സർവശക്തന്റെ മക്കൾ ഭീരുക്കൾ ആകരുത്

സർവ്വശക്തന്റെ മക്കൾ ഭീരുക്കളാക്കരുത്.

 തളർത്തുകയും തകർക്കുകയും ചെയ്യുന്ന ദുരന്തങ്ങളാണ് ജീവിതപരാജയങ്ങൾ. പരാജയങ്ങളിൽ ഇടറിപ്പോകുന്ന മനസ്സിന്റെ അടിസ്ഥാനമുറപ്പിക്കാൻ ആശ്വാസ വാക്കുകളും മഹത് വചനങ്ങളും പലപ്പോഴും പ്രയോജനപ്പെടാറില്ല.  നിരാശയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നുപോയ മനസ്സിനെ ഉയർത്തുവാൻ സൈക്കോതെറാപ്പിയും ചിലപ്പോൾ പ്രയോജനപ്പെടാതെ വരാറുണ്ട്.

 മിഥ്യാഭിമാനക്കാരും വൈകാരിക പക്വതയും  ' ഇഗോ സ്‌ട്രെങ്ത് ' കുറഞ്ഞവരും പരാജയത്തിന് അമിത പ്രാധാന്യം കൊടുക്കും.
 പരാജയപ്പെട്ട തന്നെ ലോകം മുഴുവൻ പരിഹാസത്തോടും അവഗണനയോടും കൂടെ കാണും,  ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന അതിരുകടന്ന ചിന്തകൾ ഇവരെ  വ്യാകുലപ്പെടുത്തും.  പരാജയങ്ങളിൽ ഇവർ  പലപ്പോഴും അപകടകരമായ ചുവടുവെപ്പ് നടത്താറുണ്ട്.

 സർവ്വശക്തനിൽ ആശ്രയിച്ച്,  സമർപ്പിത ജീവിതം നയിക്കുന്ന ദൈവഭക്തരും ചിലപ്പോൾ പരാജയപ്പെട്ടേക്കാം. ജോലി,  ദാമ്പത്യം,  പേരന്റിങ് എന്നിവയിലെ വീഴ്ചകൾ സ്വാഭാവികമാണ്. ചിലരുടെ പരാജയങ്ങൾക്കും വീഴ്ചയ്ക്കും പാപവും കാരണമാകാറുണ്ട്. 
പക്ഷേ,  പരാജയപ്പെടുന്നത് കൊണ്ട് ദൈവത്തിന് നമ്മോടുള്ള സമീപനത്തിൽ മാറ്റം വരില്ല, സ്നേഹം കുറഞ്ഞു പോവില്ല,  എന്ന സത്യം എല്ലാ വിശ്വാസികളും മനസ്സിലാക്കേണ്ടതാണ്.  പാപം അധിവസിക്കുന്ന ലോകത്ത് പരാജയത്തിനും ഉള്ള സാധ്യതകൾ അനവധിയാണ്.

 ജീവിതപരാജയങ്ങളിൽ നമ്മൾ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങൾ തിരുവചനം പറഞ്ഞു തരുന്നത് നമുക്ക് ചിന്തിക്കാം:

1. നമ്മുടെ ആത്മീയ ജീവിതത്തിലെ പരാജയങ്ങൾക്കുള്ള പ്രതിവിധിയാണ് ക്രിസ്തുവിന്റെ പാപപരിഹാര ബലിയും ഉയർത്തെഴുന്നേൽപ്പും. 'തെറ്റ് സംഭവിച്ചു പോയി, ക്ഷമിക്കണം, യഥാസ്ഥാന പെടുത്തണം' എന്ന് ക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുമ്പോൾ ദൈവം നമ്മോട് ക്ഷമിക്കും. ലോകത്തെ ജയിച്ച ക്രിസ്തുവിലൂടെ എല്ലാ പരാജയങ്ങളെയും വിജയമാക്കുവാൻ കഴിയും.

1 യോഹന്നാന്‍ 1 : 9
' നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.'

