അനേകരുടെ ജീവൻ അപഹരിച്ച എയർ ഇന്ത്യ വിമാനാപകടം കുടുംബങ്ങളെ ദുഃഖത്തിന്റെ ആഴക്കടലിൽ താഴ്ത്തിയിരിക്കുകയാണ്. രാഷ്ട്രം വിലാപത്തിലാണ്, ഉത്തരം തേടുന്ന മനസ്സ് ആത്മസംഘർഷത്തിലാണ്. ഏറ്റവും ശക്തരായവരെപ്പോലും ഈ ഈ ദുരന്തം നടുക്കിയിരിക്കുകയാണ്. മനുഷ്യജീവിതം നിസ്സാരവും നൈമിഷികവും ആണെന്ന് ഒരിക്കൽ കൂടി ലോകം തിരിച്ചറിയുകയാണ്.
ഇതൊക്കെ സംഭവിക്കുമ്പോൾ ദൈവം എവിടെയാണ്? എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇനിയെന്ത് ദുരന്തമാണ് വരാൻ പോകുന്നത്? തുടങ്ങിയ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മുമ്പിൽ മനുഷ്യർ നിസ്സഹായരാവും.
പൊള്ളയായ മറുപടികൾ കൊണ്ട് മനസ്സ് ശാന്തമാവില്ല. ഈ ദുരന്തത്തിലും നമ്മോടൊപ്പം നടക്കുന്ന നിത്യ രക്ഷകൻ നമുക്കുണ്ടെന്ന ചിന്ത മാത്രമാണ് ആശ്വാസം.
ബൈബിൾ ഒരിക്കലും ദുരന്തങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നില്ല. ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന വിശ്വാസത്തോടും പ്രത്യാശയോടും കൂടി ദുരന്തങ്ങളെ നേരിടുന്ന സമീപനമാണ് തിരുവചനത്തിന്റേത്.
ദുരന്ത ദുഃഖങ്ങളിൽ നമ്മൾ നിലനിർത്തേണ്ട മെന്റൽ സെറ്റ് എന്തൊക്കെയായിരിക്കണം?
1. നമ്മുടെ അഗാധ ദുഃഖത്തിൽ ദൈവം അടുത്തുണ്ട്.
'ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു ഉറപ്പുള്ള തുണയാണ്.
ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നു വീണാലും നാം ഭയപ്പെടുകയില്ല.
തിരമാലകളാഞ്ഞടിച്ചാലും അതിന്റെ പ്രകമ്പനംകൊണ്ടു പര്‍വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല.'
സങ്കീര്‍ത്തനങ്ങള്‍ 46 : 1-3
കഷ്ടപ്പാടുകളിൽ ദൈവം അകലെയല്ല, നമ്മോടൊപ്പം ഉണ്ട്. മുറിവേറ്റവരുടെ കിടക്കയ്ക്കരികിൽ നിന്ന് പരിചരിക്കുന്ന നഴ്സിനെപ്പോലെ, കഠിന ദുഃഖങ്ങളിൽ സാന്ത്വനവുമായി കർത്താവ് നമ്മുടെ അടുത്ത് തന്നെയുണ്ട്.
അവന്റെ സാന്നിധ്യംകൊണ്ട് നമ്മുടെ വേദന ഇല്ലാതാകുന്നില്ല. പക്ഷേ പ്രത്യാശയോടെ ദുഃഖിക്കാനുള്ള ശക്തി ദിവ്യ സാന്നിധ്യം നമുക്ക് നൽകുന്നു.
2. നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിലും കൂടുതലായി കർത്താവ് നമ്മുടെ വേദന മനസ്സിലാക്കുന്നുണ്ട്. കാരണം അവൻ വേദന അനുഭവിച്ച ദൈവമാണ്.
'യേശു കണ്ണീര് പൊഴിച്ചു.'
യോഹന്നാന് 11 : 35
യേശുകർത്താവ് അകലങ്ങളിലെ ദൈവമല്ല - അവൻ നമ്മോടൊപ്പം കരയുന്ന രക്ഷകനാണ്. ദുരന്തങ്ങളിൽ കരയുമ്പോൾ നമ്മൾ ഒറ്റയ്ക്കല്ല. ദുഃഖത്തിന്റെയും മരണത്തിന്റെയും ഭാരം അനുഭവിച്ച ദൈവപുത്രൻ നമ്മോടൊപ്പം ഉണ്ട്.
'അവന് നിന്ദിക്കപ്പെട്ടു;...നമ്മുടെ വേദനകളാണ് യഥാര്‍ഥത്തില്‍ അവന് വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന് ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി.'
