ദൈവം പുനസ്ഥാപകനും വിമോചകനുമാണ്. തകർന്നതും ശൂന്യവുമായതിനെ മനോഹരവും ചൈതന്യ പൂർണവും ആനന്ദം നിറഞ്ഞതും ആക്കുന്നവനാണ് നമ്മുടെ ദൈവം. യെശയ്യ പ്രവചനത്തിലെ ഈ വാഗ്ദാനം വളരെ ശ്രദ്ധേയമാണ്:
'കര്‍ത്താവ് സീയോനെ ആശ്വസിപ്പിക്കും; അവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും, മണലാരണ്യങ്ങളെ കര്‍ത്താവിന്റെ തോട്ടംപോലെയും ആക്കും. സന്തോഷവും ആനന്‌ദവും നന്‌ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍ നിറയും.'
ഏശയ്യാ 51 : 3
വീണു പരിക്കേറ്റ കുട്ടി അസഹ്യ വേദന കൊണ്ട് ഉറക്കെ കരഞ്ഞു. അമ്മ ഓടിയെത്തി, ബാൻഡേജ് കെട്ടി ആശ്വസിപ്പിച്ചു. കരച്ചിൽ ശാന്തമായി. അതുപോലെ ദൈവം നമ്മുടെ വേദനകളിലും, മുറിവുകളിലും സൗഖ്യദായക കരങ്ങൾ വച്ച് സുഖമാക്കും, ആശ്വസിപ്പിക്കും.
കഴിഞ്ഞകാല ജീവിതത്തിലെ വീഴ്ചയിൽ നിന്നും വിരഹ ദുഃഖങ്ങളിൽ നിന്നും തകർച്ചയിൽ നിന്നും നമ്മൾ കരകയറിയതും ആശ്വാസം കണ്ടെത്തിയതും എങ്ങനെയാണ്? സൗഖ്യദായകനായ കർത്താവ് നമ്മെ തന്റെ സാന്ത്വന കരങ്ങളിൽ വഹിക്കുകയും ആശ്വാസപ്രദനായ പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ നിറയ്ക്കുകയും ചെയ്തു . അങ്ങനെയാണ് നമ്മൾ ആശ്വാസ തീരത്ത് വീണ്ടും എത്തിയത്.
ദൈവത്തിന്റെ ഈ കരുതലും സ്നേഹവും വെളിപ്പെടുത്തുന്ന വിസ്മയ വേദഭാഗമാണ് ഇത്. ഈ തിരുവചനത്തിലെ ദൈവത്തിന്റെ സ്നേഹ പരിപാലനങ്ങൾ അനവധിയാണ് :
ദൈവം ആശ്വസിപ്പിക്കുന്നവനാണ്.
ജീവിത പ്രതിസന്ധികളിൽ നമ്മോടൊപ്പം ഉള്ള ഇമ്മാനുവേൽ ദൈവത്തെ മറക്കരുത്. അവൻ ചേർത്ത് നിർത്തി, തകർന്ന ഹൃദയത്തിൽ ആശ്വാസപ്രദനായ പരിശുദ്ധാത്മാവിനെ പകർന്ന് സൗഖ്യവും സാന്ത്വനവും നൽകും.
'ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്;മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 34 : 18
മരുഭൂമിയെ പൂങ്കാവനം ആക്കുന്നവനാണ് ദൈവം എന്നതാണ് ഈ വാക്യത്തിൽ ദൈവം നൽകുന്ന രണ്ടാമത്തെ ഉറപ്പ് :
51:3b ' അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും, മണലാരണ്യങ്ങളെ കര്‍ത്താവിന്റെ തോട്ടംപോലെയും ആക്കും. '
അനേകം നാളുകളായി മഴയില്ലാതെ ഊഷര ഭൂമിയായി കിടക്കുന്ന മരുഭൂമിയിൽ ഒരു മഴ പെയ്യുന്നത് സങ്കൽപ്പിക്കുക. വറ്റിയുണങ്ങി വരണ്ട ഭൂമിയിൽ പെട്ടെന്ന് നാമ്പും കൂമ്പും പടർത്തി സസ്യങ്ങൾ വിരിയും. ഇതാണ് നമുക്കുള്ള ദൈവത്തിന്റെ വിസ്മയ വാഗ്ദത്വം. വരണ്ട ഹൃദയത്തിലും തകർന്ന ജീവിതത്തിലും അതിജീവന ശക്തിയും അഭിവൃദ്ധിയും നൽകുന്നവനാണ് ദൈവം.
