കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും കഥാപാത്രങ്ങളുംകൊണ്ട് സമ്പന്നമാണ് ബൈബിൾ എന്ന ഇതിഹാസ ഗ്രന്ഥം.
രാജഗ്രഹത്തിൽ വച്ച് സ്വന്തം കുടുംബാംഗത്തിൽ നിന്ന് പീഡനമേൽക്കേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ദുരന്ത കഥയാണ് 2 സാമുവൽ പതിമൂന്നാം അദ്ധ്യായത്തിൽ വിവരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുകയും പിച്ചി ചീന്തുകയും ചെയ്യുന്ന കാട്ടാള മനസ്സിന്റെ ക്രൂര വിനോദങ്ങൾ മീഡിയയിലൂടെ നാമെന്നും കണ്ടും കേട്ടുകൊണ്ടിരിക്കുകയാണ്. കണ്ണുനീരിൽ തൊട്ട് എഴുതിയ സ്ത്രീപീഡനത്തിന്റെ സഹനകഥകൾ മനുഷ്യചരിത്രത്തിൽ ധാരാളമുണ്ട്.
ദാവീദ് രാജാവിന്റെ മൂത്തമകനായ അംനോൻ ദാവീദിന്റെ മറ്റൊരു ഭാര്യയിലെ മകളും അബ്ശലോമിന്റെ സഹോദരിയുമായ താമാറിനെ ബലാൽക്കാരമായി കൈയ്യേറ്റം ചെയ്ത് മാനഭംഗപ്പെടുത്തി.
ആ ദുരന്ത സംഭവത്തിന് ശേഷം അമ്‌നോന്‍ അവളെ അത്യധികം വെറുത്തു. അവളെ സ്‌നേഹിച്ചതിനെക്കാള്‍ തീവ്രമായി അവന്‍ അവളെ ദ്വേഷിച്ചു. 'എഴുന്നേറ്റു പോവുക', അമ്‌നോന്‍ അവളോടു പറഞ്ഞു.
'ഇല്ല, സഹോദരാ; നീ എന്നോടു ചെയ്‌ത തെറ്റിനെക്കാള്‍ ഭയങ്കരമാണ് എന്നെ പറഞ്ഞുവിടുന്നത്, അവള്‍ പറഞ്ഞു.'
എങ്കിലും അവന്‍ അതു ശ്രദ്‌ധിച്ചില്ല.
2 സാമുവല്‍ 13 : 15-16
കാമം വെറുപ്പായി മാറിയപ്പോൾ അമ്നോൻ പറഞ്ഞു: 'get up and get out of here.' ഒരു വേസ്റ്റ് പാത്രംപോലെ അവളെ പുറത്തുതള്ളി വാതിലടച്ചു. കരുണയില്ലാത്ത വേട്ടക്കാരന്റെ ഇരയോടുള്ള ക്രൂരതയായിരുന്നു അത്.
അവൾക്ക് സാന്ത്വനം നൽകേണ്ട സ്വന്തം സഹോദരൻ അബ്ശലോം പറഞ്ഞു:
'സഹോദരി, അതൊക്കെ മറന്നേക്കൂ, അവൻ നിന്റെ സഹോദരൻ അല്ലേ.'
മറക്കാൻ പറയാനെന്തെളുപ്പം!
നിയമപാലകരും രാഷ്ട്രീയക്കാരും മതനേതൃത്വവുമൊക്കെ വേട്ടക്കാരന്റെ പക്ഷം ചേർന്നാണ് നിൽക്കാറുള്ളത്. അയാൾ വലിയ രാഷ്ട്രീയ നേതാവല്ലേ, ആത്മീയ ജനപ്രിയനായകനല്ലേ, സെലിബ്രിറ്റിയല്ലേ, ക്ഷമിച്ചേരെ എന്നൊക്കെയാണ് പറയാറുള്ളത്. സ്ത്രീകൾ സഹിക്കാനും ക്ഷമിക്കാനും കീഴടങ്ങാനുമുള്ള ഇരകളാണെന്ന ചിന്താഗതിയാണ് ഈ മനോഭാവങ്ങൾക്ക് പിന്നിൽ. പണം കൊടുത്ത് പ്രശ്നം ഒതുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ഇരയെ കൊന്നു കളയുവാനും ഈ കശ്മലന്മാർ മടിക്കില്ല.
രാജാവും പിതാവുമായ ദാവീദ് ഇത് കേട്ടപ്പോൾ കോപിച്ചു. പക്ഷേ നീതി നടത്തിയില്ല, അമ്നോനെ ശിക്ഷിച്ചില്ല. ഊരിയാവിന്റെ ഭാര്യയെ ബലാൽക്കാരമായി പീഡിപ്പിച്ചതിന്റെ ശിക്ഷ മകളുടെ ജീവിതത്തിലൂടെ 'ബാക്ക് ഫയർ' ചെയ്യുമ്പോൾ അപ്പൻ രാജാവ് എന്തുപറയാനാണ്?
അപ്പനിൽ നിന്നും അവൾക്ക് നീതി കിട്ടിയില്ല.
അവൾക്ക് നീതി നടത്തിക്കൊടുക്കേണ്ടവർ മൗനം പാലിച്ചപ്പോൾ, സാന്ത്വനിപ്പിക്കാൻ ആരും കൂടെയില്ലാതെ വന്നപ്പോൾ, താമാർ തകർന്നുപോയി. തന്റെ ചിതറിയ സ്വപ്നങ്ങൾക്കിടയിൽ താമർ ഏകാകിനിയായി:
'താമാര്‍ തലയില്‍ ചാരം വിതറി, താന്‍ ധരിച്ചിരുന്ന നീണ്ട അങ്കി വലിച്ചുകീറി, തലയില്‍ കൈ വച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടുപോയി.'
2 സാമുവല്‍ 13 : 19
നിരപരാധികളുടെയും നിഷ്കളങ്കരുടെയും ജീവിതത്തിൽ കടന്നുകയറി, അവരുടെ സ്വന്തവും സ്വത്തുമായ പ്രിയപ്പെട്ടതെല്ലാം കവർന്നെടുത്തവർ മനസ്സാക്ഷി കോടതിയിലെ നിത്യ വിചാരണ നേരിടേണ്ടിവരും. ചവിട്ടി മെതിയ്ക്കപ്പെട്ടവരുടെ കണ്ണുനീർ പ്രതികാരാഗ്നിയായി ആളിക്കത്തും. വേട്ടക്കാരൻ മാത്രമല്ല കുടുംബവും തലമുറകളും അതിന് കണക്ക് പറയേണ്ടിവരും, കനത്ത വില കൊടുക്കേണ്ടിവരും.
നീതിന്യായ കോടതിയും നീതിപാലകരും അട്ടിമറിച്ചതും അടിച്ചൊതുക്കിയതുമായ കേസുകൾ' Divine Bureau of Investigation' പ്രത്യേക താൽപര്യഹർജി ആയി പരിഗണിച്ചു സ്വർഗ്ഗീയ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ചരിത്രം സാക്ഷി.
അമ്നോന്റെ ജീവിതത്തിലേക്കും ഈ ക്രൂരമായ ന്യായവിധി കടന്നുവന്നു. അബ്ശലോം അമ്നോന്റെ ആരാച്ചാരായി.
താമാറിന്റെ ദുരന്തങ്ങളിലൂടെ കടന്നുപോയിട്ടുള്ള സഹോദരിമാരെയും അനിയത്തിമാരെയും കുഞ്ഞനുജത്തിമാരെയും ആശ്വസിപ്പിക്കുവാൻ മനുഷ്യന്റെ വാക്കുകൾ അപര്യാപ്തമാണ്.
അവരെ ആശ്വസിപ്പിക്കാനും മുറിവുണക്കാനും മനഃശാസ്ത്ര തെറാപ്യുട്ടിക് മെത്തെഡ്‌സ് പൂർണ്ണമായും പര്യാപ്തമല്ല.
താമാറിനെപോലെ ക്രൂര യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോയ ഒരാളെ സഹോദരിമാർക്ക് പരിചയപ്പെടുത്തുവാനുണ്ട്.
താമാറിന്റെ ജീവിതവുമായി അവന്റെ ജീവിതാനുഭവങ്ങൾക്ക് വളരെ സാമ്യമുണ്ട്.
രോഗം അഭിനയിച്ചു കിടന്ന സഹോദരൻ അമ്നോന്റെ ഭവനത്തിലേക്ക് സ്നേഹ ശുശ്രൂഷക്കായി താമാറിന്റെ പിതാവ് ദാവീദ് അവളെ പറഞ്ഞു വിട്ടു. അതുപോലെ പിതാവാം ദൈവം ശ്രേഷ്ഠ നിയോഗവുമായി തന്റെ പുത്രനെ ദുഷ്കർമ്മികളുടെ അടുത്തേക്കയച്ചു. സ്നേഹശുശ്രൂഷ നൽകിയവരാൽ ദൈവപുത്രൻ പീഡിപ്പിക്കപ്പെട്ടു. അവർ അവന്റെ വസ്ത്രമുരിഞ്ഞു. അടിച്ചു . മുഖത്ത് തുപ്പി. കൈകാലുകൾ തുളച്ചു . അപഹാസ്യനായി വലിച്ചിഴച്ചു . തീവ്രവേദനയാൽ മൂന്നാണികളിൽ കുരിശിന്മേൽ തൂങ്ങി, മനുഷ്യന്റെ വീണ്ടെടുപ്പിനുള്ള പാപപരിഹാര ബലിയായി തീർന്നു.
അപമാനത്തിന്റെ കുരിശു ചുമന്നു തളരുന്ന പ്രിയ സഹോദരിമാരോട് പറയാൻ ക്രിസ്തുവിനു രണ്ടു വാക്കുകൾ ഉണ്ട്:
' Me Too.'
നിങ്ങളുടെ കണ്ണുനീർ തുടയ്ക്കാനും മനോഭാരങ്ങൾ ചുമക്കാനും, തകർന്ന സ്വപ്നങ്ങളെ കൂട്ടിച്ചേർത്ത് ശുഭഭാവിയുടെ നൂതനസ്വപ്നങ്ങൾ വിരിയിക്കാനും, ആന്തരിക മുറിവുകളിൽ ആണിപ്പാടുള്ള കരങ്ങൾ വച്ച് സൗഖ്യമാക്കാനും കർത്താവിനു കഴിയും. വിലാപം സന്തോഷമാക്കാനും, ദുഃഖത്തിന്റെ രെട്ടഴിച്ചു മാറ്റി കല്യാണവസ്ത്രം ധരിപ്പിക്കാനും, നിരാശ പ്രത്യാശ ആക്കി മാറ്റാനും യേശു കർത്താവിനു കഴിയും.
താമാർ തലയിൽ വിതറിയ ലജ്ജയുടെ ചാരം തുടച്ചുമാറ്റുവാനാണ് നിന്റെ കർത്താവ് ഭൂമിയിൽ വന്നത്:
'ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു.
സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ് നട്ടുപിടിപ്പിച്ചനീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനും വേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്‌പ മാല്യവും വിലാപത്തിനുപകരം ആനന്‌ദത്തിന്റെ തൈലവും തളര്‍ന്ന മനസ്‌സിനുപകരം സ്‌തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.'
ഏശയ്യാ 61 : 1-3
രാജ കന്യകമാർ ധരിക്കുന്ന റോയൽ ഡ്രസ്സ് ധരിക്കുവാനുള്ള അർഹത തനിക്ക് നഷ്ടപ്പെട്ടപ്പോൾ താമാർ വലിച്ചുകീറിയ വിശേഷ വസ്ത്രം വീണ്ടും ഉടുപ്പിക്കാൻ നിങ്ങൾക്കൊരു വീണ്ടെടുപ്പുകാരൻ ഉണ്ട്:
'ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു.'
വെളിപാട് 7 : 9
അതെ, വെള്ള നിലയങ്കി ധരിച്ച വിശുദ്ധരോടൊപ്പമാണ് ഇപ്പോൾ താമാർ.
പ്രിയ സോദരിമാരെ, ക്രൂരന്മാരായ അമ്നോൻമാരുടെ അതിക്രമം കൊണ്ട് നശിച്ചു പോകുന്നതല്ല നിങ്ങളുടെ ജീവിതം. വീണ്ടെടുപ്പുകാരനും സൗഖ്യദായകനുമായ ക്രിസ്തുവിന്റെ പുണ്യ രക്തം നിങ്ങളെ ശുദ്ധീകരിക്കാനും ശക്തീകരിക്കാനും പര്യാപ്തമാണ്.
മനഃസാക്ഷിയില്ലാത്ത ക്രൂരന്മാർ നിങ്ങളെ മുറിവേൽപ്പിച്ചെങ്കിലും ദൈവ ചൈതന്യം നിറഞ്ഞ നിങ്ങളിലെ ആത്മാവ് ഇപ്പോഴും വിശുദ്ധമാണ്, തേജോമയമാണ്. നിങ്ങളുടെ സ്വന്തം ഇമ്മാനുവേൽ നിങ്ങളോടൊപ്പമുണ്ട് .
പൗലോസ് അപ്പോസ്തോലന്റെ വാക്കുകളിൽ മനസ്സുറപ്പിച്ച് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് പോകണം:
' എന്റെ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്‌ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.'
ഫിലിപ്പി 3 : 13
എളിയവരോടും പീഡിതരോടും പക്ഷം ചേരുന്ന നീതിമാനായ ദൈവം, മുറിവേറ്റും തകർന്നും തളർന്നുമിരിക്കുന്ന പ്രിയപ്പെട്ട മക്കളെ ആശ്വാസ കരങ്ങളാൽ പിടിച്ച് എഴുന്നേല്പിക്കും. അവരുടെ തകർന്ന ഹൃദയങ്ങളെയും മുറിവേറ്റ വികാരങ്ങളെയും സൗഖ്യമാക്കും. പ്രത്യാശയെ പുതുക്കിപ്പണിത് പ്രത്യാശയിൽ യഥാസ്ഥാനപ്പെടുത്തി ഉറപ്പിക്കും. ദുഷ്ടന്റെ ഭീഷണിയിലും പ്രലോഭനത്തിനും പീഡനങ്ങളിലും ആയിരിക്കുന്ന തന്റെ മക്കളെ വിടുവിക്കും.
-ഫാ. ഡോ. ഏ. പി. ജോർജ്