സർവ്വശക്തൻ കൂടെയുണ്ട്

 

  യുദ്ധങ്ങളും ഭീകര പ്രവർത്തനങ്ങളും മൂലം ഹൃദയവേദനയുടെയും കഠിന സഹനങ്ങളിലൂടെയും കടന്നുപോകുന്ന അനേകം നിരപരാധികളായ  മനുഷ്യർ ഇന്ന് ലോകത്തുണ്ട്. ഭവനം നഷ്ടപ്പെട്ടവർ,  മാതാപിതാക്കളും ജീവിതപങ്കാളിയും മക്കളും സഹോദരങ്ങളും നഷ്ടപ്പെട്ടവർ, തകർക്കപ്പെട്ട ആരാധനാലയങ്ങൾക്ക് മുമ്പിൽനിന്ന് കരയുന്നവർ, ശരീരത്തിലും ആത്മാവിലും മുറിവേറ്റവർ...   നേരിട്ട് അനുഭവിച്ചാൽ മാത്രം  മനസ്സിലാകുന്ന ക്രൂര യാഥാർത്ഥ്യങ്ങളാണ് ഇതൊക്കെ.

ഒരു ഇടയൻ എന്ന നിലയിൽ ഈ ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന പ്രിയ സഹോദരങ്ങളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. സ്നേഹമായ സത്യ ദൈവത്തിന്റെ ദിവ്യ പരിപാലനത്തെപ്പറ്റി  മാത്രമേ എനിക്ക് പറയുവാനുള്ളു. പ്രിയ സഹോദരങ്ങളെ,  നിങ്ങൾ തനിച്ചല്ല. കരുണയുള്ള സർവശക്തൻ, ഇമ്മാനുവേൽ നിങ്ങളോടൊപ്പമുണ്ട്.

കണ്ണുനീരിൽ കൈവിടാത്ത ദൈവം നിങ്ങളുടെ എല്ലാ സഹനങ്ങളും അറിയുന്നുണ്ട്.  മരുഭൂമിയിലെ നിസ്സഹായ യായ ഹാഗാറിനെയും ഈജിപ്തിൽ അടിച്ചമർത്തപ്പെട്ട ഇസ്രായേലിനെയും ആർദ്രതയോടെ കടാക്ഷിച്ച ദൈവം നിങ്ങളുടെ സഹന വേദനകളിൽ ഞങ്ങളോടൊപ്പം വേദനിക്കുന്നുണ്ട്.

നിങ്ങളുടെ കണ്ണുനീർ നഷ്ഫലമാവില്ല.  നിങ്ങളുടെ കരച്ചിൽ സ്വർഗ്ഗം കേൾക്കാതെ പോവില്ല. തീർച്ചയായും ദിവ്യ സാന്നിധ്യം ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ കർത്താവ് ഇപ്പോൾ നിങ്ങളോടൊപ്പമുണ്ട്.

ദുരന്ത പലായനത്തിന്റെ ഭയവും ഭീതിയും ആത്മ സംഘർഷവും ഒക്കെ എന്താണെന്ന് നമ്മുടെ കർത്താവിന് അറിയാം. മാതാപിതാക്കളായ മേരിയും ജോസഫും ശിശുവായ യേശുവിനെയും കൊണ്ട് പ്രാണരക്ഷാർത്ഥം മറ്റൊരു രാജ്യത്തിലേക്ക് ഓടിയവരാണ്. അതെ,  കർത്താവും ഒരിക്കൽ അഭയാർത്ഥി ആയിരുന്നു. പലായനത്തിന്റെ ഭയപ്പാടുകൾ അവനറിയാം. വീട് നഷ്ടപ്പെടുന്നതിന്റെ വേദന അവനറിയാം. വേട്ടയാടപ്പെടുന്നതിന്റെ ആത്മസംഘർഷം കർത്താവിന് അറിയാം. അതുകൊണ്ട്,  'കർത്താവേ,  ഞങ്ങൾക്ക് ഭയമാകുന്നു,  ആരും തുണയില്ല '  എന്നുപറഞ്ഞു നിങ്ങൾ കരയുമ്പോൾ,   പ്രിയ സഹോദരങ്ങളേ, കരുണാമയനായ കർത്താവ് നിങ്ങളുടെ ഉള്ളം ഉള്ളതുപോലെ അറിയുന്നുണ്ട്. നിങ്ങളോടൊപ്പം ഉണ്ട്.