ഏശയ്യാ 53 : 4
3. പാപം തകർത്ത ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഈ തകർച്ചയുടെ നടുവിലും നമ്മുടെ കർത്താവുണ്ട്.
ദുരന്തവും വേദനയും ഒരിക്കലും ദൈവത്തിന്റെ പദ്ധതിയല്ല. എന്നാൽ പാപത്തിൽ വീണുപോയ ലോകത്തിൽ, ദൈവം എപ്പോഴും നമ്മുടെ വീണ്ടെടുപ്പിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
കൊടുങ്കാറ്റ് ഒരു പൂന്തോട്ടത്തെ ആഞ്ഞടിച്ചു തകർക്കുന്ന പോലെ, തിന്മയും അപകടങ്ങളും ലോകത്തിൽ ദുരന്തങ്ങൾ വിതച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴൊക്കെ നാശനഷ്ടങ്ങളെ പഴയ അവസ്ഥയിലേക്ക് പുതുക്കി പണിയുവാൻ തോട്ടക്കാരനായ കർത്താവ് ശക്തി നൽകും.
4. ദുരന്ത സമയങ്ങളും ആഘാതങ്ങളും എത്രയാണെന്നും എപ്പോഴാണെന്നും നമുക്കറിയില്ല. എന്നാൽ ദുരന്തങ്ങളിലും നമ്മോടൊപ്പം ഉള്ള കർത്താവിൽ ഹൃദയം ഉറപ്പിക്കുമ്പോൾ നമുക്ക് അതിജീവന ശക്തി ലഭിക്കും.
'എന്നാല്‍, ഞാന്‍ ഒരു കാര്യം ഓര്‍മിക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു. കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.'
വിലാപങ്ങള്‍ 3 : 21-22
5. ജീവിതം ദുർബലമാണെന്നും നിത്യത ശാശ്വതമാണെന്നും
ഓരോ ദുരന്തങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു .
'നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.'
യാക്കോബ് 4 : 14
ദുരന്തങ്ങളിൽ, നിഷേധ പ്രതികരണത്തിനു പകരം, ആഴത്തിൽ ചിന്തിക്കുവാനും ദൈവകൃപയിൽ ആശ്രയിക്കുവാനും മനുഷ്യൻ തയ്യാറാകേണ്ടതാണ് .
ശവസംസ്കാരങ്ങളിൽ പങ്കെടുക്കുന്നത് വേദനാജനകമായ അനുഭവമാണ്. എന്നാൽ സ്നേഹം, നിത്യത, ദൈവം തുടങ്ങിയ ചില പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിപ്പിക്കുന്ന സമയം കൂടിയാണ് അത്. ജീവിതം ക്ഷണികമാണെന്നും ആയുസ്സിന്റെ കലണ്ടറിൽ ബാക്കി ദിവസങ്ങൾ എത്രയുണ്ടെന്ന് അറിയാത്തതുകൊണ്ട്, മാപ്പ് ചോദിച്ചും മാപ്പു കൊടുത്തുമുള്ള അനുരഞ്ജന ജീവിതമാണ് ശ്രേഷ്ടം എന്ന് നമ്മൾ തിരിച്ചറിയുന്ന സമയങ്ങളാണ് അതൊക്കെ.
ദുഃഖം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാനും ദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങൾ നിത്യജീവൻ നൽകുന്നവനിലേക്ക് കൂടുതൽ അടുപ്പിക്കുവാനും സഹായകമാകും.
6. ക്രിസ്തുവിൽ ജീവിതം സമർപ്പിച്ചവർക്ക് മരണം അവസാന വാക്കല്ല.
'നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.'
യോഹന്നാന് 14 : 1-3
ക്രിസ്തുവിൽ ഉള്ളവർക്ക് മരണം ഒരു വാതിലാണ് അടഞ്ഞ വഴിയല്ല.
പ്രിയപ്പെട്ടവർ മറ്റൊരു രാജ്യത്തേക്ക് യാത്ര പോകുമ്പോൾ നമ്മൾ അവരെ മിസ്സ് ചെയ്യും. പക്ഷേ അത് എന്നെന്നേക്കുമായിട്ടല്ലെന്ന് നമുക്കറിയാം. അതുപോലെ, നമുക്ക് മുമ്പേ പോകുന്നവരുടെ പിൻപേ നമ്മളും യാത്ര തുടരുകയാണ്. ഒരിക്കൽ നിത്യ വാസസ്ഥലത്ത് വെച്ച് നമ്മൾ പരസ്പരം വീണ്ടും കൂടിക്കാണും.
