കർത്താവും ശിഷ്യന്മാരും ഗലീല കടലിലൂടെ ഒരു ചെറിയ പടകിൽ യാത്ര ചെയ്തപ്പോൾ കൊടുങ്കാറ്റും തിരമാലകളും ഉണ്ടായി. പടകിൽ ശാന്തമായി ഉറങ്ങുകയായിരുന്നു ക്രിസ്തുവിനെ ഭയഭ്രാന്തരായ ശിഷ്യന്മാർ വിളിച്ചുണർത്തി: 'നാഥാ,ഞങ്ങൾ നശിച്ചു പോകുന്നു' എന്ന് പറഞ്ഞു.
ഒരു ശാസനയുടെ സ്വരത്തിലായിരുന്നു ക്രിസ്തു ശിക്ഷ്യൻമാരോട് പ്രതികരിച്ചത്:
'നിങ്ങൾ ഭയപ്പെടുന്നത് എന്ത്, നിങ്ങൾക്ക് വിശ്വാസമില്ലേ?'
അപകട പ്രതിസന്ധികളിൽ പ്രത്യാശ നഷ്ടപ്പെട്ട ശിഷ്യന്മാരോട് ക്രിസ്തു ചോദിച്ച ചോദ്യം വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നാണ്:
നിങ്ങൾ ഭയപ്പെടുന്നത് എന്ത്, നിങ്ങൾക്ക് വിശ്വാസമില്ലേ?
ജീവിത പ്രതിസന്ധികളെ ഭയത്തോടെ അല്ല, വിശ്വാസത്തോടെ നേരിടണം എന്നാണ് ക്രിസ്തു ശിഷ്യന്മാരെ ഈ സംഭവത്തിലൂടെ പഠിപ്പിച്ചത്.
കലിതുള്ളുന്ന കടൽ കണ്ടു ശിക്ഷ്യന്മാർ ഉറക്കെ കരഞ്ഞു വിളിച്ചപ്പോൾ ക്രിസ്തു ഉറങ്ങുകയായിരുന്നു. പ്രതിസന്ധികൾക്കിടയിൽ ക്രിസ്തുവിന്റെ ശാന്തമായ ഉറക്കം വളരെ ശ്രദ്ധേയമാണ്. ഉണർന്ന് ഇളകിമറിയുന്ന കടലിനെ കണ്ടപ്പോഴും കർത്താവിന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു. പ്രകൃതി നിയമങ്ങളുടെ മേൽ അധികാരമുള്ള കർത്താവിനെ ഒന്നും ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. അവന്റെ ആജ്ഞ അനുസരിക്കാത്ത ഒരു പ്രകൃതി ശക്തിയുമില്ല.
പ്രതികൂലതയുടെ തിരമാലകൾ ആർത്തിരമ്പുമ്പോൾ അവയ്ക്കുമേൽ അധികാരമുള്ള കർത്താവ് നമ്മുടെ ഹൃദയ പടകിൽ ഉള്ളതുകൊണ്ട് ഒരിക്കലും ഭയപ്പെടരുത്, അധൈര്യപ്പെടരുത്. മകൻ അബ്ശലോമിനെ ഭയന്ന് ഒളിച്ചോടി കാട്ടിൽ ഉറങ്ങാൻ കിടന്നപ്പോൾ, ദാവീദ് ദൈവത്തോടു പറഞ്ഞു: എന്റെ ജീവിതം അപകടത്തിൽ ആണെങ്കിലും ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും. എന്തെന്നാൽ കർത്താവാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്.
ക്രിസ്തുവിന്റെ മനോധൈര്യത്തെ കീഴടക്കുവാൻ കൊടുങ്കാറ്റിന് കഴിഞ്ഞില്ല. അതിന് ക്രിസ്തു അനുവദിച്ചതുമില്ല. കൊടുങ്കാറ്റും തിരമാലകളും ക്രിസ്തുവിന്റെ അധികാരത്തെയും അതീന്ദ്രിയ ശക്തിയേയും വെളിപ്പെടുതുകയാണ് ചെയ്തത്.
പക്ഷേ കൊടുങ്കാറ്റ് ശിഷ്യന്മാരെ കീഴടക്കി. അവരുടെ വിശ്വാസത്തെയും പ്രത്യാശയെയും അടി തെറ്റിച്ചു. ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും അവർ കൊടുങ്കാറ്റിൽ പതറിപ്പോയി.
മരണം, നഷ്ടം, രോഗം, ഒറ്റപ്പെടൽ തുടങ്ങിയ ജീവിത കൊടുങ്കാറ്റുകൾ ഇയ്യോബിന്റെ മേൽ ആഞ്ഞടിച്ചപ്പോഴാണ് അവന്റെ വിശ്വാസത്തിന്റെ ഉറച്ച അടിത്തറ വ്യക്തമായത്. ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന്റെ നാമം മഹത്വമെന്നു പറഞ്ഞ ഇയ്യോബിന്റെ മുമ്പിൽ പ്രതികൂലതയുടെയും പ്രതിസന്ധികളുടെയും കൊടുങ്കാറ്റുകൾ കീഴടങ്ങി.
