വൈകാരിക സംഘർഷങ്ങൾ ശാന്തമാക്കാം.

പലപ്പോഴും വലിയ ശത്രു സൈന്യം നമുക്ക് ചുറ്റും അണിനിരക്കാറുണ്ട്. ഭയം,  ആകാംക്ഷ,  അനിശ്ചിതത്വം തുടങ്ങിയ ശത്രുക്കൾ ഭീഷണിയുടെ ആയുധങ്ങളുമായി നമ്മുടെ ചിന്തകളിലും വികാരങ്ങളിലും വിഭ്രമാവസ്ഥ സൃഷ്ടിക്കാറുണ്ട്.
പലരും ജീവിത ദുരന്തങ്ങളുടെ വൈകാരിക ഭൂകമ്പത്തിൽ അടിസ്ഥാനം ഇളകിയ അവസ്ഥയിലായിരിക്കാം ഇപ്പോൾ. ചില ദുരന്തവാർത്തകൾ പലരുടേയും ആത്മ നിയന്ത്രണം നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം. ഒരുപക്ഷേ അടുത്ത നിമിഷത്തിൽ, അപ്രതീക്ഷിത സംഭവങ്ങൾ നമ്മുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചേക്കാം.

എന്നാൽ ഇത്തരം സംഭവങ്ങൾ ഒന്നും ദൈവത്തിന് അപ്രതീക്ഷിതമല്ല. അവയെല്ലാം ദൈവത്തിന്റെ അറിവിലും നിയന്ത്രണത്തിലും ആണ്. വലിയൊരു സൈന്യം രാജ്യത്തിന്റെ നേരെ വന്നപ്പോൾ, ദൈവത്തോട് സഹായത്തിന് കരഞ്ഞു അപേക്ഷിച്ച യെഹോശാഫാത് രാജാവിന് ദൈവം നൽകിയ മറുപടിയാണ് എന്നോടും നിങ്ങളോടും ദുരന്തങ്ങളിൽ ദൈവം പറയുന്നത്:

'യഹസിയേല്‍ പറഞ്ഞു: യൂദായിലും ജറുസലെമിലും വസിക്കുന്നവരും യഹോഷാഫാത്ത്‌ രാജാവും കേള്‍ക്കട്ടെ! കര്‍ത്താവ്‌ നിങ്ങളോട്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഭയപ്പെടേണ്ടാ. നിങ്ങളല്ല, ദൈവമാണ്‌ യുദ്ധം ചെയ്യുന്നത് . നാളെ അവര്‍ക്കെതിരേ പുറപ്പെടുക.'
2 ദിനവൃത്താന്തം 20 : 15

ഭൂമിയുടെ അടിസ്ഥാനങ്ങൾ ഇളകുമ്പോൾ,  അസംഖും ശത്രു സൈന്യം നമുക്ക് മുമ്പിൽ അണിനിരക്കുമ്പോൾ ദൈവം പറയുന്നതിൽ മാത്രം, മാത്രം മനസ്സുറപ്പിച്ചാൽ മതി.
എന്താണത്?
'ഈ യുദ്‌ധത്തില്‍ നിങ്ങള്‍ പൊരുതേണ്ടി വരുകയില്ല. യൂദാ- ജറുസലെം നിവാസികളേ, അണിനിരന്നു കാത്തുനില്‍ക്കുവിന്‍. '
2 ദിനവൃത്താന്തം 20 : 17

എത്ര വലിയ കൊടുങ്കാറ്റുകളെയും പ്രതിസന്ധികളുടെ തിരമാലകളെയും ദുഷ്ടരായ ശത്രുക്കളെയും നേരിടുവാനും സമാധാനത്തിൽ മനസ്സുറപ്പിക്കുവാനും എനിക്കും നിങ്ങൾക്കും കഴിയും.
എങ്ങനെ?
'...കര്‍ത്താവ്‌ തരുന്ന വിജയം നിങ്ങള്‍ കാണും. നിങ്ങള്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. നാളെ അവര്‍ക്കെതിരേ നീങ്ങുവിന്‍. കര്‍ത്താവ്‌ നിങ്ങളോടുകൂടെയുണ്ട്‌.' 2 ദിനവൃത്താന്തം 20 : 17

സർവശക്തൻ നമ്മോടുകൂടെയുണ്ട്.  നമ്മൾ ഒരു യുദ്ധവും ചെയ്യേണ്ടതില്ല.  സാഹസികമായി പ്രതികരിക്കേണ്ടതില്ല.  ദൈവത്തിൽ പ്രത്യാശ വെച്ച് സമാധാനത്തോടെ ഉറങ്ങിക്കൊള്ളൂ. എല്ലാം ദൈവം കരുതിക്കൊള്ളും. യുദ്ധം യഹോവയ്ക്കുള്ളത്.
സർവ്വശക്തൻ നൽകുന്ന ഉറപ്പാണ് ഇത്.  സ്വർഗ്ഗസ്ഥ പിതാവിന്റെ ഈ വാക്കുകൾ എത്ര വലിയ ആശ്വാസമാണ്,  പ്രത്യാശയാണ്...

ദൈവമേ,  ഭയപ്പെടുത്തുന്നതും ഹൃദയം കലക്കുന്നതുമായ ദുരന്തങ്ങൾ, രോഗം,  ബന്ധങ്ങളുടെ തകർച്ച,  മരണഭയം തുടങ്ങിയ പ്രതിസന്ധികൾ   നേരിടുന്ന അവസ്ഥയിലാണ് ഞങ്ങളിൽ പലരും.
ഫറവോനും ചെങ്കടലിനും മധ്യേ നിൽക്കുന്ന സാധുവായ എന്നെ നിന്റെ സമാധാനത്തിലുള്ള പ്രത്യാശയിലും വിസ്മയ വാഗ്ദാനങ്ങളിലും ഉറപ്പിച്ച് നിർത്തേണമേ.

ആകാംക്ഷപ്പെടാതെ, പലതിനെയും പറ്റി വിചാരപ്പെടാതെ, മീഡിയയും മറ്റുള്ളവരും പറയുന്ന വ്യർത്ഥ വാക്കുകൾ കേട്ട് ചഞ്ചലപ്പെടാതെ, എന്റെ രക്ഷയും പ്രകാശവും ജീവന്റെ ബലവുമായ അങ്ങയിൽ മാത്രം വിശ്വസിക്കുവാൻ കൃപ തരേണമേ.

എന്നെയും എന്റെ കുടുംബത്തെയും പൂർണ്ണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ രക്ഷകനും വീണ്ടെടുപ്പുകാരനുമായ ക്രിസ്തുയേശുവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.