സത്യസന്ധതയ്ക്കും, സ്വഭാവശുദ്ധിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള, സദൃശ്യവാക്യത്തിലെ യാക്കേയുടെ മകനായ ആഗൂരിന്റെ പ്രാർത്ഥന വിശ്വാസികൾ ശ്രദ്ധയോടെ വായിക്കേണ്ടതാണ്:
'രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു; മരണംവരെ എനിക്ക് അവ നിഷേധിക്കരുതേ.
അസത്യവും വ്യാജവും എന്നില്‍ നിന്ന് അകറ്റി നിര്‍ത്തണമേ; ദാരിദ്യ്രമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ.
ഞാന്‍ സമൃദ്ധിയില്‍ അങ്ങയെ അവഗണിക്കുകയും കര്‍ത്താവ് ആര് എന്നു ചോദിക്കുകയും ചെയ്തേക്കാം; ദാരിദ്യ്രംകൊണ്ടു മോഷ്ടിച്ച് ദൈവനാമത്തെ നിന്ദിക്കുകയും ചെയ്തേക്കാം.'
സദൃ. 30 : 7-9
എത്ര ഉദാത്തമായ പ്രാർത്ഥനയാണല്ലേ? കൃപാസനത്തോട് ചേർന്ന് നിന്ന് ആർക്കും, എന്നും, എപ്പോഴും ചൊല്ലാവുന്ന, ദൈവം പ്രീതിപ്പെടുന്ന സമ്പൂർണ്ണ പ്രാർത്ഥന!
ക്രിസ്തിയ ജീവിതത്തിന് പ്രയോജനപ്പെടാത്തതും ദൈവനിയോഗം പൂർത്തിയാക്കുന്നതിന് തടസ്സം ഉണ്ടാക്കുന്നതുമായ ഭൗതിക അനുഗ്രഹങ്ങൾ ആവശ്യപ്പെടാതിരിക്കുവാനുള്ള സമഗ്രത ബൈബിളിലെ അനേകം ഭക്തർക്കുണ്ടായിരുന്നു. ജ്ഞാനികളായ അവർ ധനത്തിനോ, മാനത്തിനോ, ശക്തിക്കോ വേണ്ടി അപേക്ഷിച്ചില്ല.
'ആ രാത്രിയില്‍ ദൈവം സോളമനു പ്രത്യക്ഷനായി അരുളിച്ചെയ്തു: നിനക്ക് എന്തു വരമാണു വേണ്ടത്? ചോദിച്ചുകൊള്ളുക.
സോളമന് പറഞ്ഞു : എന്റെ പിതാവായ ദാവീദിനെ അവിടുന്ന് അത്യധികം സ്നേഹിച്ചു; എന്നെ അവന്റെ പിന്‍ഗാമിയും രാജാവുമായി നിയമിക്കുകയും ചെയ്തു.
ദൈവമായ കര്‍ത്താവേ, എന്റെ പിതാവിനോടു ചെയ്ത വാഗ്ദാനം നിറവേറ്റണമേ! ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഈ ജനത്തെ ഭരിക്കാന്‍ എന്നെ അവിടുന്നു രാജാവാക്കിയല്ലോ.
ഈ ജനത്തെ നയിക്കാന്‍ ജ്ഞാനവും വിവേകവും എനിക്കു നല്കണമേ! അവയില്ലാതെ, അവിടുത്തെ ഈ വലിയ ജനതതിയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും?
ദൈവം സോളമന് ഉത്തരമരുളി: കൊള്ളാം, സമ്പത്തോ ധനമോ പ്രശസ്തിയോ ശത്രുനിഗ്രഹമോ ദീര്‍ഘായുസ്സു പോലുമോ നീ ചോദിച്ചില്ല. ഞാന്‍ നിന്നെ രാജാവാക്കി, നിനക്ക് അധീനമാക്കിയിരിക്കുന്ന എന്റെ ജനത്തെ ഭരിക്കാന്‍ ജ്ഞാനവും വിവേകവും നീ ചോദിച്ചു.
ഞാന്‍ നിനക്ക് ജ്ഞാനവും വിവേകവും നല്കുന്നു. കൂടാതെ, നിന്റെ മുന്‍ഗാമികളോ പിന്ഗാമികളോ ആയ രാജാക്കന്മാരില് ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത സമ്പത്തും ധനവും പ്രശസ്തിയും ഞാന്‍ നിനക്കു നല്‍കും.'
2 ദിനവൃത്താന്തം 1 : 7-12
കൗമാരപ്രായത്തിൽ സംശുദ്ധ മനസ്സോടെ, വിനയാന്വതനായി, ദൈവഭയത്തോടു കൂടിയാണ് ശലോമോൻ പ്രാർത്ഥിച്ചത്.
'ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.'
സങ്കീര്‍ത്തനങ്ങള്‍ 27 : 4
ദാവീദ് ദൈവത്തിന് ഇഷ്ടപ്പെട്ടവനായി തീർന്നതിൽ അത്ഭുതമില്ല.
ദുരാഗ്രഹങ്ങളും പ്രതികാര ദാഹം നിറഞ്ഞതുമായ നിഷേധ പ്രാർത്ഥനകൾ ഒരിക്കലും അരുതെന്നാണ് കർത്താവ് പറഞ്ഞിട്ടുള്ളത്:
'അപ്പോള്‍, സെബദീപുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരോടുകൂടെ വന്ന് അവന്റെ മുമ്പില്‍ യാചനാപൂര്‍വം പ്രണമിച്ചു.
അവന് അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള് പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരില് ഒരുവന് നിന്റെ വലത്തുവശത്തും അപരന് ഇടത്തുവശത്തും ഇരിക്കുന്നതിനു കല്പിക്കണമേ!
യേശു മറുപടി നല്കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.'
മത്തായി 20 : 20-22
'അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കർത്താവേ, (ഏലീയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
അവൻ തിരിഞ്ഞു അവരെ ശാസിച്ചു: (“നിങ്ങൾ ഏതു ആത്മാവിന്നു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു.) അവർ വേറൊരു ഗ്രാമത്തിലേക്കു പോയി. ലൂക്കോസ് 9:54-56
നമ്മൾ ചോദിക്കുന്നതിനു മുമ്പ് നമ്മുടെ ആഗ്രഹങ്ങൾ എന്തെന്ന് അറിയുന്നവനാണ് നമ്മുടെ പിതാവാം ദൈവം. അതിഭാഷണത്താൽ കൂടുതൽ ലഭിക്കുമെന്ന് ചിന്തിക്കരുത് എന്ന് കർത്താവ് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ആദ്യം അവന്റെ രാജ്യവും നീതിയും അന്വേഷിക്കുമ്പോൾ നമുക്കാവശ്യമുള്ളതൊക്കെയും അവൻ തരും. നിനയ്ക്കുന്നതിലും അധികമായി നമുക്ക് തരും. നമ്മൾ ചോദിക്കാൻ മറന്നുപോകുന്നതും സ്വർഗ്ഗത്തിലെ അപ്പൻ നമുക്ക് കണ്ടറിഞ്ഞു തരും.
ദൈവമേ, അവിടുത്തെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും എന്റെ ജീവിതത്തിലും യാഥാർത്ഥ്യമാകേണമേ. 'എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംപോലെ മാത്രമാകട്ടെ' എന്ന് എല്ലാ പ്രാർത്ഥനകളുടെയും അവസാനംചേർത്ത് പ്രാർത്ഥിക്കുവാനുള്ള എളിമയും വിനയവും സമർപ്പണവും ഞങ്ങൾക്ക് നൽകേണമേ.