'അവിടുന്നു മരുഭൂമിയെ തടാകങ്ങളായും വരണ്ട ഭൂമിയെ നീരുറവകളായും മാറ്റുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 107 : 35
ജോലിയിലും ആത്മീയ ജീവിതത്തിലും മിനിസ്ട്രിയിലും ബന്ധങ്ങളിലും വരൾച്ചയും ശൂന്യതയും അനുഭവപ്പെടുന്നവർക്ക് ദൈവം പുതുശക്തിയും ചൈതന്യവും നൽകും.
God specializes in turning deserts into gardens.
ഹൃദയത്തിൽ ജീവനും സന്തോഷവും പകരുന്നവനാണ് ദൈവം എന്നതാണ് ഈ വേദഭാഗത്തിലെ മൂന്നാമത്തെ വാഗ്ദത്വം.
51:3 c 'സന്തോഷവും ആനന്‌ദവും നന്‌ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍ നിറയും.'
കണ്ണുനീർ താഴ്വരയിലൂടെ നടക്കുമ്പോൾ ദൈവത്തിന്റെ വാഗ്ദത്തങ്ങളിലെ 'വിശാലമായ കവറേജ്' നമ്മൾ മറക്കരുത്. ശുഭഭാവിയും വിജയവും സന്തോഷവും സമൃദ്ധിയും ആത്മഹർഷവും ദൈവം തന്റെ മക്കൾക്ക് നൽകുന്ന പ്രത്യേക അനുഗ്രഹങ്ങളാണ്. ഈ വാഗ്ദത്തങ്ങളുടെ അവകാശികളായ മക്കളാണ് നമ്മൾ. ചോദിക്കുമ്പോൾ മാത്രമല്ല, ആവശ്യപ്പെടാതെയും പ്രതികൂല സാഹചര്യങ്ങൾ കണ്ടറിഞ്ഞും ദൈവം സാന്ത്വനകരങ്ങൾ നമുക്ക് നേരെ നീട്ടും.
'... എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്‌തനായിരിക്കുന്നത്.'
2 കോറി. 12 : 10
നമ്മുടെ ജീവിതത്തിൽ രോഗം, ദുരന്തം, ശത്രുക്കൾ തുടങ്ങിയ പ്രതികൂലശക്തികൾ തകർത്തതെല്ലാം ദൈവം പുതുക്കി പണിത്, നവീകരിച്ച്, ആശ്വസിപ്പിച്ച്, യഥാസ്ഥാനപ്പെടുത്തുമെന്ന മൂന്ന് വിസ്മയ വാഗ്ദാനങ്ങളാണ് ഈ തിരുവചനം നമുക്ക് പറഞ്ഞുതന്നത്.
ദൈവം ജീവിതത്തിന്റെ അവസ്ഥകൾ മാറ്റുന്നതിന്റെയും ആത്മീയ നവീകരണത്തിന്റെയും സമുന്നത വാഗ്ദാനമാണ് ഈ വേദവാക്യം.
പുനസ്ഥാപിക്കുകയും യഥാസ്ഥാനത്തുകയും ചെയ്യുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ സ്തോത്രം ചെയ്യുന്നു.
ഞങ്ങളുടെ ജീവിതത്തിലെ ശൂന്യതയും ഹൃദയത്തിലെ വരൾച്ചയും മനോഭാരങ്ങളും അവിടുന്ന് അറിയുന്നു എന്നത് ഞങ്ങളുടെ ആശ്വാസമാണ്. മരുഭൂമിയെ ഏദൻതോട്ടം ആക്കി മാറ്റുന്ന നിന്റെ കരുതലും കരുണയും വിസ്മയ ശക്തിയും തിരുവചനത്തിലൂടെ ഞങ്ങളെ അറിയിച്ചതിനായി സ്തോത്രം. അവിടുന്ന് നൽകുന്ന ഉദാത്ത സന്തോഷത്തിനും ആത്മ നിർവൃതിക്കുമായി ഞങ്ങൾ തിരുമുമ്പിൽ ഹൃദയം സമർപ്പിക്കുന്നു.
പ്രതിസന്ധികളിൽ നിന്നും പ്രമോദത്തിലേക്ക് ഞങ്ങളെ നടത്തുന്ന അങ്ങയുടെ വിസ്മയ പരിപാലനം ഞങ്ങളിൽ ഇപ്പോൾതന്നെ ആരംഭിച്ചിരിക്കുന്നതിനായി സ്തോത്രം ചെയ്യുന്നു. ആമ്മേൻ
-ഫാ. ഡോ. ഏ. പി. ജോർജ്