ജീവിതത്തിലെ ദുരന്ത കൊടുങ്കാറ്റിൽ ആടിയുലയുമ്പോൾ, നമ്മളിലുള്ളവൻ ലോകത്തിലുള്ളവനേക്കാൾ ശക്തനാണെന്ന ഉറച്ച വിശ്വാസത്തിൽ തല ഉയർത്തി നിൽക്കണം. ഭൗതിക അടിസ്ഥാനത്തിൽ പണിതുയർത്തിയ വിശ്വാസത്തിന്റെ പ്രതിരോധ ക്ഷമത പരിശോധിക്കപ്പെടുന്ന അവസരങ്ങളാണ് ജീവിത കൊടുങ്കാറ്റുകളെന്നാണ് കർത്താവ് പറയുന്നത്:
'ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു.
വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.' മത്തായി 7:24 -27
ജീവിത ദുരന്തങ്ങളും പ്രതികൂലതകളും ഭീഷണി ഉയർത്തിയപ്പോൾ വിശ്വാസ കൊടുമുടിയിൽ ഉറച്ചുനിന്നുകൊണ്ട് ദാവീദ് പറഞ്ഞു:
'യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?' സങ്കീർത്തനങ്ങൾ 27:1
ജീവിത കൊടുങ്കാറ്റ് നമ്മെ കീഴടക്കാനും വിശ്വാസം അടിപതറാനും ഒരിക്കലും അനുവദിക്കരുത്. കാറ്റിനെയും കടലിനെയും ശാസിക്കാൻ കഴിയുന്ന കർത്താവിൽ മനസ്സുറപ്പിച്ച്, തല ഉയർത്തി, ചെറുത്തു നിൽക്കണം. ദൈവം കൂടെയുള്ളവർ ഒരിക്കലും ഒറ്റക്കല്ല, ഒരു വലിയ സൈന്യം ആണ്. അവരെ തോൽപ്പിക്കാനും കീഴടക്കാനും യാതൊരു ജീവിത പ്രതിസന്ധികൾക്കും കഴിയില്ല.
കർത്താവിന്റെ വാഗ്ദത്തങ്ങളിൽ ഉറച്ചുനിൽക്കുന്നവരുടെ മുൻപിൽ കൊടുങ്കാറ്റും തിരമാലകളും ശാന്തമാകും, കീഴടങ്ങും.
ഇപ്പോൾ പ്രതികൂലതകൾക്കും പ്രതിസന്ധികൾക്കും മുമ്പിൽ കീഴടങ്ങിയ അവസ്ഥയിലാണോ നിങ്ങൾ?
ഭയവും നിരാശയും നിസ്സഹായതയും ശൈത്യ കൊടുങ്കാറ്റായി മനസ്സിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണോ?
കർത്താവിന്റെ വാക്കുകളിലേക്ക് മനസ്സ് തിരിച്ചാൽ വികാര കൊടുങ്കാറ്റുകൾ ശാന്തമാകും. ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ച്, പ്രകൃതിനിയമങ്ങൾ ചിട്ടപ്പെടുത്തിയ കർത്താവിന്റെ വാക്കുകൾ ആണ് തിരുവചനം. സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ ചാലകശക്തി ആണത്.
തളർന്ന മനസ്സിനെ തൊട്ടുണർത്തുന്ന ജീവന്റെ ശബ്ദമാണ് തിരുവചനം. അത് വായിക്കുകയും ധ്യാനിക്കുകയും പറയുകയും ചെയ്യുമ്പോൾ പ്രതികൂലതയുടെ കൊടുങ്കാറ്റുകൾ നിലയ്ക്കും, സാഗരം ശാന്തം ആകും.
നിങ്ങൾ ഭയപ്പെടുന്നത് എന്ത്, നിങ്ങൾക്ക് വിശ്വാസമില്ലെ?
ദൈവമേ, ജീവിത സംഘർഷങ്ങളെ കണ്ട് ഭയപ്പെടാതെ, ഞങ്ങളുടെ കൂടെയുള്ള, കൂടെ വസിക്കുന്ന, ആശ്വാസപ്രദനും കൗൺസിലറുമായ പരിശുദ്ധാത്മാവിൽ ആശ്രയിക്കാനും, ആത്മധൈര്യത്തോടെ ചുവടു വയ്ക്കുവാനുമുള്ള വിശ്വാസസ്ഥിരതയും പ്രത്യാശയും തന്നു ഞങ്ങളെ ഉറപ്പിക്കണമെ.