പേരെന്റിങ് എന്നത് കുട്ടികളുടെ പെരുമാറ്റത്തെ മാത്രം നിയന്ത്രിക്കുന്ന ഒരു ഉത്തരവാദിത്വമല്ല. ഒരു കുഞ്ഞിന്റെ ഹൃദയം, മനസ്സ്, വിശ്വാസം, സ്വഭാവം, ജീവിതദിശ എന്നിവ രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകുന്ന ദൈവിക ദൗത്യമാണ്. ദൈവത്തിൽ നിന്നും മാതാപിതാക്കൾ കൈനീട്ടി സ്വീകരിക്കുന്നത് ദൈവത്തിന്റെ ഒരു അതുല്യ സൃഷ്ടിയായ കുഞ്ഞിനെയാണ്. അതിന് മുൻപും അതിന് ശേഷവും അതുപോലൊരു സൃഷ്ടി ദൈവം നടത്തിയിട്ടില്ല.
ആദ്യകാല ബന്ധങ്ങളും അനുഭവങ്ങളും കുട്ടിയുടെ ആത്മവിശ്വാസത്തെയും സുരക്ഷാബോധത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള ധാരണയെയും സ്വാധീനിക്കുന്നു എന്നാണ് മനഃശാസ്ത്ര വീക്ഷണം. അതുകൊണ്ട് വീട്ടിൽ കേൾക്കുന്ന വാക്കുകളും കാണുന്ന പെരുമാറ്റങ്ങളും അനുഭവിക്കുന്ന സ്നേഹവും തിരുത്തലും കുട്ടിയിൽ ക്രമേണ ഒരു ആന്തരിക ലോകം രുപപ്പെടുത്തും. മാതാപിതാക്കളുടെ അനുകൂലവും പ്രതികൂലവും ആയ പ്രതികരണങ്ങളുടെ പ്രതിധ്വനി കുട്ടിയുടെ മനസ്സിൽ നിലനിൽക്കും. “നിനക്ക് കഴിവില്ല, ഒന്നും സാധിക്കില്ല” എന്ന ശബ്ദവും “നീ തോറ്റുപോയാലും വിഷമിക്കണ്ട, ഞാൻ നിന്നോടൊപ്പമുണ്ട്” എന്ന ശബ്ദവും മനസ്സിൽ മായാത്ത, ന്യുറോ കെമിക്കൽ മുദ്രകളായി നിലനിൽക്കും.
സെക്കുലർ എഡ്യൂക്കേഷൻ കുട്ടിക്ക് അറിവ് നൽകുന്നു. എന്നാൽ സുവിശേഷം ദൈവീക മൂല്ല്യ പ്രതി ബദ്ധതയുടെ ദിശാബോധം നൽകുന്നു. കുട്ടിക്ക് സുരക്ഷ മാത്രം പോരാ, നീതി ബോധവും വേണം. അംഗീകാരം മാത്രം പോരാ, തിരുത്തലും വേണം. സ്വാതന്ത്ര്യം മാത്രം പോരാ, ഉത്തരവാദിത്വവും വേണം. മാതാപിതാക്കളുടെ സ്നേഹം മാത്രം പോരാ, തന്നെ ഒരിക്കലും കൈവിടാത്ത ദൈവത്തിന്റെ സ്നേഹത്തെ പറ്റിയും കുട്ടി മനസ്സിലാക്കണം.
അതുകൊണ്ട് ക്രിസ്തീയ ശിക്ഷണം, ഭയം സൃഷ്ടിക്കുന്നതല്ല, സ്വഭാവം രൂപപ്പെടുത്തുന്നതായിരിക്കണം. ക്രിസ്തീയ സ്നേഹം എല്ലാ തെറ്റുകളും അനുവദിക്കുന്നതല്ല, സ്നേഹത്തോടെ തിരുത്തി സത്യത്തിലേക്ക് നയിക്കുന്നതായിരിക്കണം . മാതാപിതാക്കളുടെ ദീർഘ ക്ഷമ കുട്ടിയുടെ തെറ്റിനെ നിസ്സാരമാക്കുന്നതല്ല, പരാജയത്തിനുശേഷവും ആത്മ ബന്ധത്തിന്റെ വാതിൽ തുറന്നുവയ്ക്കുന്നതായിരിക്കണം.
