“എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം✭ ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു." (റോമർ 7:23).
പൗലോസ് വിവരിക്കുന്ന ഈ ആന്തരിക സംഘട്ടനം വിശ്വാസിയുടെ ജീവിതത്തിലെ നിരന്തര യാഥാർഥ്യമാണ്. ദൈവത്തെ പ്രസാദിപ്പിക്കണമെന്ന ആത്മീയ ആഗ്രഹം ഒരു വശത്തും, സന്തോഷവും സംതൃപ്തിയും തേടുന്ന ജഡാഭിലാഷങ്ങൾ മറുവശത്തും നിലകൊള്ളുന്നു. അതുകൊണ്ട് ആത്മീയ വളർച്ച എന്നത് ജഡത്തെ അടിച്ചമർത്തലല്ല; മനസ്സിനെ ക്രമേണ ആത്മാവിന്റെ ദിശയോട് സഹകരിക്കാൻ പരിശീലിപ്പിക്കലാണ്.
നമ്മുടെ ചിന്തകളും വികാരങ്ങളും ആവർത്തിച്ചുള്ള തിരഞ്ഞെടുപ്പുകളും ക്രമേണ ശീലങ്ങളായി മാറുന്നു എന്നാണ് മനഃശാസ്ത്ര നിഗമനം. അതിനാൽ ഒരു തെറ്റായ ആഗ്രഹത്തെ ഉടൻതന്നെ പ്രവർത്തിയായി മാറ്റുന്നത് അനുചിതമല്ല. ചില കാര്യങ്ങളിൽ ചിന്തയും പ്രവൃത്തിയും തമ്മിൽ ഒരു ഇടവേള സൃഷ്ടിക്കുന്നത് ശീലമാക്കണം. “എനിക്ക് ഇപ്പോൾ തോന്നുന്നത് എന്താണ്? ഇത് എന്റെ ദൈവ ബന്ധത്തിന് തടസ്സമാകുമോ?” എന്ന് സ്വയം ചോദിക്കുക. ആ ചെറിയ ഇടവേളയാണ് ആത്മനിയന്ത്രണത്തിന്റെ തുടക്കം.
നമ്മുടെ ചിന്തകൾ എപ്പോഴും സത്യവും അനുസരിക്കേണ്ട നിർദ്ദേശവും ആയിരിക്കണമെന്നില്ല. കോപം വന്നാൽ, ഞാൻ കോപത്തിലാണ് എന്നു തിരിച്ചറിയുക. എപ്പോഴും കോപത്തോടെ പ്രതികരിക്കണമെന്നില്ല.
തെറ്റായ ചിന്തകളെ തടയുന്നതിനുപകരം, വചനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ചിന്തകളിലേക്ക് ശ്രദ്ധതിരിപ്പിക്കുവാൻ കഴിയും. ആവർത്തിച്ച് ചിന്തിക്കുന്ന സത്യങ്ങൾ മനസ്സിന്റെ പ്രതികരണരീതിയെ മാറ്റുവാൻ സഹായിക്കും. ഈ വിസ്മയ സത്യമാണ് അപ്പോസ്തോലൻ പറയുന്നത് 'ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല' (ഗലാത്യർ 5:16). പരിശുദ്ധാത്മാവിന്റെ ചാലകശക്തിയാണ് തിരുവചനം.
ആത്മനിയന്ത്രണം വലിയ പ്രലോഭനങ്ങളിൽ മാത്രമല്ല ചെറിയകാര്യങ്ങളിലും പരിശീലിക്കേണ്ടതാണ്. വാക്കുകളിൽ, ഭക്ഷണത്തിൽ, മൊബൈൽ ഉപയോഗത്തിൽ, കോപ പ്രതികരണത്തിൽ, സമയനിയന്ത്രണത്തിൽ... അതെ ദിവസേനയുള്ള ചെറിയ തിരഞ്ഞെടുപ്പുകളിലൂടെയാണ് മനസ്സ് പരിശീലിക്കപ്പെടുന്നത്.
