ബ്രെയിൻ എപ്പോഴും നമ്മളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ജീവിതത്തിൽ പെട്ടെന്ന് വലിയ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ വല്ലാതെ പരിഭ്രമിക്കും. കാട്ടിൽ മൃഗങ്ങളെ കാണുമ്പോൾ ഓടി രക്ഷപ്പെടാൻ ഈ പരിഭ്രമം നല്ലതാണെങ്കിലും, സാധാരണ ജീവിതത്തിലെ പ്രശ്നങ്ങളിൽ (ഉദാഹരണത്തിന്: ജോലി പോവുക, കുടുംബപ്രശ്നങ്ങൾ) ഇത് ഗുണം ചെയ്യില്ല. ആ സമയത്ത് ശരിയായി ചിന്തിക്കാനുള്ള നമ്മുടെ കഴിവ് കുറയും.
മനസ്സമാധാനം നിലനിർത്തുക എന്നാൽ ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കുക എന്നല്ല അർത്ഥമാക്കുന്നത്; മറിച്ച് പ്രശ്നങ്ങൾ വരുമ്പോൾ എത്രയും വേഗം സാധാരണ നിലയിലേക്ക് തിരികെ വരിക എന്നതാണ്. അതിനായി ഗവേഷകർ നിർദ്ദേശിക്കുന്ന ചില ലളിതമായ വഴികൾ പരിശീലിക്കാവുന്നതാണ്:
1. ആദ്യം ശരീരത്തിന്റെ പ്രവർത്തനങ്ങളെ ശാന്തമാക്കുക.
നല്ല ടെൻഷൻ ഉള്ളപ്പോൾ വെറുതെ ചിന്തിച്ചാൽ മാത്രം സമാധാനം കിട്ടില്ല. അതിന് ആദ്യം ശരീരത്തെ ശാന്തമാക്കണം.
* ദീർഘനിശ്വാസം എടുക്കുക: മൂക്കിലൂടെ തുടർച്ചയായി രണ്ട് തവണ വേഗത്തിൽ ശ്വാസമെടുക്കുക, എന്നിട്ട് വായിലൂടെ പതുക്കെ പുറത്തേക്ക് വിടുക. ഇത് ഹൃദയമിടിപ്പ് കുറയ്ക്കാനും പിരിമുറുക്കം ലഘുകരിക്കുവാനും സഹായിക്കും.
* ചുറ്റുപാടിലേക്ക് ശ്രദ്ധ തിരിക്കുക. അനാവശ്യ ചിന്തകളിൽ നിന്ന് മനസ്സിനെ പിന്തിരിപ്പിക്കാൻ ഇത് സഹായിക്കും.
2. ചിന്തകളെ നിയന്ത്രിക്കുക
നമുക്കുണ്ടാകുന്ന സങ്കടങ്ങൾ പലതും പ്രശ്നങ്ങൾ കൊണ്ടു മാത്രമല്ല, അതിനെക്കുറിച്ച് നമ്മൾ അമിതമായി ചിന്തിക്കുന്നത് കൊണ്ടാണ്.
* യാഥാർത്ഥ്യം അംഗീകരിക്കുക: പ്രശ്നങ്ങളെ അതുപോലെ അംഗീകരിക്കുക. മാറ്റാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടാതെ, 'ഇനി എന്ത് ചെയ്യാൻ കഴിയും' എന്ന് മാത്രം ചിന്തിക്കുക.
* ചിന്തകളെ പുനർ വിന്ന്യസിക്കുക : "ഞാൻ പരാജയപ്പെടും" അല്ലെങ്കിൽ "എല്ലാം തീർന്നു" എന്ന് ചിന്തിക്കുന്നതിന് പകരം, "മനസ്സിൽ ഇപ്പോൾ പരാജയ ചിന്തകൾ വരുന്നുണ്ട്" എന്ന് തിരിച്ചറിയുക. ഈ ചെറിയ മാറ്റം ഭയം കുറയ്ക്കാൻ സഹായിക്കും.
3. ചെറിയ ശീലങ്ങൾ തുടരുക
വിഷമമുള്ളപ്പോൾ വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്ക് മടിയായിരിക്കും. അതിനാൽ ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ഏർപ്പെടുകയും ചെയ്യുക.
* പ്രവർത്തിക്കുക: "സന്തോഷം വന്നിട്ട് കാര്യങ്ങൾ ചെയ്യാം" എന്ന് കരുതരുത്. കാര്യങ്ങൾ ചെയ്തു തുടങ്ങുമ്പോൾ താനേ ഉന്മേഷം വരും. അതിനാൽ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു തുടങ്ങുക.
* ദിനചര്യകൾ തെറ്റിക്കാതിരിക്കുക: കൃത്യസമയത്ത് ഉറങ്ങുക, രാവിലെ ഇളം വെയിൽ കൊള്ളുക, ചെറിയ രീതിയിൽ വ്യായാമം ചെയ്യുക. ഇത് ശരീരത്തെയും മനസ്സിനെയും ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും.
4. മറ്റുള്ളവരുമായി ഇടപഴകുക
വിഷമമുള്ളപ്പോൾ ഒറ്റയ്ക്ക് ഇരിക്കാനായിരിക്കും മിക്കവർക്കും തോന്നുക. എന്നാൽ വിശ്വസ്തരായ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കുന്നത് വലിയ ആശ്വാസം നൽകും. ഇത് നമ്മുടെ ആകാംഷ കുറയ്ക്കാനും സുരക്ഷിതത്വം തോന്നാനും സഹായിക്കും.
5. ആത്മീയതയും വിശ്വാസവും
പ്രതിസന്ധി ഘട്ടങ്ങളിൽ മനസ്സിൽ പ്രതീക്ഷ നിലനിർത്താൻ ആത്മീയതയ്ക്കും വിശ്വാസത്തിനും വലിയ പങ്കുണ്ട്. പ്രാർത്ഥന, ധ്യാനം, കൂട്ടായ്മ, പ്രകൃതിയുമായുള്ള ബന്ധം, ജീവിതത്തിന് ഒരു വലിയ ലക്ഷ്യമുണ്ടെന്ന വിശ്വാസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കാര്യങ്ങളെ വിശാലമായ ഒരു കാഴ്ചപ്പാടിലൂടെ കാണാനും, "നടക്കുന്നതെല്ലാം നല്ലതിനാണ്" എന്നൊരു തോന്നൽ ഉണ്ടാക്കാനും ഇത് നമ്മെ സഹായിക്കുന്നു. ഇത്തരം ആത്മീയ ചിന്തകൾ ടെൻഷൻ കുറയ്ക്കുകയും, വലിയ പ്രതിസന്ധികളെ നേരിടാനുള്ള ഒരു പ്രത്യേക പോസിറ്റിവിറ്റിയും സമാധാനവും പ്രദാനം ചെയ്യുന്നു.
കയറിലൂടെ നടക്കുന്ന ഒരാൾ വീഴാതിരിക്കാൻ എപ്പോഴും ശരീര ചലനങ്ങളിലൂടെ ബാലൻസ് നിലനിർത്തുന്നതുപോലെ, മനസ്സമാധാനം നിലനിർത്താനും നമ്മൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം. ശരീരവും ചിന്തകളും ശീലങ്ങളും നിയന്ത്രിക്കുന്നതിലൂടെ നമുക്ക് പ്രതിസന്ധികളെ എളുപ്പത്തിൽ മറികടക്കുവാൻ സാധിക്കും.
☆
-ഫാ. ഡോ. ഏ. പി. ജോർജ്
(കടപ്പാട് )