വേർപാടിന്റെ ദുഃഖത്തിന് പരിഹാരം കണ്ടെത്താൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. പുനരുത്ഥാനത്തിന്റെയും പുനഃസമാഗമത്തിന്റെയും ദൈവത്തിലുള്ള വിശ്രമത്തിന്റെയും വാഗ്ദത്തങ്ങളിൽ മനസ്സുറപ്പിക്കുമ്പോൾ ദുഃഖത്തിന്റെ കാഠിന്യം കുറയും.
ഈ വലിയ ദുരന്തത്തിന്റെ പിന്നിലെ ഉത്തരങ്ങൾ മുഴുവനും നമുക്കറിയില്ല. ആശ്രയിക്കുവാനും ആശ്വാസം നൽകുവാനും കഴിയുന്ന കർത്താവാണ് അതിനുള്ള ഉത്തരം.
ദൈവം നമ്മുടെ വേദനയെ വിലയിരുത്തുകയല്ല, നമ്മോടൊപ്പം വേദന അനുഭവിക്കുകയാണ് ചെയ്യുന്നത്.
കഷ്ടതകളും കണ്ണുനീരും ഇല്ലാത്ത ഒരു ജീവിതം കർത്താവ് വാഗ്ദാനം ചെയ്യുന്നില്ല - പക്ഷേ അവൻ കണ്ണുനീർ തുടച്ചുമാറ്റുമെന്ന ഉറപ്പു തന്നിട്ടുണ്ട്.
അതുകൊണ്ട് ഭൂമി കുലുങ്ങുമ്പോഴും ദുരന്ത വാർത്തകൾ നമ്മുടെ ഹൃദയങ്ങളെ തകർക്കുമ്പോഴും ഓർക്കേണ്ട ചില കാര്യങ്ങളുണ്ട് :
ദൈവം ഇപ്പോഴും നമ്മോടൊപ്പമുണ്ട്.
ദൈവം ഇപ്പോഴും നമ്മെ സ്നേഹിക്കുന്നു.
മുറിവുകളെ സൗഖ്യമാക്കും, തകർച്ചകളെ അവൻ പുതുക്കി പണിയും
സ്വർഗ്ഗസ്ഥ പിതാവേ,
പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളെ അവിടുത്തെ സ്നേഹ കരങ്ങളിൽ സമർപ്പിക്കുന്നു.
കർത്താവേ, ഇതുപോലുള്ള നിമിഷങ്ങളിൽ ഞങ്ങളുടെ വാക്കുകൾ നിസ്സാരവും ദുർബലവും ആണ്.
തകർന്ന ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് പരിവർത്തിച്ച് സാന്ത്വനം നൽകേണമേ .
ഞങ്ങളോടൊപ്പം കരയുന്ന, ദുഃഖത്തിൽ ഞങ്ങളുടെ അരികിലിരിക്കുന്ന, ഇരുട്ടിലൂടെ ഞങ്ങളോടൊപ്പം നടക്കുന്ന ദൈവമേ നന്ദി. ഈ ദുരന്തം മൂലം ഒറ്റപ്പെട്ടു പോയവർക്ക് അങ്ങയുടെ ശാശ്വത സാന്നിധ്യം വെളിപ്പെടുത്തേണമേ.
ഉറ്റവർ നഷ്ടപ്പെട്ടവർക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു - അവർക്ക് വെളിച്ചമായിരിക്കണമേ. മനോ സംഘർഷത്തിലും ആശയക്കുഴപ്പത്തിലും ആയിരിക്കുന്നവരുടെ ഹൃദയങ്ങളിൽ ദിവ്യ സമാധാനം കൊണ്ട് നിറയ്ക്കേണമേ . ഒരിക്കലും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്ക്, അങ്ങയുടെ സാന്നിധ്യവും സാന്ത്വനവും മറുപടി ആയിരിക്കേണമേ .
മരണമോ വിലാപമോ കരച്ചിലോ വേദനയോ ഇല്ലാത്ത നിത്യതയുടെ വാഗ്ദത്തത്തിലേക്ക് വിലാപ മനസ്സിനെ ഉറപ്പിക്കേണമേ.
കർത്താവേ, ഹൃദയം തകർന്നവരെ സുഖപ്പെടുത്തണമേ. ആശ്വാസത്തിന്റെ പ്രതിനിധികളാകുവാൻ നിന്റെ സഭയെ കർമ്മം നിരതം ആക്കേണമേ. അനേകരെ നിന്നിലേക്ക് അടുപ്പിക്കാൻ ഈ ഭയാനകമായ നഷ്ടം നിമിത്തമാകേണമേ.
-ഫാ. ഡോ. ഏ. പി. ജോർജ്