ദൈവത്തെ സേവിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അവരുടെ ഹൃദയത്തിൻ്റെയും പ്രവൃത്തിയുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത് എന്നാണ് മലാഖി പ്രവചനത്തിലെ സന്ദേശം.
'ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും. അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും കാണും.' മലാഖി 3:17-18
ലോകദൃഷ്ടിയിൽ വളരെ നല്ലവരായി ജീവിക്കുകയും, മറ്റുള്ളവരെ സഹായിക്കുകയും, ആരെയും ഉപദ്രവിക്കാതിരിക്കുകയും ചെയ്യുന്ന അനേകരുണ്ട്. എന്നാൽ, കേവലം മനുഷ്യസഹജമായ ധാർമ്മികതയും നീതിബോധവും മാത്രം ഒരാളെ ദൈവസന്നിധിയിൽ സ്വീകാര്യനാക്കുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. സ്രഷ്ടാവായ ദൈവത്തെ സ്നേഹിക്കുകയും ആദരിക്കുകയും നന്ദി പറയുകയും ചെയ്യാത്ത
സൽപ്രവൃത്തികൾ വേരറ്റ പൂവ് പോലെയാണ്. കുറച്ചുനേരത്തേക്ക് ഭംഗിയുണ്ടാകുമെങ്കിലും അതിൽ നിത്യജീവൻ്റെ ചൈതന്യത്തിന്റെ അഭാവം ഉണ്ടായിരിക്കും.
'ദൈവത്തെ പ്രസാദിപ്പിക്കുക' എന്നത് കേവലം നന്മകളുടെ ഒരു പട്ടിക പൂർത്തിയാക്കുന്നതല്ല, മറിച്ച് അവിടുത്തോടുള്ള ആഴമായ ബന്ധത്തിൽ നിന്ന് ഉളവാകുന്ന സമുന്നത ജീവിതശൈലിയാണ്. പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കുകയും, സഹോദരങ്ങളെ തന്നെപ്പോലെ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് യഥാർത്ഥത്തിൽ ദൈവഹിതം അനുഷ്ഠിക്കൽ. മനുഷ്യർ പലപ്പോഴും പുറമെയുള്ള പ്രവൃത്തികളെ നോക്കി വിലയിരുത്തുമ്പോൾ, ദൈവം നോക്കുന്നത് ഹൃദയത്തിൻ്റെ ആഴങ്ങളിലേക്കാണ്. സ്വന്തം മഹത്വത്തിനോ സ്വാർത്ഥ താല്പര്യങ്ങൾക്കോ വേണ്ടി ചെയ്യുന്ന നന്മകൾക്കും, ദൈവസ്നേഹത്താൽ പ്രേരിതമായി ചെയ്യുന്ന പ്രവൃത്തികൾക്കും തമ്മിൽ വലിയ അന്തരമുണ്ട്. സ്വന്തം ശക്തിയിലും നന്മയിലും ആശ്രയിക്കുന്നവർ സ്വയം സ്നേഹിക്കുന്നവർ ആയിരിക്കും. എന്നാൽ ദൈവഹിതത്തിന് കീഴ്പ്പെടുന്നവർ ദൈവ സ്നേഹത്തോടുള്ള പ്രതിബദ്ധത മൂലം സൽകർമ്മങ്ങൾ ചെയ്യുന്നവർ ആയിരിക്കും. അവർ മനുഷ്യരിൽ നിന്ന് മാനവും മഹത്വവും പ്രശംസയും സാമ്പത്തിക പ്രതിഫലവും ഒരിക്കലും ആഗ്രഹിക്കില്ല.
'ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു...'
( 2 കൊരി. 5:14) എന്നാണ് ദൈവ ശുശ്രൂഷയെ പറ്റിയുള്ള പൗലോസ് അപ്പോസ്തലന്റെ സാക്ഷ്യം.
നമ്മുടെ അനുദിന ജീവിതത്തിൽ നാമെടുക്കുന്ന കൊച്ചുകൊച്ചു തീരുമാനങ്ങളിലും, പ്രതിസന്ധികളോടുള്ള നമ്മുടെ പ്രതികരണങ്ങളിലും ഈ ദൈവസ്നേഹം പ്രതിഫലിക്കേണ്ടതുണ്ട്. ഒരു വ്യക്തി പ്രശസ്തനും പരോപകാരിയും ആയിരുന്നാലും, തൻ്റെ ജീവിതത്തിൻ്റെ കടിഞ്ഞാൺ ദൈവത്തെ ഏൽപ്പിക്കുന്നില്ലെങ്കിൽ ആ ജീവിതം അവിടുത്തെ മുമ്പിൽ അപൂർണ്ണമാണ്. നമ്മെത്തന്നെ പൂർണ്ണമായി ദൈവകരങ്ങളിൽ സമർപ്പിക്കുമ്പോൾ, നമ്മുടെ സ്വഭാവം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കും. പിന്നീട് നാം നന്മ ചെയ്യുന്നത് സമൂഹത്തിൽ പേരെടുക്കാനോ നമ്മുടെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനോ ആയിരിക്കില്ല, മറിച്ച് ക്രിസ്തുവിൻ്റെ സ്നേഹം നമ്മിലൂടെ മറ്റുള്ളവരിലേക്ക് ഒഴുകുന്നതുകൊണ്ടായിരിക്കും. ഇതാണ് മലാഖി പ്രവാചകൻ ചൂണ്ടിക്കാണിച്ച നീതിമാൻ്റെ ലക്ഷണം.
ദൈവത്തെ സേവിക്കുകയെന്നത് ഞായറാഴ്ചകളിലെ ആരാധനയിലോ ചില കർമ്മനുഷ്ഠാനങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് നമ്മുടെ തൊഴിലിടങ്ങളിലും, കുടുംബ ബന്ധങ്ങളിലും, സമൂഹത്തിലുമുള്ള നമ്മുടെ ഇടപെടലുകളിലൂടെ വെളിപ്പെടുന്ന നിരന്തരമായ പ്രക്രിയയാണ്. അഹംഭാവത്തെ ഇല്ലാതാക്കി, ദൈവഹിതത്തിന് പൂർണ്ണമായി കീഴ്പ്പെടുമ്പോൾ മാത്രമേ നാം യഥാർത്ഥത്തിൽ അവിടുത്തെ പ്രസാദിപ്പിക്കുന്നവരായി മാറുകയുള്ളൂ. ലോകത്തിൻ്റെ കൈയടികൾക്കുവേണ്ടി ജീവിക്കാതെ, ഉപാധികളില്ലാതെ നമ്മെ സ്നേഹിക്കുന്ന ദൈവത്തെ സന്തോഷിപ്പിക്കുന്ന, ജീവനുള്ള യാഗമായി നമ്മുടെ ജീവിതങ്ങളെ മാറ്റാം. അപ്പോൾ നാം കേവലം 'നല്ല മനുഷ്യർ' എന്നതിലുപരി, യഥാർത്ഥത്തിൽ ദൈവത്തെ സേവിക്കുന്ന ദൈവപ്രസാദമുള്ളവരായി തീരും.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )