ആക്തിയുടെ അടിയൊഴുക്കുകൾ
ശരീരത്തിലും മനസ്സിലും വികാരങ്ങളിലും ആഴത്തിൽ വേരോടുന്ന പ്രതിസന്ധിയാണ് ആസക്തി. ആസക്തിയുടെ നെറ്റ്വർക്കുകൾ വിപുലവും സങ്കീർണവും ആണ്.
ലഹരി വസ്തുക്കളും സ്വഭാവങ്ങളും മത്തിഷ്കത്തിലെ 'റിവാർഡ് സിസ്റ്റത്തെ' ഉദ്ദീപിപ്പിക്കുമ്പോൾ ആനന്ദവും ആശ്രയത്വവും ഉണ്ടാക്കുന്ന ഡോപാമൈൻ പുറപ്പെടുവിക്കപെടുന്നു. കുറേക്കാലം ഇത് തുടരുമ്പോൾ, ആസക്തി ഉണ്ടാക്കുന്ന വസ്തുക്കളോടും സ്വഭാവങ്ങളോടുമുള്ള ആകർഷണത്തിൽ മത്തിഷ്ക്കം 'റീ സെറ്റ്' ചെയ്യപ്പെടും.
ജീവിത സംഘർഷം, ദുരന്തങ്ങൾ, ഏകാന്തത, വൈകാരിക പ്രതിസന്ധികൾ എന്നിവയുടെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് പലരും ആസക്തിയിൽ അഭയം തേടുന്നത്. ആസക്തിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം നിഷേധ വികാരങ്ങളാകുന്ന വേതാളങ്ങൾ തലപൊക്കും. അപ്പോൾ വീണ്ടും ആസക്തിയുടെ ആലസ്യത്തിലേക്ക് ചുവടു വയ്ക്കും.
ആസക്തി ദീർഘകാലം തുടരുമ്പോൾ, സ്വയനീതികരണം, ഡിനയൽ, ശൂന്യതാബോധം തുടങ്ങിയ ശിഥില ചിന്തകളും മനോഭാവങ്ങളും രുപപ്പെടും. ഇത്തരം നിരർത്ഥ ചിന്തകളുടെ കാരാഗ്രഹത്തിലെ നിത്യ തടവുകാരായി തുടരുന്നത് 'സൈക്കോളജിക്കൽ അഡിക്ഷ'നാണ്.
പാപസ്വഭാവങ്ങൾ ഉണ്ടാക്കുന്ന കുറ്റബോധവും നിരാശയും അപകർഷതാബോധവും മൂല്യ സംഘർഷവും ഒക്കെ പലരുടെയും ആത്മീയ പ്രതിസന്ധികളാണ്. ദൈവവും പ്രിയപ്പെട്ടവരും വെറുക്കുന്നു, സമൂഹത്തിൽ ഒറ്റപ്പെടുന്നു എന്നൊക്കെയുള്ള അസ്വസ്ത ചിന്തകൾ ചിർക്ക് ആസക്തിക്ക് പ്രേരണ ഉണ്ടാക്കാറുണ്ട് .
എന്തുകൊണ്ടാണ് ആസക്തികളുടെ ആകർഷണത്തിൽ പെട്ടുപോകുന്നത്?
ആസക്തികൾ ടോക്സിക് ആണെന്ന് അറിയാമെങ്കിലും അതുനൽകുന്ന താൽക്കാലിക കംഫർട്ട് സോണും പൊള്ളയായ സുരക്ഷിതബോധവും ലഹരി സുഹൃബന്ധങ്ങളും ഒക്കെ ആസക്തിയിലേക്ക് വീണ്ടും വീണ്ടും ആകർഷിക്കപ്പെടുന്നു. ആസക്തി ജീവിതശൈലി ആയിപ്പോയവർക്ക്, മാറ്റങ്ങളും പുതിയ ജീവിതശൈലികളും അനിഷ്ടമാണ്. പഴയതിന്റെ തനിയാവർത്തനമാണ് അവർക്കിഷ്ടം.
ജീവിത പ്രതിസന്ധികളിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടുവാൻ ആസക്തി പലർക്കും പുകമറയാണ്. യാഥാർത്ഥ്യങ്ങളെ നേരിടുവാൻ 'ഈഗോസ്ട്രെങ്ത് ' കുറഞ്ഞ ദുർബലർ ലഹരിയുടെ ഒളിവിടങ്ങളിലേക്ക് ചേക്കേറും.
നിഷേധ ശക്തികളുടെ ബന്ധനവും ആത്മീയ പോരാട്ടവും ആണ് ആസക്തിക്ക് പിന്നിലെന്നു വിശ്വസിക്കുന്നവരുമുണ്ട്.
ആസക്തികൾ തുടങ്ങുന്നതിന്റെയും തുടരുന്നതിന്റെയും പിന്നിൽ പല മനോരോഗങ്ങളുടെയും സ്വാധീനമുണ്ട്. ഡിപ്രഷൻ, ബൈപ്പോളാർ ഡിസോർഡർ, ആകാംഷാ രോഗങ്ങൾ, പോസ്റ്റ് ട്രൊമാറ്റിക് ഡിസോർഡർ, ബോർഡർലൈൻ പേഴ്സണലിറ്റി ഡിസോർഡർ, ആന്റി സോഷ്യൽ പേഴ്സണലിറ്റി ഡിസോർഡർ, സ്കിസോഫ്രീനിയ, അറ്റെൻഷൻ ഡെഫിസിറ്റ് / ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ തുടങ്ങിയവ കർട്ടന് പിന്നിൽ നിന്ന് റിമോട്ടിംഗ് നടത്തുന്ന രോഗങ്ങളാണ്. ഇവർക്ക് മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ മനോരോഗത്തിനും ആസക്തിക്കും ഉള്ള പ്രത്യേക ചികിത്സ ആവശ്യമാണ്.
ആസക്തികളുടെ കരാളഹസ്തങ്ങൾ പലതാണ്. മദ്യം, ലഹരിമരുന്നുകൾ, നിക്കോട്ടിൻ, കഫീൻ തുടങ്ങിയവയോടുള്ള ആസക്തികൾ 'സബ്സ്റ്റൻസ് അഡിക്ഷൻ' എന്ന് അറിയപ്പെടുന്നു.
ചൂതുകളി, സെക്സ്, ഫോർണോഗ്രാഫി, ഇന്റർനെറ്റ്- സോഷ്യൽ മീഡിയ, ഗെയിം, ഷോപ്പിംഗ് (oniomania), ജോലി ( workaholism), വ്യായാമം തുടങ്ങിയവയിലുള്ള ആസക്തികളെ 'ബിഹേവ്യറൽ അഡിക്ഷൻ' എന്ന് വിളിക്കുന്നു.
വൈകാരിക നൊമ്പരങ്ങളെ അതിജീവിക്കാൻ സ്വയം മുറിവേൽപ്പിക്കലും സാഹസികതയും സ്വീകരിക്കുന്നതും ആസക്തിയുടെ മറ്റു മുഖങ്ങളാണ്.
എല്ലാ ആസക്തികൾക്കും ചില പൊതുവായ പ്രത്യേകതകളുണ്ട്:
ആസക്തികൾ മത്തിഷ്ക്കത്തിലെ റിവാർഡ് സിസ്റ്റത്തെ ഹൈജാക്ക് ചെയ്യുന്നു. വ്യക്തിക്ക് ആസക്തികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. മനോ ശാരീരിക മേഖലകളിലും സാമൂഹ്യബന്ധങ്ങളിലും കർമ്മശേഷിയിലും ദോഷകരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നു.
ദൈവശക്തിയിലുള്ള വിശ്വാസവും ആശ്രയവും പലർക്കും ആസക്തിയിൽ നിന്നുള്ള വിമോചനത്തിന് സഹായകമാകാറുണ്ട്. സർവ്വശക്തനിലുള്ള വിശ്വാസം നൽകുന്ന പ്രതീക്ഷയും ആത്മവിശ്വാസവും പലർക്കും മനസ്സിന്റെ രൂപാന്തരത്തിനും ഹോളിസ്റ്റിക് ഹീലിങ്ങിനും സഹായകമാകാറുണ്ട്. ആസക്തിയുടെ ചുഴിയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കഴിയില്ലെങ്കിലും ഈശ്വര കൃപകൊണ്ട് മോചനം സാധ്യമാകും എന്ന ശുഭാപ്തി വിശ്വാസവും പാപക്ഷമയിലൂടെ കുറ്റബോധം നീക്കപ്പെടുന്നതും വിശുദ്ധ ലിഖിതങ്ങൾ നൽകുന്ന ഉൾക്കാഴ്ചയും സഹവിശ്വാസികളുടെ കൂട്ടായ്മയും സപ്പോർട്ടും ആസക്തിയുടെ കെട്ടുകൾ പൊട്ടിച്ച് രക്ഷപെടുവാൻ പലരെയും സഹായിച്ചിട്ടുണ്ട്.
ഈശ്വര വിശ്വാസം അനേകർക്ക് ദിശാബോധവും ലക്ഷ്യബോധവും നൽകാറുണ്ട്. ദൈവം ഏൽപ്പിച്ചിരിക്കുന്ന കുടുംബ-സാമൂഹ്യ നിയോഗങ്ങളോടുള്ള പ്രതിബദ്ധതയിൽ വിശ്വസ്തരാകാനും ആസക്തികളുടെ വഴിയിൽനിന്ന് വഴിമാറി നടക്കുവാനും അനേകർക്ക് പ്രേരണ നൽകുന്നുണ്ട്.
'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയായവൻ ആകുന്നു ' എന്ന സെന്റ് പോളിന്റെ വാക്കുകൾ 'പോസിറ്റീവ് മെന്റൽസെറ്റ് ' രൂപപ്പെടുത്തുന്ന, കോഗ്നിറ്റീവ് ബിഹേവ്യറൽ തെറാപ്പിയിൽ ചേർക്കാവുന്ന സ്പിരിച്വൽ ചേരുവയാണ്.
ആസക്തിയുടെ വൻ ചുഴിയിൽ നിന്നും കരകയറിയവർ വീണ്ടും വീണു പോകാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്:
'ഹൈ റിസ്ക്' പ്രലോഭന സാഹചര്യങ്ങളും ലഹരി സുഹൃബന്ധങ്ങളും അമിത വൈകാരിക പ്രതിസന്ധികളും ഒഴിവാക്കുവാൻ ശ്രമിക്കണം. വ്യായാമം, ധ്യാനം, പ്രാർത്ഥന, ഹോബി, സൈക്കോതെറാപ്പി തുടങ്ങിയ 'coping strategies' തുടരണം. പ്രായോഗികമായ ഗോൾ സെറ്റിംഗ്, കർമ്മനിരതമായ ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണരീതി, ഉറക്കം തുടങ്ങിയവയൊക്കെ വളരെ പ്രധാനമാണ്.
ആസക്ത്തികളിൽ നിന്നും പിന്മാറിയതിനുശേഷം ഒന്നോ രണ്ടോ വീഴ്ചകൾ സംഭവിച്ചാലും നിരാശപ്പെടരുത്. ആരോഗ്യ വിദഗ്ധരുടെ സഹായഹസ്തങ്ങളിൽ മുറുകെപ്പിടിച്ച്, ചുവടുറപ്പിച്ച് വീണ്ടും നടന്നു മുന്നേറണം.
ആസക്തിയിൽ വീഴുന്നത് തനിയെ ആണെങ്കിലും അതിൽ നിന്ന് കരേറുന്നത് മെഡിക്കൽ ടീം, കുടുംബം, ജീവിതപങ്കാളി, കൂട്ടായ്മ തുടങ്ങിയവരുടെ സഹായത്തോടെയാണ്. ആസക്തിയുടെ നഷ്ടങ്ങളും വീഴ്ചകളും പറഞ്ഞ് വീണുപോയവരെ കുറ്റപ്പെടുത്താതെ, വിജയത്തിന്റെ വഴിയിലൂടെ ക്ഷമയോടെ കൈപിടിച്ച് നടത്തണം. ആസക്തി താന്തോന്നിത്തവും ധിക്കാരവും അല്ല, രോഗവും വ്യക്തിത്വ വൈകല്യവുമാണ്. ഭീഷണിയും ഉപദേശവും കൊണ്ട് പ്രയോജനമില്ല. വിമുക്തിക്ക്, മാനസികാരോഗ്യ വിദഗ്ധരുടെ മെഡിക്കൽ കെയറും കുടുംബാംഗങ്ങളുടെ നിരന്തര പ്രോത്സാഹനവും ദീർഘകാലം തുടരേണ്ടതുണ്ട്.
ഒരിക്കലും തോൽക്കാത്തവരല്ല, തോറ്റിട്ടും പിന്മാറാത്തവരാണ് വിജയികൾ!
-ഫാ. ഡോ. ഏ. പി. ജോർജ്