വേട്ടക്കാരുടെ ശ്രദ്ധക്ക്

ദാവീദിന്റെ മകൻ അമ്നോൻ ദാവീദിന്റെ തന്നെ മറ്റൊരു ഭാര്യയിലെ മകളായ തമാറിനെ ചതിയിലൂടെ അപമാനപ്പെടുത്തി. അതിനുശേഷം  അവളെ നിഷ്കരണം തന്റെ മുറിയിൽ നിന്ന് പുറത്താക്കി.

 ഈ ദുരന്തത്തിന് ഇരയായ താമാർ ചോദിക്കുന്ന,  ഹൃദയം തകർക്കുന്ന ഒരു ചോദ്യമുണ്ട്:

'മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ എങ്ങനെ തല ഉയര്‍ത്തി നടക്കും? ' 2 സാമുവല്‍ 13 : 13
താമറിന്റെ ഈ ചോദ്യം വ്യക്തിപരമായി നമുക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ? 

നമ്മുടെ വാക്കുകളോ പ്രവൃത്തികളോ മുഖാന്തരം ആർക്കെങ്കിലും അഭിമാനക്ഷതം സംഭവിച്ചിട്ടുണ്ടോ? ആരുടെയെങ്കിലും ജീവിതം ദുരന്തപൂർണ്ണമായിട്ടുണ്ടോ? ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ? 

  ഇരകളുടെ വേദനകളും പ്രതിസന്ധികളും വേട്ടക്കാർക്ക്  പ്രശ്നമല്ലായിരിക്കാം.  എന്നാൽ ദൈവത്തിന് അത് വലിയ ഗൗരവമുള്ള കാര്യമാണ്. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുകയും കരുതുകയും ചെയ്യുന്ന തന്റെ പ്രിയപ്പെട്ട മക്കളുടെ നേരെയുള്ള കടന്നുകയറ്റം സ്വർഗീയ കോടതി  സ്വയ താല്പര്യ ഹർജിയായി ഏറ്റെടുത്ത് നീതി നടത്തും. 

ചരിത്രം സാക്ഷി.

 നമ്മുടെ സ്വന്തം വീഴ്ച കൊണ്ടും മറ്റുള്ളവരുടെ അനീതികൾ മുഖാന്തരവും ജീവിതത്തിൽ ലജ്ജയും അപമാനവും കടന്നു വരാറുണ്ട്. അതുണ്ടാക്കുന്ന സമ്മിശ്ര വികാരങ്ങൾ വളരെ ദുസ്സഹമാണ്.

 താമാർ, ദാവീദ് രാജാവിന്റെ മകളായിരുന്നു, രാജകുമാരിയായിരുന്നു. അമ്നോൻ ചെയ്ത ദ്രോഹം അവളുടെ പവിത്രതയുടെയും പാതിവൃത്തത്തിന്റെയും മേലുള്ള കടന്നുകയറ്റം ആയിരുന്നു.  അവൾ തകർന്നുപോയി. അവൾ തന്റെ റോയൽ വസ്ത്രം കീറി,  തലയിൽ ചാരം വിതറി, പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു:
'മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ എങ്ങനെ തല ഉയര്‍ത്തി നടക്കും? '

  തമാറിനെ പോലെ വഞ്ചിക്കപ്പെട്ടതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും ഹൃദയവേദനയിൽ പൊട്ടിക്കരയുന്ന നിരപരാധികൾ  ഇന്നും അനേകായിരങ്ങളാണ്. അവരുടെ ലജ്ജയും അപമാനവും  മനസ്സിലാഞ്ഞിടിക്കുന്ന നിഷേധ വികാരങ്ങളാണ്.  മനസ്സാക്ഷിക്കും ആത്മാവിനും ആഘാതം ഏൽപ്പിക്കുന്നതാണ്. മാത്രവുമല്ല,  മറ്റുള്ളവരുടെ വെറുപ്പിനും സമൂഹത്തിൽ ഒറ്റപ്പെടുന്നതിനും കാരണമാകാറുണ്ട്.

 താമാറിന്റെ ചോദ്യത്തിന് ഉത്തരം നൽകുവാൻ രാജാവായ അവളുടെ അപ്പന് കഴിഞ്ഞില്ല. 'സഹോദരി അവനോട് ക്ഷമിക്കൂ' എന്നാണ് സഹോദരൻ അബ്ശലോം പറഞ്ഞത്. ആശ്വാസവാക്കുകൾ പറയുവാൻ വളരെ എളുപ്പമാണ്. മുറിവേറ്റവർ ചുമക്കുന്ന ആന്തരിക സംഘർഷങ്ങളുടെ  വേദനകളും അത് ഉണ്ടാക്കുന്ന ലജ്ജയും മനോഭാരങ്ങളും ആർക്കും മനസ്സിലാവില്ല. താമർ തന്റെ നഷ്ടവും ലജ്ജയും മരണംവരെ ചുമന്നു കാണും.

 ക്രിസ്തുവിന്റെ പാപപരിഹാര ബലിയിലൂടെ വീണ്ടെടുക്കപ്പെട്ടവരായ നമ്മൾ താമാറിനെ പോലെ അപമാനവും ലജ്ജയും ചുമക്കേണ്ടതില്ലെന്നാണ് സങ്കീർത്തനത്തിൽ പറയുന്നത്:
 
'...അങ്ങയെ നിന്‌ദിക്കുന്നവരുടെ നിന്‌ദനം എന്റെ മേല്‍ നിപതിച്ചു.' സങ്കീർത്തനം 69 :9 

 നമ്മുടെ ലജ്ജയും അപമാനവും ക്രിസ്തു തന്റെ ശരീരത്തിൽ വഹിച്ചു കൊണ്ടാണ് കുരിശിലേറിയത് . വന്നതും വരുവാനിരിക്കുന്നതുമായ മനുഷ്യന്റെ എല്ലാ അപമാനങ്ങൾക്കും പാപക്ഷതങ്ങൾക്കും വേണ്ടിയാണ്  കർത്താവ് ക്രൂശിൽ പാപപരിഹാര ബലിയായി തീർന്നത്.

 ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്ന പ്രിയ സഹോദരങ്ങളെ,

നരാധമൻമാർ നിങ്ങളുടെ ആത്മ-ശരീര -മനസ്സുകളിൽ ഏൽപ്പിച്ച ലജ്ജയും അപമാനവും മുറിവുകളുമായി നിങ്ങൾ കർത്താവിന്റെ കുരിശിൻ ചുവട്ടിലേക്ക് പോകണം. തകർന്ന ഹൃദയവുമായി കർത്താവിന്റെ മുഖത്തേക്ക് നോക്കണം. നിരപരാധിയായ നിങ്ങളുടെ ലജ്ജയും അപമാനവും കർത്താവ് ഏറ്റെടുത്തു കഴിഞ്ഞു. 'ഞാൻ നശിച്ചു, മാലിന്യപ്പെട്ടു, അപമാനിതയായി, സമൂഹമെന്നെ പരിഹസിക്കുന്നു, എന്റെ ജീവിതം ഇനിയെന്നും പരാജയമായിരിക്കും, ദൈവം എന്നെ വെറുക്കും, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല ... എന്നൊന്നും ചിന്തിക്കരുത്.
 ആണിപ്പാടുള്ള കരം നീട്ടി നിങ്ങളെ കർത്താവ് നിങ്ങളെ തൊടും. നിങ്ങൾ സൗഖ്യമാകും. വിശുദ്ധരാകും. 

മനസ്സിലെ ദുരന്താനുഭവങ്ങളാകുന്ന നിഷേധവികാര കൊടുംങ്കാറ്റുകളെ കർത്താവ് ശാന്തമാക്കും.
 പുണ്യ രക്തത്താൽ കഴുകി ശുദ്ധമാക്കും. ആന്തരിക കൊടുങ്കാറ്റുകൾ ശാന്തമാക്കും.  പുതിയ സാധ്യതകളിലേക്കും വിജയങ്ങളിലേക്കും ശക്തനായവൻ കൈപിടിച്ച് നടത്തും.

'ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്ന (റോമാ 8 : 28 )  പ്രത്യാശാ വചനങ്ങളിൽ മനസുറപ്പിക്കണം.

 നിങ്ങൾ തോറ്റിട്ടില്ല, തോൽക്കാൻ ദൈവം സമ്മതിക്കില്ല. ദുഷ്ടൻ ശരീരത്തിന്റെ മേൽ കടന്നു കയറ്റം നടത്തിയെങ്കിലും നിങ്ങളുടെ ആത്മാവ് വിശുദ്ധമാണ്, നിർമ്മലമാണ്. സഹനങ്ങളിൽ അതിജീവന ശക്തിയും ദിവ്യചൈയ്തന്യവും ദൈവം ഹൃദയത്തിൽ ഇപ്പോൾ നിറച്ചുകൊണ്ടിരിക്കുകയാണ്.

ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല,  സുബോധത്തിന്റെയും ധൈര്യത്തിന്റെയും ആത്മാവിനെയാണ് ദൈവം നമുക്ക് തന്നിരിക്കുന്നത് . നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവനാണ്. ശുഭപ്രതീക്ഷകളുടെ പടവുകളിലൂടെ ദൈവം നിന്നെ കൈപിടിച്ച് നടത്തും.

 അനുഗ്രഹത്തിന്റെയും പ്രശസ്തിയുടെയും അത്യുന്നത വേദിയിൽ നിന്നെ ദൈവം ഒരുനാൾ നിർത്തും. അന്ന്,   ഒരിക്കൽ നിന്നെ പരിഹസിച്ചവർ  കൈയ്യടിച്ച് പ്രശംസിക്കും. നിന്നെ മുറിവേൽപ്പിച്ചവരുടെയും തകർത്തവരുടെയും നടുവിലൂടെ വിജയോത്സവമായി ദൈവം  കൈപിടിച്ച് നടത്തും. വിശ്വസിക്കു,  ദൈവത്തിന്റെ മഹത്വം കാണും. 

'നീതിമാന്‍മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു;അവരെ സകലവിധ കഷ്‌ടതകളിലും നിന്ന്‌ രക്‌ഷിക്കുന്നു.
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്‌ഥനാണ്‌;മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു...' സങ്കീര്‍ത്തനങ്ങള്‍ 34 : 17-22

'കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;നിനക്കു തണലേകാന്‍ അവിടുന്നു നിന്റെ വലത്തുഭാഗത്തുണ്ട്‌.'
സങ്കീര്‍ത്തനങ്ങള്‍ 121 : 5-8

 ദമസ്ക്കോസിന്റെ പടിവാതുക്കൽ വച്ച് കർത്താവ് പൗലോസിനോട് ചോദിച്ച ചോദ്യം,  പീഡകരോടും മുറിവേൽപ്പിക്കുന്നവരോടും ഇന്നും  ചോദിച്ചു കൊണ്ടിരിക്കുകയാണ്. കർത്താവിന്റെ ഈ വാക്കുകൾ വേട്ടക്കാർക്കുള്ള ശക്തമായ താക്കീതും മുന്നറിയിപ്പുമാണ്:

' ... ശൗലെ, ശൗലെ, നീ എന്നെ പീഡിപ്പിക്കുന്നതെന്തുകൊണ്ട്‌? ഇരുമ്പാണിമേല്‍ തൊഴിക്കുന്നത്‌ നിനക്ക്‌ അപകടമാണ്‌.
ശൗൽ ചോദിച്ചു: കര്‍ത്താവേ, അങ്ങ്‌ ആരാണ്‌? 
അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.'
അപ്പ. പ്രവൃത്തി. 26 : 13-15

 ദുർബലരെ  പീഡിപ്പിക്കുന്ന വേട്ടക്കാർ അധാർമ്മിക പ്രവർത്തികൾ നിർത്തി, മനം തിരിഞ്ഞ് മാനസാന്തരപ്പെടുവാൻ തയ്യാറാണെങ്കിൽ ക്ഷമിക്കുവാൻ കർത്താവ് ഒരുക്കമാണ്:

'നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത്‌ ആത്‌മ വഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.
എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.
അവിടുത്തെ പുത്രനായ യേശുവിന്റെ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുന്നു.'
1 യോഹന്നാന്‍ 1 : 7-9