ദേവാലയങ്ങൾ തകർക്കപ്പെടുമ്പോൾ നിങ്ങൾ വിഷമിക്കരുത്.  കെട്ടിടങ്ങൾ നശിപ്പിക്കുവാൻ ശത്രുക്കൾക്ക് കഴിഞ്ഞേക്കാം.  പക്ഷേ, പ്രിയ സഹോദരങ്ങളെ,  കെട്ടിടങ്ങൾ അല്ല, വിശ്വാസികളായ നിങ്ങളാണ് സഭ.  ആദ്യകാല ക്രിസ്ത്യാനികൾ വേട്ടയാടപ്പെട്ടപ്പോൾ അവർ ആരാധിച്ചിരുന്നത് ഗുഹകളിലും ഭവനങ്ങളിലും പൊതുസ്ഥലത്തും ആയിരുന്നു.  അന്ന് സുവിശേഷവും കൂട്ടായ്മയും വിസ്മയകരമായി ശക്തി പ്രാപിച്ചു.  അവർ ലോകത്തെ കീഴ്മേൽ മറച്ചു. നിങ്ങളുടെ ശത്രുവിന് മതിലുകളും ഭിത്തികളും തകർക്കുവാൻ കഴിഞ്ഞേക്കാം.  പക്ഷേ നിങ്ങളിൽ വസിക്കുന്ന ക്രിസ്തുവിന്റെ ആത്മാവിനെ നശിപ്പിക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല.
നമ്മുടെ കർത്താവിന്റെ വിസ്മയ വാക്കുകൾ എപ്പോഴും ഓർക്കണം:
'ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.'
മത്തായി 10 : 28

ഇടറി പോകാത്ത നിങ്ങളുടെ വിശ്വാസം,  പാപാന്ധകാര ലോകത്തിൽ ഉജ്ജ്വല പ്രകാശമായി തെളിഞ്ഞു കത്തുകയാണ്.  അത് ഒരിക്കലും കെടില്ല,  കെടുത്തുവാൻ നിഷേധ ശക്തികൾക്ക് കഴിയുകയുമില്ല .

അതിക്രമക്കാരെ ദൈവം ന്യായം വിധിക്കും. നീതിയുള്ള ന്യായാധിപനായ ദൈവം നീതി നടത്തിയിരിക്കും.

'... കര്‍ത്താവ്‌ നീതിയുടെ ദൈവമാണ്‌. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.'
ഏശയ്യാ 30 : 18

'പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റേതാണ്‌; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.'
റോമാ 12 : 19

എല്ലാ ദുഷ് പ്രവർത്തികൾക്കും ദൈവ മുമ്പാകെ സമാധാനം പറയേണ്ടിവരും. അധർമ്മം പ്രവർത്തിക്കുന്നവർ ഡിവൈൻ കോടതിയുടെ മുമ്പാകെ നിർത്തപ്പെടും. നീതിയുള്ള ന്യായാധിപനായ ദൈവം നീതി നടത്തിയിരിക്കും.

നാശനഷ്ടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ നിൽക്കുമ്പോൾ,  എങ്ങനെ തുടർന്ന് ജീവിക്കും എന്ന ചോദ്യം തീർച്ചയായും വലിയ വെല്ലുവിളിയാണ്. പ്രിയ സഹോദരങ്ങളെ, ശൂന്യത നിറഞ്ഞ, ദുരന്തപൂർണ്ണമായ ഭാവിയിലേക്ക് നോക്കി വിഷമിക്കരുത്. ഇന്നത്തെ ദിവസത്തെ പറ്റി മാത്രം ദയവായി ചിന്തിക്കണം. അതുതന്നെ നിങ്ങൾക്ക് താങ്ങുവാൻ കഴിയാത്ത ഭാരമാണ്. കർത്താവിന്റെ വാക്കുകൾ വളരെ വിനീതമായി നിങ്ങളെ ഓർമ്മപ്പെടുത്തട്ടെ:

'നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി.'
മത്തായി 6 : 34

  ഈ പ്രതിസന്ധിഘട്ടത്തെ ക്രിസ്തീയമായി നേരിടുന്നതിനെപ്പറ്റി വിനീതമായ ചില അഭിപ്രായങ്ങൾ പറയുകയാണ്. സഹനത്തിന്റെ തീച്ചുളയിൽ ആയിരിക്കുന്ന നിങ്ങളോട് ഇതൊന്നും പറയുവാനുള്ള യോഗ്യതയും അർഹതയും എനിക്കില്ല. എങ്കിലും ചില ആശ്വാസവാക്കുകൾ മാത്രം പറയുകയാണ് :

'കർത്താവേ അവിടുന്ന് മാത്രമാണ് എനിക്ക് ഇപ്പോൾ ആശ്രയം, എന്റെ അടുത്ത് തന്നെ ഉണ്ടായിരിക്കേണമേ' എന്നതുപോലുള്ള ലഘുവായ പ്രാർത്ഥനകൾ നിരന്തരം ചൊല്ലുന്നത് മനസ്സിന് സാന്ത്വനം പകരും.

പ്രത്യാശയുടെ സ്തോത്രം ഗീതം ഹൃദയത്തിൽ  പാടുമ്പോൾ, ദുരന്ത ചിന്തകളുടെ ട്രാക്കിൽ നിന്നും മനസ്സിനെ അല്പനേരത്തേക്ക് പിന്തിരിപ്പിക്കുവാൻ കഴിയും.

ദുരന്തങ്ങളിലായിരിക്കുന്നവർക്ക് ഭക്ഷണവും സാന്ത്വനവും പ്രത്യാശയും പങ്കുവെക്കുന്നതും ഒരുമനപ്പെട്ട് പ്രാർത്ഥിക്കുന്നതും  തീർച്ചയായും അസ്വസ്ഥ മനസ്സിനെ കർത്താവിന്റെ സ്നേഹത്തിൽ ഉറപ്പിച്ചു നിർത്താൻ സഹായിക്കും.

ഒരിക്കലും വെറുപ്പും പ്രതികാരവും നിങ്ങളുടെ ഹൃദയത്തെ നിയന്ത്രിക്കാൻ ദയവായി അനുവദിക്കരുത്. അത് ഹൃദയ മുറിവുകളെ വീണ്ടും മുറിപ്പെടുത്തും.

നിങ്ങളുടെ വിശ്വാസം കേവലം നിശബ്ദമായ നെടുവീർപ്പ് മാത്രമാണെന്ന് പലപ്പോഴും നിങ്ങൾക്ക് തോന്നിയേക്കാം. പ്രിയ സഹോദരങ്ങളെ, അത് നിസ്സാരമല്ല, ദൈവ മുൻപാകേ വളരെ വിലപ്പെട്ടതാണ്.

പ്രിയ സഹോദരങ്ങളെ,  നിങ്ങൾ ഉപേക്ഷിക്കപ്പെട്ടവരെല്ല, തോൽപ്പിക്കപ്പെട്ടവരല്ല, ദൈവം മറന്നുകളഞ്ഞവരുമല്ല. കാൽവരിയിലെ പാപ പരിഹാര ബലി പരാജയമായിരുന്നു എന്നു മതനേതൃത്വം ചിന്തിച്ചു. എന്നാൽ അത് മനുഷ്യന്റെ  വീണ്ടെടുപ്പിന്റെയും രക്ഷയുടെയും പുണ്യമായി തീർന്നു.
അതിക്രൂരമായ സഹനങ്ങളിലൂടെ കടന്നുപോകുന്ന പ്രിയ സഹോദരരേ,   ഇന്നത്തെ നിങ്ങളുടെ കഷ്ടപ്പാടും വേദനയും  അപമാനങ്ങളും നഷ്ടങ്ങളും ഒക്കെ ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വളർച്ചയ്ക്കും ദൈവരാജ്യ മഹത്വത്തിനുമുള്ള സമർപ്പണമായി തീരും.

ഇപ്പോഴത്തെ നഷ്ടങ്ങളും കഷ്ടങ്ങളും നിത്യതയിലെ മഹത്വമായി തീരുമെന്ന നമ്മുടെ കർത്താവിന്റെ സാന്ത്വന വാക്കുകളിൽ ഹൃദയം ഉറപ്പിക്കണം.

'നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;
നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌.'
മത്തായി 5 : 10-12

ഞങ്ങളുടെ പ്രത്യാശയും വീണ്ടെടുപ്പുകാരനുമായ യേശു കർത്താവേ,  യുദ്ധക്കെടുതിയിലും ഭീകരാക്രമണത്തിലുമായിരിക്കുന്ന ലോകമെമ്പാടുമുള്ള ഞങ്ങളുടെ സഹോദരങ്ങളുടെ ഭയവും  വേദനയും വേർപാടിന്റെ ദുഃഖവും പട്ടിണിയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു.  അവർ ഏത് മതവിഭാഗത്തിൽ പെട്ടവരായിരുന്നാലും അവരെല്ലാം നിന്റെ സ്വന്തം മക്കളാണല്ലോ. അവർക്കെല്ലാം ഒരേ വേദനകളും നഷ്ടബോധവും ആണ്. തകർന്ന ഹൃദയങ്ങളോട് ചേർന്ന് നിൽക്കേണമേ.  മുറുവേറ്റ ആത്മാക്കളെ ബലപ്പെടുത്തേണമേ. നിന്റെ സ്വർഗീയ സമാധാനം അവരുടെ തളർന്ന മനസ്സിനെ ബലപ്പെടുത്തേണമേ. 

കുഞ്ഞുങ്ങളെ സുരക്ഷിതകരങ്ങളിൽ കാത്തുകൊള്ളേണമേ. അമ്മമാരെ ആശ്വസിപ്പിക്കേണമേ. വൃദ്ധരെയും മനോ-ശാരീരിക വൈകല്യമുള്ളവരെയും ശാശ്വത ഭുജങ്ങളിൽ വഹിക്കേ ണമെ. അന്ധകാര ശത്രുക്കൾ പരത്തുന്ന ഇരുട്ടിൽ കെട്ടുപോകാത്ത പ്രത്യാശ ദീപങ്ങളായി സവിശേഷകരെയും ഇടയന്മാരെയും ബലപ്പെടുത്തി നിർത്തേണമേ.

ഈ സഹനങ്ങൾക്ക് അവിടുന്ന് അറുതി വരുത്തുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.  അതുവരെ ഇടറി പോകാതെ,  ആദ്യസ്നേഹം തണുത്ത് പോകാതെ   അവരെ ഉറപ്പിച്ച് നിർത്തണമെ.  ഒരിക്കലും അസ്തമിക്കാത്ത അങ്ങയുടെ സ്നേഹവും പരിശുദ്ധാൽമാവിന്റെ അമിത ബലവും അവരിൽ സദാ പരിവർത്തിക്കേണമേ.
ക്രിസ്തുവാകുന്ന പാറയിൽ മരണംവരെ ഞങ്ങളെയും അവരെയും ഉറപ്പിച്ച് നിര്‍ത്തേണമെ.