനയപ്പെടുവാനുമുള്ള  തിരിച്ചറിവും വിനയവും എനിക്ക് നൽകേണമേ.
പാപത്തിന്റെ അഗാധത്തിൽ നിന്ന്  ഞാൻ സ്വയം കയറിയതല്ല, നീ കൈപിടിച്ചുയർത്തിയതാണെന്നും, പെരുവെള്ള പ്രവാഹത്തിൽ മുങ്ങി താഴ്ന്നപ്പോൾ നിന്റെ സ്നേഹകരങ്ങളിൽ കോരിയെടുത്തതാണെന്നും, അവിടുന്ന് രോഗക്കിടകൾ മാറ്റി വിരിച്ചതുകൊണ്ട് മാത്രം ഇന്നും ജീവന്റെ ദേശത്ത് തുടരുന്നതാണെന്നുമുള്ള തിരിച്ചറിവില്ലാതെ,
നിഗളിച്ചുപോയ എന്നോട് ക്ഷമിക്കേണമേ.

എന്റെയും കുടുംബത്തിന്റെയും ആരോഗ്യവും മക്കളുടെ ഐശ്വര്യവും ദാരിദ്ര്യമില്ലാത്ത ജീവിതവുമൊക്കെ  ശക്തനായവൻ എനിക്ക് ചെയ്ത വലിയ കാര്യങ്ങളാണെന്ന് തിരിച്ചരിഞ്ഞു മേരി മാതാവിനെ പോലെ വിനയപൂർവ്വം  അങ്ങയെ സ്തോത്രം ചെയ്യുന്നു.

എന്റെ മനസ്സിൽ കൊടുങ്കാറ്റായി ആഞ്ഞടിക്കുന്ന അഹങ്കാരവും ധിക്കാരവും നിഗളവും പരിഹാസവും അവിടുന്ന് ശാസിച്ചു ശാന്തമാക്കേണമെ. സൗമ്യതയുടെ ആത്മാവിനാൽ എന്നിൽ വിനയവും എളിമയും സമർപ്പണവും അനുസരണവും നൽകി എന്നെ പുതിയ സൃഷ്ടിയാക്കേണമേ.