2. പരാജയപ്പെടുന്നവരെ  ഉപേക്ഷിക്കുന്നവനല്ല നമ്മുടെ ദൈവം.
ശ്രേഷ്ഠരായ മാതാപിതാക്കൾ പരാജയപ്പെടുന്ന മക്കളെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യാറില്ല. നല്ല ജീവിത പങ്കാളിയും സുഹൃത്തുക്കളും നമ്മുടെ പരാജയങ്ങളിൽ നമ്മെ മുറിവേൽപ്പിക്കുന്നതിന് പകരം, സാന്ത്വന ശക്തി പകർന്ന് നമ്മെ ബലപ്പെടുത്തും. 

റോമാ 8 : 1-2
'ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയില്ല.
എന്തെന്നാല്‍, യേശുക്രിസ്‌തുവിലുള്ള ജീവാത്‌മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.'

നമ്മുടെ സ്വർഗ്ഗസ്ഥ പിതാവ് ക്ഷമാശീലനാണ്. പരാജയവും വീഴ്ചയും സംഭവിക്കുന്ന തന്റെ മക്കളെ ഒരിക്കലും  ദൈവം  തള്ളിക്കളയില്ല.

3. വീണു പോയവർക്കും പരാജയപ്പെട്ടവർക്കും വീണ്ടും അവസരങ്ങൾ നൽകുന്നവനാണ് ദൈവം. 

പരസ്യമായ പാപവും വീഴ്ചയും സംഭവിച്ച ദാവീദ് പാപക്ഷമക്കായി യാചിച്ചപ്പോൾ,  ദൈവം ക്ഷമിച്ചു. മാത്രവുമല്ല ദാവീദിന്റെ കാലശേഷവും ദാവീദിനോടുള്ള സ്നേഹം ദൈവം യൂദ ഗോത്രത്തോട് പ്രകടിപ്പിച്ചു.

2 രാജാക്കന്‍മാര്‍ 8 : 19
'എങ്കിലും കര്‍ത്താവ്‌ തന്റെ ദാസനായ ദാവീദിനെപ്രതി യൂദായെ നശിപ്പിച്ചില്ല. കാരണം, അവനും അവന്റെ പുത്രന്‍മാര്‍ക്കും പിന്‍ഗാമി അറ്റുപോവുകയില്ലെന്ന്‌ അവിടുന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു.'

 ദൈവം പാപങ്ങൾ ക്ഷമിക്കുന്നവനും അത് മറന്നു കളയുന്നവനും പിന്നീട് ഓർക്കാതിരിക്കുന്നവനും ആണ്. അതുകൊണ്ട് ദൈവത്തിൽ നിന്ന് പാപക്ഷമ ലഭിച്ചവർ കുറ്റബോധത്തിന്റെ ഭാരങ്ങൾ ചുമന്ന് തളരേണ്ടതില്ല. ദാസരിൽ ഒരുവൻ എന്ന് വിളിക്കപ്പെടുവാനുള്ള യോഗ്യതയില്ലെന്നു ഏറ്റുപറഞ്ഞ ധുർത്ത പുത്രന്,  പ്രിയപ്പെട്ട മകന്റെ പദവി നൽകിയ ദൈവത്തിന്റെ വിസ്മയ സ്നേഹത്തെ നമ്മൾ ഒരിക്കലും സംശയിക്കരുത്. Our God is God of second chance.

4. നമ്മുടെ പരാജയത്തിന്റെ പേരിൽ ദൈവം നമ്മെ അയോഗ്യരാക്കുകയില്ല. 
ക്രിസ്ത്യാനികളുടെ പീഡകനും അവർക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയവനുമായ പൗലോസ്, മനം തിരിഞ്ഞ് വന്നപ്പോൾ ദൈവം സ്വീകരിച്ചു. വലിയ നിയോഗങ്ങൾ അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 15
'കര്‍ത്താവ്‌ അനന്യാസിനോട് പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്‍മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്റെ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ്‌  ശൗൽ.'