ആസക്തി ഉണ്ടാക്കുന്ന സാഹചര്യങ്ങളെയും വസ്തുക്കളെയും ക്രമേണ അകറ്റി നിർത്തുവാനുള്ള ഒരു 'മെന്റൽ സെറ്റ്' റീ സെറ്റ് ചെയ്യുന്നത് ജഡത്തിന്റെ മേൽ ആധിപത്യം നേടുവാൻ സഹായിക്കും. പ്രലോഭനത്തിലേക്കുള്ള സാഹചര്യങ്ങൾ കുറയ്ക്കുകയും നല്ല കൂട്ടായ്മയും സംശുദ്ധമായ കാഴ്ചപ്പാടും ക്രമബദ്ധമായ ജീവിതവും തിരഞ്ഞെടുക്കുന്നത്, 'പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ, ദുഷ്ടനിൽ നിന്ന് രക്ഷിച്ചു കൊള്ളേണമേ!' എന്ന കർത്തൃ പ്രാത്ഥനയുടെ പ്രായോഗിക സമീപനങ്ങളാണ്.
പ്രാർത്ഥനയിലൂടെ മനസ്സിനെ പുനഃക്രമീകരിക്കുവാൻ കഴിയും. “കർത്താവേ, എന്റെ ആഗ്രഹങ്ങളെ നിന്റെ ഹിതത്തോട് ചേർക്കണമേ; എന്റെ മനസ്സിനെ നിന്റെ ആത്മാവിന്റെ ശബ്ദം കേൾക്കാൻ പരിശീലിപ്പിക്കണമേ” എന്ന പ്രാർത്ഥന ജഡീക പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള ക്രിസ്തുവിലുള്ള ആശ്രയമാണ്. എല്ലാ തെറ്റായ ആഗ്രഹങ്ങളും ഒരുദിവസംകൊണ്ട് ഇല്ലാതാക്കുന്നതല്ല ക്രിസ്തീയ വിജയം. ആഗ്രഹം ഉയരുമ്പോഴും അതിനെ പിന്തുടരാതെ, മനസ്സിനെ പരിശീലിപ്പിച്ച് ആത്മാവിന്റെ ദിശ തിരഞ്ഞെടുക്കുന്നതാണ് വിജയം.
അതുകൊണ്ട്, നമ്മുടെ ലക്ഷ്യം ജഡത്തോട് നിരന്തരം യുദ്ധം ചെയ്യുക എന്നതിലുപരി, ക്രിസ്തുവിനോടുള്ള സ്നേഹം, ദൈവവചനം, പ്രാർത്ഥന, നല്ല ശീലങ്ങൾ എന്നിവയിലൂടെ മനസ്സിനെ ആത്മാവിന്റെ ദിശയിലേക്ക് പുനഃപരിശീലിപ്പിക്കുക എന്നതായിരിക്കണം. അപ്പോൾ ക്രമേണ “ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മ” എന്നത് ഒരു ആഗ്രഹം മാത്രമാകാതെ, ജീവിതത്തിന്റെ സ്വാഭാവികമായ തിരഞ്ഞെടുപ്പായിത്തീരും.
ദോഷ പൂർണ്ണമായ ജഡാഭിലാഷങ്ങൾ ഉണ്ടാകുന്നത് പാപമല്ല; അവയ്ക്ക് കീഴടങ്ങുന്നതാണ് പാപത്തിലേക്കുള്ള ചുവടുവയ്പ്പ്. കോപം, അസൂയ, അഹങ്കാരം, അശുദ്ധചിന്തകൾ, സ്വാർത്ഥത, ക്ഷമിക്കാത്ത മനസ്സ് എന്നിവ നമ്മിൽ ഉയർന്നുവരുമ്പോൾ അവയെ ന്യായീകരിക്കാതെ തിരിച്ചറിയണം. “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ” (സങ്കീർത്തനം 139:23) എന്ന പ്രാർത്ഥനയോടെ ആത്മപരിശോധന നടത്തണം. സ്വന്തം ദൗർബല്യങ്ങളെ സത്യസന്ധമായി അംഗീകരിക്കുന്നിടത്താണ് ആത്മീയ മാറ്റം ആരംഭിക്കുന്നത്.
പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനു കീഴടങ്ങുക
“ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല” (ഗലാത്യർ 5:16). ദോഷകരമായ ജഡീക പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള വിൽപവ്വർ പരിശുദ്ധാത്മാവിൽ നിന്നാണ് ലഭിക്കുന്നത്. ദിവസവും പ്രാർത്ഥനയിലും വചന ധ്യാനത്തിലും ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നതും പ്രലോഭന സാഹചര്യങ്ങളിൽ, സ്വന്തം ശക്തിയിൽ പോരാടുന്നതിനുപകരം, “കർത്താവേ, ഈ പ്രലോഭനത്തിന് കീഴടങ്ങാതിരിക്കുവാൻ ശക്തി തരണമേ” എന്ന് പ്രാർത്ഥിക്കുന്നതുമൊക്കെ ആത്മാവിന്റെ നടത്തിപ്പിന് കീഴടങ്ങലാണ്.
ജാഗ്രത പാലിക്കുക
ആസക്തികൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളിൽനിന്ന് അകന്നുനിൽക്കുക, ദോഷകരമായ സൗഹൃദങ്ങൾ, നിയന്ത്രണമില്ലാത്ത സാമൂഹികമാധ്യമ ഉപയോഗം, അനാവശ്യമായ ഏകാന്ത സാഹചര്യങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് അതിരുകൾ നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്.
അതോടൊപ്പം, നല്ല കൂട്ടായ്മ, സേവനം, വിശുദ്ധ ചിന്തകൾ, ക്രമബദ്ധമായ ജീവിതം എന്നിവ തിരഞ്ഞെടുക്കുന്നത് ജഡ മോഹങ്ങൾക്ക് എതിരെയുള്ള സമുന്നതമായ മുൻകരുതലുകളാണ്.
വീഴ്ചയ്ക്കുശേഷം വീണ്ടും എഴുന്നേൽക്കണം
റോമർ 7:24-25-ൽ പൗലോസ് തന്റെ ദൗർബല്യത്തെക്കുറിച്ച് വിലപിച്ച ശേഷം യേശുക്രിസ്തുവിലൂടെയുള്ള അതിജീവനത്തിന് ദൈവത്തിനു നന്ദി പറയുന്നുണ്ട്. വീഴ്ച സംഭവിക്കുമ്പോൾ കുറ്റബോധത്തിൽ തളർന്നുപോകാതെ മാനസാന്തരത്തോടെ ക്രിസ്തുവിലേക്കു മടങ്ങിവരുന്നതാണ് ആരോഗ്യകരമായ ആത്മിയ സമീപനം. ദിവസേനയുള്ള ചെറിയ അനുസരണങ്ങൾ ക്രമേണ ആത്മീയ ശക്തിയായി വളരും.
ഓർക്കുക: ജഡവുമായി പോരാട്ടം തുടർന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ആത്മിയ ജീവിതം. ആ പോരാട്ടങ്ങൾക്കിടയിലും പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ക്രിസ്തുവിനെ തിരഞ്ഞെടുക്കുന്നതാണ് വിജയകരമായ ക്രിസ്തിയ ജീവിതം.
'കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്' (റോമർ 13:14) എന്ന അപ്പോസ്തോലന്റെ ഉപദേശം ക്രൈസിസ് മാനേജ്മെന്റിനുള്ള ശക്തമായ സ്ട്രാറ്റജിയാണ്. നമ്മുടെ ദൗർബല്യങ്ങളെക്കാൾ ശക്തനായ കർത്താവിൽ ആശ്രയിക്കുമ്പോൾ, ജഡത്തിന്റെ ഫലങ്ങൾക്ക് പകരം ആത്മാവിന്റെ ഫലങ്ങൾ നമ്മുടെ സ്വഭാവത്തിൽ പ്രകടമാകും. സത്യം തിരിച്ചറിയുമ്പോൾ സത്യം നമ്മളെ സ്വതന്ത്രരാക്കും.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )