സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന ധീരയോദ്ധാക്കൾ, ബോർഡർ പോസ്റ്റുകളുടെയും പർവ്വതനിരകളുടെയും നിശബ്ദ താഴ്വരകളിൽ ജാഗ്രതയോടെ നമുക്ക് വേണ്ടി രാപ്പകൽ കാവൽ നിൽക്കുകയാണ്. അവരുടെ പേരുകൾ ആർക്കുമറിയില്ല. അവരുടെ ആത്മസംഘർഷങ്ങളുടെ കദന കഥകൾ മീഡിയ ഹെഡ് ലൈനിൽ വരാറില്ല. അവർ സമാധാനത്തിന്റെ നിശബ്ദ കാവൽക്കാരാണ്.
പ്രതികാരത്തോടും അഹങ്കാരത്തോടും അല്ല, ഡ്യൂട്ടി ആയി മാത്രം തോക്ക് കയ്യിലെടുക്കേണ്ടി വന്നവരാണ് അവർ. അവർ നമ്മുടെ മകനും മകളും ഭർത്താവും ഭാര്യയും അമ്മയും അപ്പനുമായ ഹീറോസ് ആണ്. അവരുടെ യൂണിഫോമിനുള്ളിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും തുടിക്കുന്ന ഒരു സ്നേഹ ഹൃദയം ഉണ്ട്. അവരുടെ നെഞ്ചിലെ പോക്കറ്റിലും വാലറ്റിലും പ്രിയപ്പെട്ട ഓമന കുഞ്ഞുങ്ങളുടെയും ജീവിതപങ്കാളിയുടെയും ഫോട്ടോയുണ്ട്. ഒരുപക്ഷേ മടങ്ങി വരില്ലെന്ന് അറിഞ്ഞിട്ടും ഉത്സാഹത്തോടെ അവർ ദിവസവും ക്യാമ്പ് വിടുന്നു.
അവർക്കുവേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്.
അതിർത്തി കാക്കുന്നവർക്ക് ജന്മദിന ആഘോഷങ്ങളും വെഡിങ് ആനിവേഴ്സറി സെലിബ്രേഷനുമില്ല. സ്വന്തം കുഞ്ഞുങ്ങളുടെ ചിരിയും കളിയും ബാല്യവും ഒക്കെ രാജ്യത്തിനുവേണ്ടി നഷ്ടപ്പെടുത്തുന്നവരാണ് ഇവർ. അപര്യാപ്തതയിലും അപകടമുഖത്തും അനിശ്ചിതത്വത്തിലും ആണ് അവരുടെ ജീവിതം. സർവീസ് കണ്ടീഷൻസ് ഇല്ലാത്ത, ജോബ് ഡിസ്ക്രിപ്ഷൻ മാത്രമുള്ള ജോലിയാണ് ഇവരുടെത്. അതേപ്പറ്റി അവർ പരാതിപ്പെടാറില്ല.
സാഹസികത ഇഷ്ടപ്പെട്ടതുകൊണ്ട് അവർ തെരഞ്ഞെടുത്ത ജോലിയല്ല ഇത്. സ്വന്തം രാജ്യത്തിലെ സഹോദരങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാനും സുരക്ഷിതമായി ജീവിക്കാനും ആരെങ്കിലും അതിർത്തിയിൽ നിൽക്കണമെന്നതു കൊണ്ട്, സന്മനസ്സോടെ, ത്യാഗ മനോഭാവത്തോടെ, രാജ്യസ്നേഹത്തോടെ സ്വന്തം ജീവൻ പണയം വച്ചും നമ്മുടെ കാവൽക്കാരാകുവാൻ അവർ തയ്യാറായി. സഹന തീച്ചുളയിൽ കാലുറപ്പിച്ച് നിൽക്കുന്ന ഉദാത്ത ജന്മങ്ങളാണ് ഇവർ.
തെല്ലും സ്വാർത്ഥതയില്ലാത്ത, ത്യാഗവും സമർപ്പണവും നിറഞ്ഞ ഇവരുടെ സ്നേഹം ക്രിസ്തുവിന്റെ ക്രൂശിലെ നിസ്തുല സ്നേഹത്തിന്റെ പ്രതിധ്വനിയാണ്. 'സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല' എന്ന് ക്രിസ്തു പറഞ്ഞ, ഉപാധികളില്ലാത്ത സ്നേഹം വിതറുന്ന പുണ്യജന്മങ്ങളാണ് ഇവർ.
കാവൽ നിൽക്കുന്ന മാതൃരാജ്യത്തിലെ സഹോദരി സഹോദരങ്ങളെ അവർക്ക് നേരിട്ട് പരിചയമില്ല. രാജ്യം അവർക്ക് സ്വന്തം കുടുംബമാണ്. അവരുടെ സ്നേഹം പ്രവർത്തിയിൽ അല്ല, വാക്കുകളിലാണ്.
സ്വന്തം സുഖസൗകര്യങ്ങളും സമൃദ്ധിയും ആഗ്രഹിക്കുന്ന സ്വാർത്ഥ ലോകത്ത്, ഈ ധീരയോദ്ധാക്കൾ തെരഞ്ഞെടുത്തത് സഹനത്തിന്റെയും ത്യാഗത്തിന്റെയും ധീരതയുടെയും നിസ്വാർത്ഥതയുടെയും വഴിയാണ്. 'ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച് മറ്റുള്ളവരുടെ താത്‌പര്യവും പരിഗണിക്കണം. യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ (ഫിലിപ്പി 2 : 4-5) എന്ന ഫിലിപ്പിയ ലേഖനത്തിലെ ഉപദേശത്തിന്റെ ജീവിക്കുന്ന ഉത്തമ സാക്ഷികളാണിവർ.
നമ്മുടെ ധീര സൈനികരെ ഓർക്കാം. അവർക്കുവേണ്ടി പ്രാർത്ഥിക്കാം. വാക്കുകൾ കൊണ്ടല്ല, നമ്മുടെ സ്നേഹവും ജീവിതവും കൊണ്ട് അവരെയും അവരുടെ പ്രിയപ്പെട്ട കുടുംബത്തെയും നമുക്ക് ആദരിക്കാം. മാതൃരാജ്യത്തിനു വേണ്ടിയുള്ള ഇവരുടെ ത്യാഗപൂർണ്ണമായ സമർപ്പണം നമ്മളിൽ ദേശീയ ബോധവും ഹൃദയവിശാലതയും' ഇൻസ്പെയർ' ചെയ്യാൻ സഹായിക്കട്ടെ.
സുധീര സൈനിക സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളെ ആദരിക്കുന്നു. സർവ്വശക്തൻ നിങ്ങൾക്ക് കാവൽ ആയിരിക്കട്ടെ, രാത്രിയിലെ കൊടുംതണുപ്പിൽ ഔട്ട് പോസ്റ്റിലും ടെന്റിലും കഴിയുന്ന നിങ്ങൾ അത്യുന്നതന്റെ മറവിലും സർവ്വശക്തന്റെ നിഴലിൻ കീഴിലും ആണ്.
ജീവിതപങ്കാളിക്കും കുഞ്ഞുങ്ങൾക്കും ഭവനത്തിലേക്കുള്ള സുരക്ഷിത മടക്ക യാത്രയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനകൾ ദൈവം ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. അപകട വഴികളിലും ക്ഷീണത്തിലും ഭയത്തിലും മുള്ളിലും മുറിവിലും സർവ്വശക്തൻ നിങ്ങളോടൊപ്പം ഉണ്ട്. രാജ്യം നിങ്ങളെ മറക്കില്ല. നിങ്ങൾ രാജ്യത്തിന്റെ യോദ്ധാക്കൾ മാത്രമല്ല, നിഷേധ ശക്തികൾക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച രക്ഷകന്റെ പിന്നണികളാണ് നിങ്ങൾ.
With deepest respect and love,
We salute you.
സ്വർഗ്ഗസ്ഥ പിതാവേ,
ഞങ്ങളുടെ സുരക്ഷിതത്വവും സമാധാനവും രാജ്യത്തിന്റെ അഖണ്ഡതയും നിലനിർത്തുവാൻ അതിർത്തികളിൽ കാവൽ നിൽക്കുന്ന സുധീര പോരാളികളെ അങ്ങയുടെ മുമ്പിൽ ഞങ്ങൾ സമർപ്പിക്കുന്നു.
അവരുടെ ദൗത്യ നിർവഹണത്തിന് ധൈര്യവും ശക്തിയും ജ്ഞാനവും നൽകി ബലപ്പെടുത്തേണമേ. സംഘർഷ സാഹചര്യങ്ങളിൽ ദിവ്യ സമാധാനം കൊണ്ട് അവരെ നിറക്കേണമേ. ഏകാന്തതയിൽ ആശ്വസിപ്പിക്കേണമേ, സ്വർഗീയ സൈന്യം അവർക്ക് കാവൽ ആയിരിക്കേണമേ. അവരുടെ കുടുംബങ്ങളെ നിന്റെ ദിവ്യപരിപാലനത്തിൽ കാത്തുകൊള്ളേണമേ.
ജീവൻ നഷ്ടപ്പെടുന്നവർക്ക് നിത്യ വിശ്രമം നൽകേണമേ. മുറിവേറ്റവർക്ക് സൗഖ്യം നൽകേണമേ.
സമാധാനത്തിനും അനുരഞ്ജനത്തിനുള്ള ഹൃദയ വിശാലത രണ്ടു രാജ്യങ്ങളിലെയും നേതൃത്വത്തിന് നൽകേണമേ. പ്രശ്നപരിഹാരത്തിനും സമാധാനത്തിനും വേണ്ടിയുള്ള ലോകരാഷ്ട്രങ്ങളുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണമെ. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നുള്ള ഉള്ള തിരിച്ചറിവ് ലോക മനസാക്ഷിയിൽ പുനസ്ഥാപിക്കേണമേ.
യുദ്ധം മൂലം മരണവും ദുരന്തവും അനുഭവിക്കുന്ന രണ്ടു രാജ്യങ്ങളിലെയും സൈനികർക്കും സാധാരണ ജനങ്ങൾക്കും വേണ്ടി സമാധാനത്തിന്റെ വാതിൽ തുറക്കേണമേ.