 പൗലോസിന്റെ കഴിഞ്ഞകാല ജീവിതത്തിലെ ക്രൂരതയും പരാജയങ്ങളും സ്നേഹത്തിന്റെ അപ്പോസ്തോലനായി അവനെ അഭിഷേകം ചെയ്യുന്നതിന് ദൈവത്തിന് തടസ്സമായില്ല.

5. നമ്മുടെ പരാജയങ്ങളെ ആത്മീയ വളർച്ചയ്ക്കും തെറ്റായ മനോഭാവങ്ങളുടെ തിരുത്തിയെഴുതലിനും ദൈവം പ്രയോജനപ്പെടുത്തും.

 ക്രിസ്തുവിന്റെ സ്നേഹത്തെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ,  മൂന്നുപ്രാവശ്യം 'നീയെന്നെ സ്നേഹിക്കുന്നുവോ' എന്ന് ആവർത്തിച്ച് ചോദിച്ച്,  സ്നേഹത്തിൽ ഉറപ്പിച്ചു. ഓരോ പരാജയങ്ങളിലൂടെ നമ്മൾ പഠിക്കേണ്ട വലിയ ജീവിതപാഠങ്ങളും തിരിച്ചറിവും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമുക്ക് വിവേചിച്ചു തരും. അത് നമ്മൾ തിരിച്ചറിയുകയും സ്വയം തിരുത്തുകയും ചെയ്യണം.  പരാജയങ്ങളും വീഴ്‌ച്ചകളും വിജയകരമായ ക്രിസ്തിയ വളർച്ചക്കായി ദൈവം പ്രയോജനപ്പെടുത്തുന്ന അനുകൂല ഘടകങ്ങൾ ആണ്.

6. നമ്മുടെ പാപ പ്രവർത്തികളിലും പരാജയങ്ങളിലും ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കും.

സങ്കീര്‍ത്തനങ്ങള്‍ 103 : 8-11
'കര്‍ത്താവ്‌ ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്‌;
ക്‌ഷമാശീലനും സ്‌നേഹനിധിയും ആണ്‌.
അവിടുന്ന്‌ എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
നമ്മുടെ പാപങ്ങള്‍ക്കൊത്ത്‌ അവിടുന്നു നമ്മെ
ശിക്‌ഷിക്കുന്നില്ല;
നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.
ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു തന്റെ ഭക്‌തരോട്‌ അവിടുന്നു കാണിക്കുന്ന കാരുണ്യം.'

പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും നമ്മൾ തട്ടി വീഴുമ്പോൾ, ഏഴുന്നേൽക്കുവാനും മനം തിരിയുവാനും മാനസാന്തരപ്പെടുവാനും അവൻ നമുക്ക് സമയം തരും.
Failing in the christian life does not mean you are a failure. It means you are normal.

 പരാജയങ്ങളുടെ കുറ്റബോധത്തിലും ലജ്ജയിലും ഗോസിപ്പുകളിലും മനസ്സ് ഇടറുമ്പോൾ,  നിഷേധ ചിന്തകൾക്കും വികാരങ്ങൾക്കും നമ്മൾ ഇടംകൊടുക്കരുത്. ഉപാധികളില്ലാത്ത ദൈവ സ്നേഹത്തിൽ  മനസ്സുറപ്പിക്കണം. 
ദാവീദിനെയും ഏലിയാവിനെയും പത്രോസിനെയും പോലെ അനേകം പരാജിതരെയും നിരാശയുടെ ചുഴിയിൽ വീണുവരെയും കൈപിടിച്ചുയർത്തി,  ശക്തി പകർന്ന് വിജയത്തിന്റെ പടവുകളിലേക്ക് കൈപിടിച്ച് നടത്തിയ ദൈവത്തിൽ ഉറച്ചു വിശ്വസിക്കണം.

 പരാജയപ്പെട്ടു വീണു കിടക്കുന്ന നിങ്ങളെ കണ്ടിട്ടും കാണാതെ പലരും കടന്നുപോയേക്കാം. ക്രൂശിലെ ക്രിസ്തുവിനെ നോക്കി നിന്ദിച്ചവരെപ്പോലെ നിങ്ങളുടെ നിസ്സഹായതയിൽ പരിഹാസവും ഗോസിപ്പും പറഞ്ഞ് കടന്നു പോകുന്നവരും ഉണ്ടായേക്കാം.
 എന്നാൽ കരുതുന്നവനും കരുണയുള്ളവനുമായ നല്ല ശമരിയക്കാരനായ കർത്താവ്,  ഇടറി വീഴുന്ന നിങ്ങളുടെ അടുക്കൽ ഓടിയെത്തും. ഹൃദയ മുറിവുകളിൽ ആണിപ്പാടുള്ള സൗഖ്യദായക കരങ്ങൾ വയ്ക്കും. നിന്റെ കാതുകളിൽ സ്വാന്ത്വനം പകർന്നു തരും. യെറീഹോ താഴ്വരയിൽ നിന്ന് നിന്നെ കൈപിടിച്ചുയർത്തി, നിത്യ സ്നേഹത്തിന്റെ സാന്ത്വന സത്രത്തിൽ കൊണ്ടുപോയി പരിചരിക്കും.

നിങ്ങളെ പരിഹസിക്കുന്നവർക്ക് നിങ്ങൾ അന്യരാണ്. എന്നാൽ സ്വർഗ്ഗസ്ഥ പിതാവിന് നിങ്ങൾ പ്രിയപ്പെട്ട മകനും മകളുമാണ്.   വലിയ വില കൊടുത്ത് നേടിയ വിലപ്പെട്ട മക്കളാണ് നിങ്ങൾ. കർത്താവ് നിങ്ങളെ ഒരുനാളും ഉപേക്ഷിക്കില്ല, തള്ളിക്കളയില്ല.

 ലോകത്തെയും സാത്താനെയും തോൽപ്പിച്ച് കീഴടക്കി ജയിച്ച കർത്താവ് നമ്മോട് കൂടെയുള്ളതുകൊണ്ട് പരാജയങ്ങൾ  വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്. ലോകത്തെ ജയിച്ച കർത്താവ് കൂടെയുള്ളപ്പോൾ നമ്മൾ ഒരിക്കലും പരാജയത്തെ ഭയപ്പെടരുത്.

 നമ്മളിലുള്ളവൻ ലോകത്തിലുള്ളവനേക്കാൾ ശക്തനാണ്, സർവ്വശക്തനാണ്. ജീവിതപരീക്ഷണങ്ങൾ നമ്മുടെ ബലഹീനതകൾ വെളിപ്പെടുത്തുവാൻ  മാത്രമുള്ളതല്ല,  നമ്മിലെ വിസ്മയ ശക്തിയുടെ അനന്തസാധ്യതകൾ തിരിച്ചറിയുവാനും കൂടിയുള്ള നിമിത്തങ്ങളാണ്.

 പരാജയത്തിന്റെ നിസ്സഹായതയിൽ  അമിതബലത്തിനായി പ്രാർത്ഥിക്കുമ്പോൾ, നമ്മിലെ തളർന്ന മനസ്സിലും അശുഭ ചിന്തകളിലും ദൈവം സ്വർഗ്ഗീയ ചൈതന്യം പകരും.  ക്ഷീണിതരും പരാജിതരും ആയ നമ്മൾ അജയ്യരായി ഉയർത്തെഴുന്നേൽക്കും . ഒരു ശക്തിക്കും നമ്മെ തടയുവാൻ കഴിയില്ല.
ഏശയ്യാ 40 : 29-31
'തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.'

ജീവിത പരീക്ഷണങ്ങളിൽ ഇടറി വീണു പോയ സുഹൃത്തുക്കളെ,  യെശയ്യാ പ്രവചനത്തിലെ, വിജയത്തിന്റെ കാഹളധ്വനിയായ ഈ വിസ്മയ വചനങ്ങളാൽ   ദൈവം നിങ്ങളെ ശക്തിപ്പെടുത്തട്ടെ!

-ഫാ. ഡോ. ഏ. പി. ജോർജ്