കുട്ടി വിജയിക്കുമ്പോൾ, ദൈവത്തിന് നന്ദി പറയണം. പരാജയപ്പെടുമ്പോൾ, ദൈവത്തിൽ പ്രത്യാശ കണ്ടെത്തണം. ആശയക്കുഴപ്പത്തിലാകുമ്പോൾ, തിരുവചനത്തിൽ ഡിറക്ഷൻ അന്വേഷിക്കണം. പാപത്തിൽ വീഴുമ്പോൾ, ഒളിച്ചോടാതെ ക്രിസ്തുവിന്റെ അടുക്കലേക്ക് ഓടിയെത്തണം. പരാജയപ്പെടുമ്പോൾ, ദൈവം തന്നെ ഉപേക്ഷിച്ചിട്ടില്ലെന്ന ഉറപ്പുണ്ടായിരിക്കണം... വിശ്വാസത്തിന്റെ ഈ മെന്റൽ സെറ്റ് കുഞ്ഞുങ്ങളിൽ ഉണ്ടാക്കുവാൻ കഴിഞ്ഞാൽ ഡിയർ പേരെന്റ്സ് നിങ്ങളുടെ മിഷൻ വിജയിച്ചു!
ദൈവത്തെ അറിയുകയും സ്നേഹിക്കുകയും, പരാജയങ്ങളിൽ പോലും ക്രിസ്തുവിന്റെ കൃപയിലും പാപക്ഷമയിലും ആശ്രയിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ വിജയം.
കുട്ടികളുടെ ജീവിതവും ഭാവിയും പൂർണ്ണമായും നിയന്ത്രിക്കുവാൻ മാതാപിതാക്കൾക്ക് കഴിയില്ല. പക്ഷേ അവർക്ക് കുട്ടിയുടെ മനസ്സിൽ വചനത്തിന്റെ വിത്ത് വിതയ്ക്കാം, മാതൃക കാണിക്കാം, അതിരുകൾ സ്ഥാപിക്കാം, അവരെ ക്ഷമയോടെ കേൾക്കാം, തിരുത്താം, ക്ഷമിക്കാം, പ്രാർത്ഥിക്കാം, വീണ്ടും വീണ്ടും സ്നേഹിക്കാം. ബാക്കിയൊക്കെ ദൈവത്തിന്റെ കൃപയിൽ സമർപ്പിക്കാം.
കുട്ടി നമ്മുടെ സ്വത്തല്ല, ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ ജീവിതം നമ്മുടെ പദ്ധതിയും കണക്കുകൂട്ടലും അനുസരിച്ചല്ല. ദൈവത്തിന്റെ മഹത്തായ പദ്ധതിയുടെ ഭാഗമാണ്. പൂർണ്ണരായ മാതാപിതാക്കളാകാൻ ശ്രമിക്കുന്നതിനേക്കാൾ വിശ്വസ്തരായ മാതാപിതാക്കളാകാൻ ശ്രമിക്കാം.
ക്രിസ്തുവിലേക്കുള്ള വഴി അവർക്ക് കാണിച്ചു കൊടുത്താൽ ദൈവ നിയോഗത്തിൽ നമ്മൾ വിശ്വസ്തരായി.
മക്കളുടെ ഹൃദയത്തിൽ ദൈവവചനം ആകുന്ന വിത്ത് വിതയ്ക്കാം. സ്നേഹത്തോടെ നേരിന്റെ വഴി ചൂണ്ടി കാണിക്കാം. ദീർഘ ക്ഷമയോടെ തിരുത്താം.
വിശ്വാസത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കാം.
പ്രത്യാശയോടെ ഫലം വിരിയുന്നത് കാണുവാൻ കാത്തിരിക്കാം.
മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലെ സമർപ്പണം എങ്ങിനെ ആയിരിക്കണം?
കർത്താവേ, എന്റെ മക്കളെ നിനക്കായി വളർത്തുവാൻ എന്നെ പഠിപ്പിക്കണമേ.
അവരുടെ ജീവിതത്തെ നിയന്ത്രിക്കാൻ അല്ല, നിന്റെ വഴിയിലേക്ക് അവരെ നയിക്കാൻ എന്നെ സഹായിക്കണമേ.
എന്റെ വാക്കുകളേക്കാൾ എന്റെ ജീവിതം അവർക്ക് സാക്ഷ്യമാകേണമെ.
എന്റെ ശിക്ഷണത്തേക്കാൾ എന്റെ സ്നേഹം അവരോട് സംസാരിക്കട്ടെ.
എന്റെ അപൂർണ്ണതകളിലൂടെ പോലും നിന്റെ കൃപ അവർ കാണുവാൻ ഇടയാകേണമേ. ആമേൻ.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )